കറുകച്ചാൽ ∙ കെഎസ്ആർടിസി ബസിനു മുന്നിൽ വെള്ളക്കുപ്പി വച്ചതിന് ജീവനക്കാർക്ക് സസ്പെൻഷൻ ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മുൻപിലായിരുന്നു കുപ്പികൾ കണ്ടെത്തിയത്. ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ജീവനക്കാരുടെ പ്രശ്നങ്ങൾ കൂടി ഗതാഗത മന്ത്രി ശ്രദ്ധിക്കണമെന്ന് ആവശ്യമുയരുന്നു. പല ഡിപ്പോകളിലും ജീവനക്കാർക്കു വിശ്രമിക്കാൻ സൗകര്യമില്ല. ബസിൽത്തന്നെ, അല്ലെങ്കിൽ സമീപത്തെ കടകളിലാണ് വിശ്രമം. വേറെയുമുണ്ട് പ്രശ്നങ്ങൾ.  
 
വെള്ളം വയ്ക്കാൻ ഇടമില്ല 
 ഡ്രൈവറുടെ സീറ്റിന്റെ വശത്തു കുപ്പിവെള്ളം വയ്ക്കാൻ മുൻപ് സൗകര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. പല ഡ്രൈവർമാരും ദിവസവും ഡിപ്പോയിൽ നിന്ന് 4 കുപ്പിയിൽ വരെ വെള്ളം നിറച്ച് ബസിൽ സൂക്ഷിക്കും. പല ബസുകളുടെയും ബോണറ്റിന്റെ ക്ലിപ്പുകൾ കേടായ സ്ഥിതിയിലാണ്. ഡ്രൈവർ സീറ്റിൽ കടുത്ത ചൂടാണ്. അഞ്ചും ആറും തവണ കാലിൽ വെള്ളം ഒഴിച്ച് തണുപ്പിക്കേണ്ട അവസ്ഥ വരും. ദാഹം തീർക്കാനും ആഹാരം കഴിക്കാനും വെള്ളം വേണം. ഇതൊന്നും വയ്ക്കാൻ ബസിൽ സംവിധാനമില്ല. ബെർത്തിൽ വെള്ളക്കുപ്പി വച്ചാൽ വളവു തിരിയുമ്പോൾ കുപ്പികൾ തെറിച്ച് യാത്രക്കാരുടെ ദേഹത്തു വീഴും.  
 
സ്വകാര്യ ബസിൽ തൊട്ടി 
 സ്വകാര്യ ബസുകളിൽ തൊട്ടിയിൽ വെള്ളം നിറച്ച് മറിയാത്ത രീതിയിൽ ഉറപ്പിച്ച് അതിൽ കുപ്പിവെള്ളം കരുതിയാണ് സർവീസ് നടത്തുന്നത്. ഇത്തരം സംവിധാനം കെഎസ്ആർടിസി ബസുകളിലും വേണമെന്ന് ജീവനക്കാർ പറയുന്നു.  
 
ടെൻഷനോടു ടെൻഷൻ 
 ആലപ്പുഴ – ചങ്ങനാശേരി 31 കിലോമീറ്റർ 50 മിനിറ്റിൽ ഓടി എത്തണം. തുടക്കത്തിൽ 12 സ്റ്റോപ് ഉണ്ടായിരുന്നത് ഇപ്പോൾ 28 സ്റ്റോപ്പായി. ഇതിനിടെയുള്ള ഗതാഗതക്കുരുക്കും കൂടിയാകുമ്പോൾ സമയത്ത് എത്താൻ എളുപ്പമല്ല. ബസിലുള്ള ജീവനക്കാരുടെ ടെൻഷനും കൂടും. രാവിലെ വീട്ടിൽ നിന്ന് ആഹാരം കഴിച്ച് ഡ്യൂട്ടിക്കു കയറിയാൽ പലപ്പോഴും തിരിച്ച് വീട്ടിൽ എത്തിയിട്ടാണ് പലരും അടുത്ത ആഹാരം കഴിക്കുന്നത്.  
 
വാതിൽ ആര് അടയ്ക്കും? 
 പല കെഎസ്ആർടിസി ഓർഡിനറി ബസുകളിലും വാതിലുകൾ ഓട്ടമാറ്റിക്കായി അടയില്ല. ഇത് അടയ്ക്കാനായി കയർ കെട്ടിയിരുന്നത് കോർപറേഷൻ നിരോധിച്ചു. ഇതോടെ വാതിൽ അടയ്ക്കുന്നത് കണ്ടക്ടർമാരുടെ ജോലിയായി. ഇതുമൂലം ബസുകൾ സ്റ്റോപ്പുകളിൽ നിന്നു പുറപ്പെടാൻ വൈകുന്നതായി ഡ്രൈവർമാർ പറയുന്നു.  
 
കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പികൾ: സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ല; ഡ്രൈവർ കുഴഞ്ഞുവീണു  
 പൊൻകുന്നം ∙ ബസിനു മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ ഇട്ടതിന്റെ പേരിൽ സ്ഥലംമാറ്റ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. മരങ്ങാട്ടുപിള്ളി പുതിയാമറ്റത്തിൽ ജയ്മോൻ ജോസഫാണു (44) കുഴഞ്ഞുവീണത്. സ്ഥലംമാറ്റം മരവിപ്പിച്ചെന്നു ഞായറാഴ്ച ഫോണിലൂടെ അറിയിച്ചെങ്കിലും ഉത്തരവ് റദ്ദാക്കില്ലെന്ന് ഇന്നലെ അറിഞ്ഞതോടെയാണു ജയ്മോൻ കുഴഞ്ഞുവീണത്. മുണ്ടക്കയം–പാലാ ബസിൽ ഇന്നലെ ഉച്ചയ്ക്കു 2നു കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലാണു സംഭവം. ഉടൻ ബസ് നിർത്തിയതിനാൽ അപകടം സംഭവിച്ചില്ല. ജയ്മോനു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.   
 
ഒന്നാം തീയതി മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്താണു വെള്ളക്കുപ്പികൾ കിടന്നത്. ആയൂരിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. സംഭവത്തിൽ  ജയ്മോൻ, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.സജീവ്, മെക്കാനിക് വിഭാഗം ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലംമാറ്റി 3ന് ആണ് ഉത്തരവിറങ്ങിയത്. ജയ്മോനെ തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. ജയ്മോൻ ടിഡിഎഫ് അംഗമാണ്. കെ.എസ്.സജീവ് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ ട്രഷററും വിനോദ് ബിഎംഎസ് അംഗവുമാണ്.  
 
ടിഡിഎഫ് മാർച്ച് ഇന്ന് 
 തിരുവനന്തപുരം ∙ കുപ്പിവെള്ളം ബസിന്റെ മുന്നിൽ സൂക്ഷിച്ചതിനു ഡ്രൈവർക്കെതിരെ നടപടിയെടുത്തതിനെതിരെ  ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ഇന്ന് കെഎസ്ആർടിസി ചീഫ് ഓഫിസിലേക്കു മാർച്ച് നടത്തും. തൊഴിലാളിവിരുദ്ധ നീക്കങ്ങളിൽ നിന്ന് മന്ത്രിയും മാനേജ്മെന്റും പിൻമാറണമെന്നു ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആവശ്യപ്പെട്ടു. English Summary:  
KSRTC driver collapsed while driving due to work-related stress. The incident highlights the difficult working conditions faced by KSRTC employees and the need for better facilities and support. |