ഏറ്റുമാനൂർ ∙ ‘കുരുമുളക് സ്പ്രേ അടിച്ചപ്പോൾ കണ്ണുപൊത്തി അവൾ മുറിക്കുള്ളിലേക്ക് ഓടി, പിന്നാലെ ചെന്ന ഞാൻ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയിൽ തള്ളി’– ഭാര്യയെ കൊന്നു കൊക്കയിൽ തള്ളിയ സംഭവങ്ങൾ ഓരോന്നായി പൊലീസിനോട് വിവരിക്കുമ്പോഴും പ്രതി സാം കെ.ജോർജി (59)ന്റെ മുഖത്ത് പക ഒടുങ്ങിയിട്ടില്ലായിരുന്നു.
ഭാര്യ ജെസിയുടെ കുറ്റങ്ങൾ പറയാനും ജെസിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നു സ്ഥാപിക്കാനുമായിരുന്നു സാമിന്റെ ശ്രമം. ‘മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പലതവണ പറഞ്ഞിട്ടും ജെസി കേട്ടില്ല. 5 വീടുകൾ കണ്ടെത്തി നൽകി. വാടക ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞിട്ടും പോയില്ല. പിന്നാലെ നടന്നു ശല്യപ്പെടുത്തുമായിരുന്നു.’ സാം പറഞ്ഞു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മനഃപാഠമാക്കിയതു പോലുള്ള മറുപടിയാണ് സാം നൽകിയിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സാമിനെ കുറവിലങ്ങാട് പൊലീസ് കൃത്യം നടന്ന പട്ടിത്താനത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
‘കാർപോർച്ചിൽ നിന്ന് കാർ കഴുകുമ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഈ സമയം സിറ്റൗട്ടിൽ നിന്ന് എന്നോട് വഴക്കിടുകയായിരുന്നു ജെസി. തുടർന്ന് എന്നെ അവൾ വാക്കത്തികൊണ്ട് വെട്ടി. കൈ കൊണ്ട് തട്ടിക്കളഞ്ഞ ഞാൻ കാറിൽ സൂക്ഷിച്ചിരുന്ന മുളക് സ്പ്രേ ജെസിക്ക് നേരെ പ്രയോഗിച്ചു. കണ്ണുപൊത്തി മുറിയിലേക്ക് ഓടിയ ജെസിക്കു പിന്നാലെ ചെന്ന് വീണ്ടും ഞാൻ കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.’ – സാം പൊലീസിനോട് വിശദീകരിച്ചു.
മൽപിടിത്തത്തിന്റെയും മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെയും രീതി പ്രതി പൊലീസ് കാണിച്ചു കൊടുത്തു. കാർ സിറ്റൗട്ടിലേക്ക് ചേർത്ത് ഇട്ട ശേഷമാണ് മൃതദേഹം ഡിക്കിയിലേക്കു കയറ്റിയത്. ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് മൃതദേഹത്തിന്റെ ഒരു വശം ആദ്യം ഡിക്കിയിൽ എടുത്തു വച്ചു. പിന്നീട് ബാക്കി ഭാഗവും കൂടി ഡിക്കിക്ക് ഉള്ളിലാക്കിയതെന്നും കേസിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും സാം പറഞ്ഞു. പിന്നീട് മോപ് ഉപയോഗിച്ച് സിറ്റൗട്ടും മുറിയും വൃത്തിയാക്കിയ ശേഷമാണ് മൃതദേഹം കൊക്കയിൽ തള്ളാൻ പോയതെന്നും പ്രതി വെളിപ്പെടുത്തി.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസിൽ നിർണായകമാകുന്ന ചില തെളിവുകൾ ഫൊറൻസിക് സംഘത്തിനു ലഭിച്ചതായാണ് സൂചന. 8 ദിവസത്തിനു ശേഷം വിശദമായ റിപ്പോർട്ട് ഇവർ പൊലീസിനു കൈമാറും. കുറവിലങ്ങാട് എസ്ഐ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. |