കോട്ടയ്ക്കൽ ∙ ജീവിതത്തിൽ ഉടനീളം കുടിച്ചത് കയ്പുനീർ മാത്രം. അനാഥത്വം, ദാരിദ്ര്യം, രോഗബാധ... ഒരോന്നോരോന്നായി വേട്ടയാടി. ഉറ്റവരെല്ലാം ഉപേക്ഷിച്ചുപോയിട്ടും മിനി രാജൻ എന്ന നാൽപത്തേഴുകാരി വിവിധ ജോലികൾ ചെയ്തു പിടിച്ചുനിന്നു. ഒടുവിൽ മാരകരോഗം ബാധിച്ചതോടെ ജീവിതം ശരിക്കും വഴിമുട്ടി.  
 
ഒറ്റപ്പെട്ട അവസ്ഥയിലായ മിനിക്കു മുന്നിൽ ദൈവദൂതരെപ്പോലെ ഏതാനും ‘അഷ്റഫ്’മാർ എത്തി. ഇവർ കഴിഞ്ഞദിവസം ഒരുക്കിക്കൊടുത്ത തട്ടുകടയാണ് ഇപ്പോൾ ഇവരുടെ ജീവനോപാധി. കോട്ടപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ പ്രയാസപ്പെട്ടു കഴിയുന്ന മിനിയുടെയും നഴ്സിങ് വിദ്യാർഥിയായ മകളുടെയും ദുരവസ്ഥയറിഞ്ഞാണ് ‘അഷ്റഫ് കൂട്ടായ്മ’ സഹായഹസ്തം നീട്ടിയത്. വീട്ടിൽ തയാറാക്കുന്ന പൊതിച്ചോർ പറപ്പൂർ റോഡ് ജംക്‌ഷനിലെ തട്ടുകടയിൽ എത്തിച്ചാണു വിൽപന.  
 
കണ്ണൂർ ഇരിട്ടിയിലെ അനാഥാലയത്തിലാണ് കൗമാരകാലം വരെ മിനി വളർന്നത്. വനിതാ ഡോക്ടർ ദത്തെടുത്തെങ്കിലും അവർ മറ്റൊരു സ്ഥലത്തേക്കു പോയതോടെ വീണ്ടും അനാഥയായി. മറ്റുള്ളവരുടെ സഹായത്താൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ്ങിനു ചേർന്നു. വിവാഹത്തോടെ പഠനം മുടങ്ങി.  
 
മലപ്പുറത്തുകാരനായ ഭർത്താവിനൊപ്പം കോഴിച്ചെനയിലും മറ്റുമായി പിന്നീടുള്ള താമസം. 22 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയി. 3 മക്കളെ പോറ്റാൻ ചെയ്യാത്ത ജോലികളൊന്നുമില്ല. കല്ലുചെത്ത്, റോഡ് ടാറിങ്, കെട്ടിടനിർമാണം, പെയ്ന്റിങ് അടക്കം. ഇതിനിടെ മൂത്ത 2 ആൺമക്കൾ അമ്മയെയും ഇളയ സഹോദരിയെയും വിട്ടുപോയി.  
 
പിടികൂടിയ രോഗത്തിനു ശസ്ത്രക്രിയ നടത്തിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഒരു ലക്ഷം രൂപയോളം അടയ്ക്കേണ്ടി വന്നു. കയ്യിലുള്ള സ്വർണാഭരണം വിറ്റു ബില്ലടച്ച് ടൗണിലെ ഓട്ടോഡ്രൈവറും സഹായിച്ചു. ഇപ്പോൾ ‘അഷ്റഫ് കൂട്ടായ്മ’യുടെ സഹായത്താൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മിനിക്ക് ഒരാഗ്രഹം മാത്രമേയുള്ളൂ, മകളുടെ പഠനം പൂർത്തീകരിക്കണം. English Summary:  
Mini Rajan\“s story highlights the incredible support provided by the \“Ashraff കൂട്ടായ്മ\“ in Kottakkal. Overcoming a life filled with hardship, illness, and abandonment, Mini is now able to sustain herself and her daughter through a small food stall. This initiative ensures that her daughter can complete her nursing studies. |   
                
                                                    
                                                                
        
 
    
                                     
 
 
 |