LHC0088 • 2025-10-28 09:14:55 • views 260
പൊലീസ്, കോർപറേഷൻ, ഭക്ഷ്യവകുപ്പ് ആരും അനുമതി നൽകിയില്ല കട വീണ്ടും തട്ടിൽകയറി
തിരുവനന്തപുരം ∙ റോഡ് കയ്യേറിയും ഗതാഗത കുരുക്കുണ്ടാക്കിയും പ്രവർത്തിച്ച തട്ടുകടകൾ മാറ്റി ഒരാഴ്ച തികയും മുൻപ്, പൊലീസിനെ നോക്കുകുത്തിയാക്കി പഴയ സ്ഥാനത്ത് അതേ തട്ടുകടകൾ. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് വഴുതക്കാട്– കോട്ടൺഹിൽ റോഡിലാണ് വൻകിട ഹോട്ടലുകൾ ബെനാമി പേരിൽ തട്ടുകടകൾ പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുന്നത്. പൊളിച്ച തട്ടുകടകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കോർപറേഷനും മ്യൂസിയം പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും അറിയിച്ചു. പൊലീസ് പ്രവർത്തനാനുമതി നിഷേധിച്ച വഴുതക്കാട്– കോട്ടൺഹിൽ റോഡിൽ ഇന്നലെ രാത്രി തട്ടുകടകൾ സജീവമായപ്പോൾ. ചിത്രം : മനോരമ
റോഡിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് കോർപറേഷൻ ആരോഗ്യ വിഭാഗം തട്ടുകടകൾക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ തട്ടുകടക്കാർ ഗൗരവത്തിൽ എടുത്തില്ല. ജനമൈത്രി യോഗത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തട്ടുകടകൾ മ്യൂസിയം പൊലീസ് അടപ്പിച്ചത്. ഈ മാസം ഒന്നിന് നോട്ടിസ് നൽകി, അടുത്ത ദിവസം കടകൾ മാറ്റി.
എന്നാൽ ഒരാഴ്ച തികയും മുൻപ് റോഡും നടപ്പാതയും കയ്യേറി തട്ടുകടകൾ പഴയ സ്ഥാനത്ത് പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് പിന്നിലെന്നാണ് സൂചന. വൻകിട ഹോട്ടലുകളാണ് ബെനാമി പേരിൽ തട്ടുകടകൾ നടത്തുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനിടെ പാവപ്പെട്ടവരുടെ കടകളും പ്രവർത്തനം നിർത്തേണ്ടി വന്നു. ഈ പഴുത് മുതലാക്കിയാണ് ഹോട്ടൽ ലോബിയുടെ ഇടപെടലുണ്ടായതെന്നാണ് വിവരം. ‘മുകളിൽ’ നിന്ന് നിർദേശം വന്നാൽ മാത്രമേ ഇനി അനധികൃത തട്ടുകടകൾക്കെതിരെ നടപടിയെടുക്കാൻ കഴിയൂവെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
അതേസമയം, പരുത്തിപ്പാറ– കേശവദാസപുരം റോഡിൽ അനധികൃതമായി പ്രവർത്തിച്ച കടകൾ ബുധനാഴ്ച രാത്രി വരെ തുറന്നിട്ടില്ല. മറ്റിടങ്ങളിൽ ചില കടകൾ തുറന്നെങ്കിലും മിക്കവയും പൂട്ടിയിട്ടിരിക്കുകയാണ്.നഗര ഉപജീവന സ്കീം പ്രകാരം കോർപറേഷനിൽ നിന്ന് ലൈസൻസ് നേടിയാലേ തട്ടുകടകൾ പ്രവർത്തിക്കാൻ കഴിയൂ. ഇതുവരെ 3,353 അപേക്ഷകൾ ലഭിച്ചെങ്കിലും ഇരുന്നൂറോളം പേർക്ക് മാത്രമേ ലൈസൻസ് അനുവദിച്ചിട്ടുള്ളൂ. പ്രത്യേക വെൻഡിങ് സോൺ നിശ്ചയിക്കുന്നതടക്കം കോർപറേഷന്റെ നടപടികൾ വൈകുന്നതാണ് ലൈസൻസ് നിഷേധിക്കുന്നതിന് കാരണമെന്നാണ് ആരോപണം.
മേയറും കമ്മിഷണറും പലതും പറയും കാര്യം തീരുമാനിക്കുന്നത് കയ്യൂക്കുള്ളവർ
തിരുവനന്തപുരം∙ മേയർ മാത്രമല്ല, സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചിട്ടും ട്രാഫിക് പൊലീസിന് അനക്കമില്ല. ദീർഘ ദൂര സ്വകാര്യ സർവീസുകൾ റോഡിൽ നിർത്തി ആളെ കയറ്റുന്നതു കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക സ്ഥലം നിശ്ചയിച്ചു നൽകണമെന്ന് ട്രാഫിക് പൊലീസിന് നിർദേശം നൽകിയിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു. എന്നാൽ നിർദേശം ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പൊലീസ് നടപടിയുണ്ടാകുമെന്ന ധാരണയിൽ സ്വകാര്യ ബസുകളുടെ പാർക്കിങ് സ്വന്തം സ്ഥലങ്ങളിലേക്ക് മാറ്റി.
ഓഗസ്റ്റിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സ്വകാര്യ ദീർഘ ദൂര സർവീസുകൾ സംഗീത കോളജ് ജംക‍്ഷനിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. മേയർ ഇതു സ്ഥിരീകരിച്ചിട്ടും അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന നിലപാടിലാണ് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ. ഇതിനിടെയാണ് മുൻപും ഇതേ നിർദേശം നൽകിയിരുന്നെന്ന് കമ്മിഷണർ പറയുന്നത്. യോഗം തീരുമാനിക്കാതെയോ പരാതി ലഭിക്കാതെയോ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് തടയില്ലെന്ന നിലപാടിലാണ് ട്രാഫിക് പൊലീസ്.എന്നാൽ, ഇന്നലെ മിക്ക സർവീസുകളും സ്വന്തം പാർക്കിങ് യാഡുകളിൽ നിന്നാണ് ആരംഭിച്ചത്. റോഡ് വക്കിൽ ചില സർവീസുകൾ പാർക്ക് ചെയ്തിരുന്നെങ്കിലും പഴയ പോലെ ദീർഘ സമയം നിർത്തിയിടാത്തതിനാൽ അധികം കുരുക്ക് ഉണ്ടായില്ല. English Summary:
Thiruvananthapuram street vendors are back on the roads, defying authorities after being removed. These illegal shops cause traffic congestion and operate without necessary permissions. The corporation, police, and food safety department deny granting permission for them to reopen. |
|