തൃക്കരിപ്പൂർ ∙ വലിയപറമ്പിന്റെ കടലോരങ്ങളിൽ ഓടിക്കൂടിയ ആരെയും കടലമ്മ നിരാശരാക്കിയില്ല. എല്ലാവർക്കും കൈനിറയെ കൊടുത്തു. കഴിഞ്ഞ 2 ദിവസമായി മത്തിച്ചാകരയുടെ ഉത്സവത്തിലാണ് വലിയപറമ്പ് പഞ്ചായത്തിന്റെ കടൽത്തീരങ്ങൾ. പൊള്ളുന്ന നട്ടുച്ചയിൽ കടലിൽ നിന്നു തുള്ളിമറിഞ്ഞു കടലോരത്ത് അടിഞ്ഞു കൂടിയ മത്തിക്കൂട്ടം അദ്ഭുതപ്പെടുത്തി. വലിയപറമ്പിന്റെ വടക്കൻ മേഖലയായ മാവിലാക്കടപ്പുറം, പന്ത്രണ്ടിൽ, വെളുത്ത പൊയ്യ തുടങ്ങിയ പ്രദേശങ്ങളിലെ കടലോരത്തും തെക്കൻ മേഖലയിലെ കടലോരത്തും മത്തിക്കൂട്ടം അടിഞ്ഞു കൂടി.
ചാകരയുടെ തിളപ്പിൽ ആൾക്കൂട്ടം കടലോരത്തേക്കു പാഞ്ഞുകയറി. കിട്ടാവുന്നതെല്ലാം വാരിയെടുത്തു. ചാകര വിശേഷമറിഞ്ഞു കായൽ കടന്നും ആളുകളെത്തി. അവർക്കും കൈനിറയെ കിട്ടി. എല്ലാവർക്കും സന്തോഷമായി. കഴിഞ്ഞമാസം കടൽക്ഷോഭത്തിൽ ആശങ്ക കൊണ്ട ഗ്രാമങ്ങളാണിത്. ഒരിയര വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തുൾപ്പെടെ കടലേറ്റം വലിയ നാശമുണ്ടാക്കിയിരുന്നു. English Summary:
Mathi Chakara brings abundance to Valiyaparamba coast. For the past two days, the coastal areas of Valiyaparamba Panchayat have been celebrating the festival of sardine harvest, providing relief and joy to the community after recent coastal erosion concerns. |