റാമല്ല∙ പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന മറ്റു പ്രമുഖ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ വിസമ്മതിച്ചു. വെള്ളിയാഴ്ച ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇരുന്നൂറ്റിയമ്പതോളം തടവുകാരുടെ പട്ടിക അന്തിമമാണോ എന്നതിലും വ്യക്തത വന്നിട്ടില്ലെന്നു വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.
- Also Read കൈമാറ്റം കാത്ത്..: പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഗാസ, ഇസ്രയേൽ; നാളെ ഈജിപ്തിൽ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കും
ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നു സംഘം നിർബന്ധിക്കുന്നുണ്ടെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോടു പറഞ്ഞു. ബർഗൂത്തിയെ ഒരു ഭീകര നേതാവായാണ് ഇസ്രയേൽ കണക്കാക്കുന്നത്. 2004ൽ ഇസ്രയേലിൽ അഞ്ച് പേരുടെ മരണത്തിനു കാരണമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു ശിക്ഷിക്കപ്പെട്ട ബർഗൂത്തി നിലവിൽ ഒന്നിലധികം ജീവപര്യന്തം തടവുശിക്ഷകൾ അനുഭവിക്കുകയാണ്.
- Also Read ചരടിൽ കോർത്ത് മാലയായും അമൂല്യ വസ്തുവായി ചെപ്പിലടച്ചും സൂക്ഷിച്ച താക്കോലുകൾ: മടങ്ങിയെത്തുന്ന പലസ്തീൻകാരെ കാത്ത് വീണടിഞ്ഞ വീടുകൾ
എന്നാൽ മറ്റു ചില കാരണങ്ങൾകൊണ്ടും ഇസ്രയേൽ ബർഗൂത്തിയെ ഭയപ്പെടുന്നുവെന്നാണു ചില വിദഗ്ധർ പറയുന്നത്. അധിനിവേശത്തിനെതിരെ സായുധ പ്രതിരോധത്തെ പിന്തുണച്ചപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്താവായിരുന്ന ബർഗൂത്തിയെ, പലസ്തീന്‍കാർ ശക്തനായ പ്രചോദകനായി കണ്ടേക്കാമെന്ന് ഇസ്രയേൽ ഭയക്കുന്നുണ്ട്. ചില പലസ്തീന്‍കാർ അദ്ദേഹത്തെ നെൽസൺ മണ്ടേലയായി കാണുന്നുമുണ്ട്.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ അനുസരിച്ച്, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. തിങ്കളാഴ്ചയോടെ ഹമാസ് ജീവിച്ചിരിക്കുന്ന ഇരുപതോളം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. ഇസ്രയേൽ ഇരുന്നൂറ്റിയമ്പതോളം പലസ്തീനികളെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസയിൽനിന്നു പിടികൂടി കുറ്റം ചുമത്താതെ തടങ്കലിൽ വച്ചിരുന്ന 1,700ൽ പരം ആളുകളെയും മോചിപ്പിക്കും. English Summary:
Marwan Barghouti: Israel fears the release of Marwan Barghouti. He is considered a potential leader who could unite Palestinians, which Israel fears. |