കോട്ടയം ∙ വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനു ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കാൻ വേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസും ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷാ സുരേഷ്, ബിജെപി ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. ഏറ്റുമാനൂർ നഗരസഭ 16–ാം വാർഡ് അങ്കണവാടി നിർമാണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. വഞ്ചിനാടിന് സ്റ്റോപ് അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ വഞ്ചിനാടിന്റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു.
രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രക്കാർ അനുഭവിക്കുന്നത്. ഏറ്റുമാനൂരും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാർ ഓഫിസ്, ആശുപത്രി ആവശ്യങ്ങൾക്കായി പുലർച്ചെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യത്തിന് ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് ഉഷാ സുരേഷ് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി.
എംജി സർവകലാശാല, മെഡിക്കൽ കോളജ്, ഐസിഎച്ച്, ഐടിഐ, ബ്രില്യന്റ് കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ–അർധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നിരവധി വ്യാവസായിക സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ക്ഷേത്രം, ചാവറ മ്യൂസിയം, അൽഫോൻസാ തീർഥാടന കേന്ദ്രം, അതിരമ്പുഴ പള്ളി എന്നിവ ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായി ശ്രീജിത്ത് കൃഷ്ണൻ കൂട്ടിച്ചേർത്തു.
പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക് കോട്ടയത്തുനിന്ന് കയറുന്നതിൽ ഭൂരിഭാഗം യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷൻ കടന്നാണ് പോകുന്നതെന്നും കോട്ടയത്ത് സ്ഥിര യാത്രക്കാർ ആശ്രയിക്കുന്ന പാർക്കിങ് അടക്കമുള്ള അസൗകര്യങ്ങൾക്ക് ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ് അനുവദിക്കുന്നതിലൂടെ പരിഹാരമാകുമെന്നും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് സമയനഷ്ടം കൂടാതെയും ഷെഡ്യൂളിൽ മാറ്റം വരുത്താതെയും സർവീസ് തുടരാനാകുമെന്നും സ്റ്റോപ്പിന് മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. English Summary:
Vanchinad Express Ettumanoor Stop is under consideration by the central government. The request for a stop at Ettumanoor station has been submitted, which would greatly benefit commuters traveling to Thiruvananthapuram, especially those heading to offices, hospitals, and educational institutions. |