പാലോട് (തിരുവനന്തപുരം) ∙ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ എസ്എഫ്ഐ–കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പൊലീസുകാരന്റെ തലയ്ക്കു പരുക്ക്. വിദ്യാർഥികൾ എറിഞ്ഞ കമ്പ് വിതുര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വി.എസ്.വിജിത്തിന്റെ തലയിൽ തുളച്ചുകയറി. വിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ ഇരുവിഭാഗം പ്രവർത്തകർക്കും പരുക്കുണ്ട്. തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുഴുവൻ ജനറൽ സീറ്റും പിടിച്ചെടുത്തു വിജയം നേടിയിരുന്നു. തുടർന്ന് ആഹ്ലാദ പ്രകടനം നടത്താൻ ശ്രമിക്കവേ എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി എത്തി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇരുപക്ഷവും പരസ്പരം തോരണങ്ങൾ നശിപ്പിച്ചു.
ഇതോടെ സംഘർഷമുണ്ടായി. ഇതിനിടെയാണ് പൊലീസുകാരന് തലയിൽ പരുക്കേറ്റത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലോട്, വിതുര, വലിയമല സ്റ്റേഷനുകളിലെ പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് കമ്പ് വലിച്ചെറിഞ്ഞതെന്നും ഇതിനു തെളിവുണ്ടെന്നും കെഎസ്‌യു ഭാരവാഹികൾ പറഞ്ഞു. English Summary:
Kerala College Clash: A police officer was injured during a clash between SFI and KSU workers at Iqbal College in Peringammala following student union election results. The incident occurred after KSU\“s victory and subsequent attempts to celebrate, leading to confrontations and property damage. |