ആലപ്പുഴ ∙ അവധി ദിനങ്ങളായ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം അമ്പപ്പുഴയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് പിടികൂടി. പുറക്കാട് സ്വദേശി പുതുവൽ വീട്ടിൽ ശിവജി(52)യെ അറസ്റ്റു ചെയ്തു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തി പരിശോധനയിലാണ് ഇയാൾ പിടിയിലായത്.   
 
മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. നിരവധി പരാതികൾ ഇയാളെ കുറിച്ച് മുമ്പും ലഭിച്ചിട്ടുണ്ടായിരുന്നു.   
 
ഡ്രൈ ഡേ വിൽപന നോക്കി ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും മദ്യ കുപ്പികൾ കായലിൽ ഒളിപ്പിച്ചു വയ്ക്കുകയുമായിരുന്നെന്ന് എക്സൈസ് പറഞ്ഞു. ആവശ്യക്കാർക്ക് അര ലിറ്ററിന് അറുന്നൂറ് രൂപയ്ക്കായിരുന്നു വിൽപന.   
 
എക്സൈസ് സംഘത്തിൽ അസി : എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി.കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി. ജി, ഷഫീക്ക് കെ.എസ്, ഹരീഷ് കുമാർ കെ. എച്ച്,  ജി. ആർ ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി.കെ എന്നിവരും ഉണ്ടായിരുന്നു. English Summary:  
Alappuzha Excise Raid leads to arrest for illegal liquor sales. The accused was caught attempting to dispose of liquor into a lake during a raid prompted by a tip-off, revealing a larger operation of selling liquor on dry days. |