സംസ്ഥാനത്തെ ഒരു വിഭാഗം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവും മറ്റു നിയമനങ്ങളുടെ അംഗീകാരവും വലിയ വിവാദമായി അനിശ്ചിതത്വത്തിൽ തുടരുകയാണ്. എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് മറ്റു മാനേജ്മെന്റുകളുടെ സ്കൂളുകൾക്കും ബാധകമാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണം.  
 
എൻഎസ്എസ് നേടിയ അനുകൂലവിധി അവർക്കു മാത്രം ബാധകമാണെന്നാണ് അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം എന്നാണു സർക്കാർ നിരത്തുന്ന ന്യായവാദമെങ്കിലും, പരമോന്നത കോടതിവിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ട് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കേണ്ട സർക്കാർ പകരം വിവേചനനിലപാടു സ്വീകരിക്കുന്നുവെന്നാണ് മറ്റു മാനേജ്മെന്റുകളുടെ പരാതി. നിയമസഭയിൽപോലും ഈ വിഷയം ചൂടേറിയ ചർച്ചകൾക്കു വഴിവച്ചു.  
 
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ സീറ്റുകളിൽ മുൻകാല പ്രാബല്യത്തോടെ നിയമനം നടത്തണമെന്ന കോടതിവിധിയെത്തുടർന്നാണു വിവാദങ്ങൾ. ഭിന്നശേഷി സംവരണ നിയമനം രണ്ടു വർഷത്തോളമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. അർഹരായ ഉദ്യോഗാർഥികളെ കിട്ടുന്നില്ല എന്നതാണ് ഇതിനു മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്ന കാരണം. ഇതെത്തുടർന്ന്, സുപ്രീംകോടതി നിർദേശം അനുസരിച്ച് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം നടത്താൻ സർക്കാർ രൂപീകരിച്ച സമിതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.  
 
ഇതിനിടെയാണ് ഭിന്നശേഷി സംവരണ സീറ്റുകൾ മാറ്റിവച്ചശേഷം മറ്റു തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന അനുകൂലവിധി എൻഎസ്എസ് സുപ്രീംകോടതിയിൽനിന്നു നേടിയത്. ഇതനുസരിച്ച് എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇതു മറ്റു മാനേജ്മെന്റുകളിലെ സ്കൂളുകൾക്കും ബാധകമാക്കണമെന്ന ആവശ്യമാണ് വിവാദത്തിൽ തുടരുന്നത്. ഈ ആവശ്യവുമായി ക്രിസ്ത്യൻ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.  
 
മാനേജ്മെന്റുകളുടെ ആവശ്യത്തിൽ സർക്കാർ നാലു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. അംഗീകാരം അനിശ്ചിതത്വത്തിൽ തുടരുന്ന പന്ത്രണ്ടായിരത്തോളം അധ്യാപകരും മാനേജ്മെന്റുകളും സർക്കാർ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, നാലുമാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ, കഴിഞ്ഞ ഓഗസ്റ്റിൽ മാനേജ്മെന്റുകളുടെ ആവശ്യം തള്ളി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.  
 
ഭിന്നശേഷിക്കാർക്കു നിയമനം നൽകുന്നതിൽ ചില മാനേജ്മെന്റുകൾ തടസ്സം നിൽക്കുന്നുവെന്നാണ് മന്ത്രി വി.ശിവൻകുട്ടി ഇപ്പോൾ ആരോപിക്കുന്നത്. ഭിന്നശേഷി നിയമനത്തിനായി ഏകദേശം 5000 ഒഴിവുകൾ മാറ്റിവയ്ക്കേണ്ടതാണെങ്കിലും 1500 എണ്ണം മാത്രമാണു മാനേജ്മെന്റുകൾ ചെയ്തിരിക്കുന്നതെന്നും ഒഴിവുകൾ ബോധപൂർവം റിപ്പോർട്ട് ചെയ്യാത്ത മാനേജ്‌മെന്റുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു..  
 
എന്നാൽ, ക്രൈസ്തവ മാനേജ്മെന്റുകളടക്കം പലരും സർക്കാർനിലപാടിനെതിരെ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. ഭിന്നശേഷി നിയമനവും ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്നു ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും സുപ്രീം കോടതിക്കും സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന വസ്തുത മറച്ചുവച്ചാണു മന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാരിന്റെ ശാഠ്യത്തിനു പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്നും സിറോ മലബാർ സഭ ആരോപിക്കുന്നു.  
 
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സുപ്രീംകോടതിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ തന്നെയാണ് മറ്റു മാനേജ്മെന്റുകളും ഈ വിഷയത്തിൽ നേരിടുന്നത്. ഭിന്നശേഷി സംവരണ സീറ്റുകൾ മാറ്റിവച്ചശേഷം മറ്റ് തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നാണ് അവരുടെയും ആവശ്യം. അതുകൊണ്ടുതന്നെ, എൻഎസ് എസ് ഹർജിയിലെ പരമോന്നത കോടതിവിധി തങ്ങൾക്കും ബാധകമാക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമാണെന്നു പറയാം. സാങ്കേതികത്വം പറഞ്ഞ് സർക്കാർ അതു നിരസിക്കുമ്പോൾ സാമാന്യനീതി നിഷേധിക്കപ്പെടുകയാണെന്ന പരാതി തള്ളിക്കളയാനാകില്ല.  
 
ഒരുവശത്ത് സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരായ വേണ്ടപ്പെട്ടവർക്കു പിൻവാതിൽ നിയമനത്തിനുള്ള വളഞ്ഞവഴി സർക്കാർ സ്വീകരിക്കുമ്പോഴാണ് വർഷങ്ങളായി ജോലി ചെയ്തിട്ടും അംഗീകാരം അനിശ്ചിതത്വത്തിൽ തുടരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ കാര്യത്തിൽ സർക്കാർ സാങ്കേതികത്വവും നിയമപ്രശ്നങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുന്നതെന്ന വിമർശനവും പ്രസക്തമാണ്. ഇക്കാര്യത്തിൽ നിയമപരമായ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിനുതന്നെ കോടതിവഴി അതു പരിഹരിച്ച് നീതിപൂർവമായ തീരുമാനം എടുക്കാവുന്നതേയുള്ളൂ. അത് ഇനിയും വൈകരുതെന്നുമാത്രം. English Summary:  
Aided School Appointment Crisis: Aided school appointment crisis in Kerala is causing uncertainty for teachers. The dispute centers around disability reservation appointments and approval of other teacher appointments in aided schools. The government\“s differing stance on applying an NSS-specific Supreme Court order to all aided school managements is at the heart of the issue, leaving thousands of teachers in limbo. |