കോട്ടയം ∙ കാണക്കാരി കൊലപാതകക്കേസിൽ ജെസിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ഭർത്താവ് സാം കെ.ജോർജ് ഉപയോഗിച്ചെന്ന് കരുതുന്ന തോർത്തുകൾ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന കാണക്കാരിയിലെ വീട്ടിലെ തെളിവെടുപ്പിനിടെ സാം തന്നെയാണ് 2 തോർത്തുകളും ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുത്തത്. ഇവിടെനിന്ന് ലഭിച്ച മറ്റ് സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് നൽകി. കാർ കഴുകാൻ ഉപയോഗിച്ച ചുവപ്പ്, വെള്ള തോർത്തുകളാണ് കണ്ടെടുത്തത്. താൻ കാർ കഴുകുന്നതിനിടെയാണ് ജെസിയുമായി വഴക്കുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതുമെന്ന് സാം പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമം, തെളിവായ മൊബൈൽ ഫോൺ കണ്ടെത്താൻ ഇന്ന് സ്കൂബ ഡൈവിങ് സംഘം പരിശോധന നടത്തും. എംജി സർവകലാശാലാ ക്യാംപസിലെ പാറക്കുളത്തിൽ സാം എറിഞ്ഞ ജെസിയുടെ ഫോൺ കണ്ടെത്താനാണ് പരിശോധന. ക്യാംപസിലെ ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന് സമീപത്താണ് കുളം. പ്രതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സംഘം ഇവിടെ എത്തിയിരുന്നെങ്കിലും ആഴക്കൂടുതൽ ഉള്ളതിനാൽ മടങ്ങുകയായിരുന്നു. കേസിലെ നിർണായക തെളിവായതിനാൽ ഫോൺ ഏതുവിധേനയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാളെ കോടതിയിൽ ഹാജരാക്കും. പ്രാഥമിക തെളിവുകൾ പരമാവധി ശേഖരിച്ചതിനാൽ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല. ജെസിയെ വിവാഹം കഴിക്കുന്നതിന് മുൻപ് സാമിന് ഉണ്ടായിരുന്ന പങ്കാളിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. ജെസിയുടെ സംസ്കാരം ഇന്നലെ പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി. English Summary:
Kanakary Murder Case involves the discovery of crucial evidence. The police found towels believed to have been used by Sam K. George to murder his wife, Jessi. The investigation continues with efforts to recover Jessi\“s phone from a pond on the MG University campus. |