തിരുവനന്തപുരം ∙ പത്തു വർഷത്തിനിടയിലെ ആദ്യ സസ്പെൻഷൻ നടപടിയാണു നിയമസഭയിൽ 3 പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയുണ്ടായത്. പിണറായി സർക്കാരിന്റെ കാലത്തെ ആദ്യത്തേത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലായിരുന്നു ഒടുവിലത്തെ സസ്പെൻഷൻ.  
  
 -  Also Read  ശബരിമല: യോഗദണ്ഡ്, രുദ്രാക്ഷമാല പുറത്തുകൊണ്ടുപോയോ?; ദേവസ്വം രേഖകളിൽ അവ്യക്തത   
 
    
 
അന്നു സ്പീക്കറുടെ ഡയസിൽ കയറി അക്രമം കാണിക്കുകയും കംപ്യൂട്ടറും കസേരയുമുൾപ്പെടെ എറിഞ്ഞുതകർക്കുകയും ചെയ്തതിനായിരുന്നു നടപടിയെങ്കിൽ, ഇത്തവണ ഡയസിൽ കയറുന്നതിനു മുൻപേ സസ്പെൻഡ് ചെയ്തു. ചീഫ് മാർഷലിനെ ആക്രമിച്ചു പരുക്കേൽപിച്ചെന്ന പേരിലാണു നടപടിയെങ്കിലും വിഡിയോ ദൃശ്യങ്ങളിലെവിടെയും അതിനു തെളിവില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു.  
 
അപൂർവവും അസാധാരണവുമായ സംഭവങ്ങൾ സഭയിലുണ്ടാകുമ്പോഴാണു സസ്പെൻഷനിലേക്കു പോകാറുള്ളത്. അതും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം. 2015 മാർച്ചിൽ നിയമസഭയിലെ കയ്യാങ്കളിയുടെ പേരിൽ വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരെയാണ് അന്നത്തെ സ്പീക്കർ എൻ.ശക്തൻ സസ്പെൻഡ് ചെയ്തത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതുവരെയായിരുന്നു സസ്പെൻഷനെങ്കിലും ബജറ്റ് അവതരിപ്പിച്ച് അന്നുതന്നെ സമ്മേളനം പിരിഞ്ഞതിനാൽ സസ്പെൻഷനും അവസാനിച്ചു. ഇന്നലെയും സസ്പെൻഷൻ കാലാവധി ഒരു ദിവസത്തിലധികം നീണ്ടില്ല.  
 
അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതിനെത്തുടർന്നു 2023 ൽ സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായതു വലിയ സംഘർഷമായിരുന്നെങ്കിലും ഇതുവരെ നടപടി പ്രഖ്യാപിച്ചില്ല. വി.കെ.പ്രശാന്ത് നൽകിയ അവകാശലംഘന നോട്ടിസിൽ റോജി എം.ജോൺ, ടി.ജെ.സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കെതിരായ നടപടി ഇപ്പോഴും പ്രിവ്‌ലിജ് കമ്മിറ്റിയുടെ പരിഗണനയിലാണ്.  
 
ചീഫ് മാർഷൽ എവിടെ നിൽക്കണം? 
  
 സഭയുടെ ആകെ സംരക്ഷണച്ചുമതല ചീഫ് മാർഷലിനാണെങ്കിലും സഭ നടക്കുമ്പോൾ അദ്ദേഹം നിൽക്കേണ്ടതു ഡയസിൽ സ്പീക്കർക്കു സമീപമാണ്. ഇവിടെ പ്രതിപക്ഷം ഡയസിലേക്കു കയറിയില്ലെന്നിരിക്കെയാണ് ചീഫ് മാർഷലിനു പരുക്കേറ്റത്. ചീഫ് മാർഷൽ ഡയസിൽനിന്നു താഴേക്കിറങ്ങിയതു കൃത്യവിലോപമാണെന്നു മുൻ സ്പീക്കർ എൻ.ശക്തനും സഭയുടെയാകെ സംരക്ഷണച്ചുമതലയുള്ള ചീഫ് മാർഷലിന് അവശ്യഘട്ടത്തിൽ ഡയസിനു താഴെയിറങ്ങാനും അധികാരമുണ്ടെന്നു സ്പീക്കർ എ.എൻ.ഷംസീറും ‘മനോരമ’യോടു പ്രതികരിച്ചു. English Summary:  
Kerala Assembly Sees First MLA Suspension in a Decade Amidst Chief Marshal Controversy |