വണ്ടൂർ ∙ 24 രാജവെമ്പാലകളുൾപ്പെടെ കരിമൂർഖനും പെരുമ്പാമ്പും അണലിയുമടക്കം ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ മണികണ്ഠകുമാർ (41) എപ്പോഴും കർമനിരതൻ. നേരത്തേ ആർആർപി അംഗവും ട്രോമാകെയർ പ്രവർത്തകനുമൊക്കെയായി നേടിയ പരിശീലനങ്ങളാണു നടുവത്ത് കിഴക്കേക്കര കൊമ്പൻകല്ല് കെ.കെ.മണികണ്ഠകുമാറിനെ സ്നേക്ക് റെസ്ക്യൂവറാക്കിയത്. ഇപ്പോൾ നടുവത്ത് ഫർണിച്ചർ പണിശാല നടത്തുമ്പോഴും പാമ്പുണ്ടെന്നു പറഞ്ഞു വരുന്ന വിളികൾക്കു കുറവില്ല. എത്ര തിരക്കുണ്ടെങ്കിലും ഓടിയെത്തുകയും ചെയ്യും. 
   
 
കഴിഞ്ഞ മാസങ്ങളിൽ മാത്രം 66 മൂർഖനെയും 23 കാട്ടുപാമ്പുകളെയും 19 പെരുമ്പാമ്പുകളെയും മണികണ്ഠകുമാർ പിടികൂടി സുരക്ഷിത വനമേഖലയിൽ വിട്ടയച്ചു. അനുമതിയുള്ള പാമ്പുപിടിത്തക്കാരനായതിനാൽ വനപാലകരും ജനപ്രതിനിധികളും നാട്ടുകാരും ഒക്കെ വിളിക്കും. പ്രതിഫലം വാങ്ങാറില്ല. കഴിഞ്ഞ ദിവസം നടുവത്ത് നെല്ലേങ്ങര മുരളിയുടെ പറമ്പിൽ നിന്ന് വലയിൽ കുടുങ്ങിയ വെള്ളിക്കെട്ടനെയും (ശംഖുവരയൻ) തൃക്കൈക്കുത്ത് കളം രാമചന്ദ്രന്റെ വീട്ടുമുറ്റത്തുനിന്നു മൂർഖനെയും പിടികൂടി.  
 
അമരമ്പലം സംരക്ഷിത വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ കിഴക്കൻ മലയോര പ്രദേശങ്ങളിൽ പാമ്പുകളുടെ എണ്ണം കൂടുതലാണെന്നു മണികണ്ഠകുമാർ പറയുന്നു. കൃഷി സംരക്ഷിക്കാൻ കർഷകർ സ്ഥാപിക്കുന്ന വലകളിൽ കുടുങ്ങുന്ന പാമ്പുകളെ രക്ഷപ്പെടുത്താനാണ് ഏറ്റവും പ്രയാസമെന്നു മണികണ്ഠകുമാർ പറയുന്നു. ഇത്രയധികം പാമ്പുകളെ പിടികൂടിയിട്ടും ഒരിക്കൽ പോലും കടിയേറ്റിട്ടില്ല. ഫോൺ: 9446879968. 
  
  English Summary:  
Snake rescuer Manikantha Kumar is known for his dedication to rescuing snakes in Kerala. He has rescued thousands of snakes, including cobras and pythons, and releases them into safe forest areas, never accepting payment for his services. This selfless act highlights his commitment to wildlife conservation and community safety. |