മുരിങ്ങൂർ ∙ ഗതാഗതക്കുരുക്ക് മൂലം പൊറുതിമുട്ടിയ ദേശീയപാതയിൽ, മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കാൻ പൊലീസ് വാഹനം കുറുകെയിട്ടു ഗതാഗതം തടഞ്ഞത് ജനത്തിന് ഇരട്ടി ദുരിതമായി. രാത്രി 8 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു കാറിൽ തൃശൂരിലേക്കു യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിനു യാത്രാ സൗകര്യമൊരുക്കാൻ ദേശീയപാതയിൽ വാഹനങ്ങൾ 15 മിനിറ്റിലേറെ തടഞ്ഞിട്ടത്. മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കാനായി ദേശീയപാതയിൽ മുരിങ്ങൂരിൽ പൊലീസ് വാഹനം കുറുകെയിട്ടു വാഹനങ്ങൾ തടഞ്ഞിട്ടപ്പോൾ.
ചാലക്കുടിയിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുരിങ്ങൂർ മേൽപാലത്തിനു സമീപം കൊരട്ടി പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും നേതൃത്വത്തിൽ തടഞ്ഞു. അങ്കമാലിയിൽ നിന്ന് വരുന്ന മറ്റു വാഹനങ്ങൾ റോങ് സൈഡിലൂടെ കടത്തി വിട്ടാണ് മുഖ്യമന്ത്രിക്ക് സൗകര്യം ഒരുക്കിയത്. ഇതോടെ ഡിവൈൻ നഗർ മേൽപാതയും പിന്നിട്ടു വാഹനങ്ങളുടെ നിര ചാലക്കുടിപ്പാലം വരെ നീണ്ടു.
നേരത്തെ തന്നെ എറണാകുളത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇന്നു മുതൽ അവധി ദിനങ്ങളായതിനാൽ ദേശീയപാതയിൽ രാത്രി നീണ്ട വാഹനനിരയുണ്ടായിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അത്താണി, പൊങ്ങം മേഖലകളിൽ നിന്നു മുതലേ സമാന്തര റോഡുകളിലൂടെ തിരിച്ചു വിടുന്നുണ്ടായിരുന്നു. പോക്കറ്റ് റോഡുകളിൽ നിന്നു ദേശീയപാതയിലേക്കു വാഹനങ്ങൾ കടക്കുന്നതും ഈ സമയത്തു വിലക്കി. English Summary:
Kerala Traffic is severely disrupted as police block roads for CM Pinarayi Vijayan\“s convoy. This incident has exacerbated existing traffic congestion on the national highway, causing significant inconvenience to commuters during the holiday season. |
|