കൊടുങ്ങല്ലൂർ ∙ ചെമ്മീൻ വില കുറഞ്ഞതോടെ കൊടുങ്ങല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും ചെമ്മീൻ പാടശേഖരങ്ങളിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. നാരായണമംഗലം, കോഴിക്കുളങ്ങര, തച്ചപ്പിള്ളി, ചാപ്പാറ, കരൂപ്പടന്ന എന്നിവിടങ്ങളിൽ ചെമ്മീൻ കെട്ടുകൾ നടത്തുന്ന കർഷകർ ഏതാനും മാസങ്ങളായി തങ്ങളുടെ കഠിനാധ്വാനത്തിന് ഫലമില്ലാത്ത അവസ്ഥയിലാണ്. നൂറേക്കറിൽ കൂടുതൽ സ്ഥലത്തു കർഷകർ കൃഷിയിറക്കിയിട്ടുണ്ട്.  
 
ഇൗ പ്രദേശത്തു ഏതാനും വർഷങ്ങൾക്കു മുൻപ് വൈറസ് ഭീതി കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെല്ലാം മാറി മികച്ച വിളവ് ലഭിക്കുന്ന സ്ഥിതിയായതോടെ വിലയിടിവ് നേരിടുകയാണ്. 90– 100 ദിവസം വളർച്ചയുള്ള കാര ഇനത്തിൽ പെട്ട ചെമ്മീൻ കുഞ്ഞുങ്ങളെയാണ് കർഷകർ കൂടുതൽ നിക്ഷേപിച്ചത്. വനാമി ചെമ്മീൻ കൃഷി ചെയ്യുന്നവരും ഉണ്ട്. കിലോഗ്രാമിനു 200 രൂപ മുതൽ 400 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്.  
 
നേരത്തെ മികച്ച വില ലഭിച്ചിരുന്നു. അമേരിക്കയുടെ തീരുവയുദ്ധം ചെമ്മീൻപാടങ്ങളിൽ ആശങ്കയുടെ വിത്ത് വിതയ്ക്കുന്നുണ്ട്. വിദേശ വിപണി ലക്ഷ്യമാക്കി നടത്തുന്ന വനാമി ചെമ്മീൻ കൃഷിക്ക് യുഎസ് നിലപാട് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി ചെറുതല്ല. മുൻകാലങ്ങളെ അപേക്ഷിച്ച് ചെമ്മീനിന്റെ വില പകുതിയോളം കുറഞ്ഞ അവസ്ഥയാണുള്ളത്. എന്നാൽ തീറ്റ, കൂലി എന്നിവ ഉൾപ്പെടെയുള്ള ചെലവുകളിൽ വർധനവുണ്ടാകുകയും ചെയ്യുന്നുണ്ട്.  
 
കർഷകരെ സഹായിക്കണം: ഫെഡറേഷൻ   
 മേഖലയിലെ ചെമ്മീൻ കർഷകരെ സഹായിക്കാൻ ഫിഷറീസ് വകുപ്പ് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നു കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.എ.നൗഷാദ് ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനവും കാലംതെറ്റി വരുന്ന കാലവർഷവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സൗജന്യനിരക്കിൽ വൈദ്യുതി നൽകുകയും ഗുണമേന്മയാർന്ന  വിത്തുകളും തീറ്റയും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിച്ചു കുറഞ്ഞവിലയ്ക്ക് കർഷകർക്ക് നൽകുകയും ചെയ്യണം. |