കോട്ടയം ∙ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ.വാസവന്റെ ഏറ്റുമാനൂരിലെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നടത്തിയ മാർച്ചിനു പിന്നാലെ, മാർച്ചിനിടെ സിപിഎം പതാക ബിജെപി പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ ബിജെപി–സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിനിടെ 16 വയസ്സുള്ള പെൺകുട്ടിക്കും മർദനമേറ്റു. പിന്നാലെ ബിജെപി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി. മന്ത്രി വി.എൻ.വാസവന്റെ ഏറ്റുമാനൂരിലെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച്. ചിത്രം: റിജോ ജോസഫ് / മനോരമ
ബിജെപി നേതാവ് ഷോൺ ജോർജ് സ്ഥലത്തെത്തുകയും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. മർദിച്ചവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ഉപരോധം. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവരാണ് മർദിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ഒരു മണിക്കൂറോളം റോഡ് ഉപരോധം നീണ്ടു. മർദിച്ചവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. കേസെടുത്ത് മർദിച്ചവരെ അറസ്റ്റു ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധം അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് സിപിഎം ആരോപിച്ചു. മന്ത്രി വി.എൻ.വാസവന്റെ ഏറ്റുമാനൂരിലെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച്. English Summary:
Sabarimala controversy sparks clashes in Kottayam. A BJP march to Minister VN Vasavan\“s residence turned violent, leading to police intervention and further protests from CPM workers. The situation escalated with allegations of assault and road blockades, demanding action under the POCSO Act.