അമ്മ നോക്കി വച്ചത് സെപ്റ്റംബറാണ്. തന്ത്രപ്രധാനമായൊരു ചുവടിനു പറ്റിയ ഒന്നാന്തരം മാസം. മൺസൂൺ പോയ്‌മറഞ്ഞിരുന്നു. കടലിനും മലകൾക്കുമിടയിലെ മരതകത്തുണ്ടു പോലെ കേരളം ഒളിവിതറി നിന്നു. ആകാശവരമ്പിലൂടെ വിമാനം താണിറങ്ങിയപ്പോൾ, അഭിവാദ്യം നേർന്നു കൊണ്ടു മണ്ണു മുന്നിലുയർന്നപ്പോൾ, ഭൂപ്രകൃതിക്ക് ഇത്രയും പ്രത്യക്ഷവും മൂർത്തവുമായൊരു വേദന തരാനാകുമെന്നത് എനിക്ക് അവിശ്വസനീയമായി തോന്നി. ഈ പ്രിയപ്പെട്ട ഭൂഭാഗത്തെ, അമ്മയിവിടെയില്ലാതെ ഞാൻ അറിഞ്ഞിട്ടോ സങ്കൽപിച്ചിട്ടോ ഓർമിച്ചിട്ടോ ഇല്ല. ആ മലകളെയും മരങ്ങളെയും, പച്ചപ്പ് ഓരമിടുന്ന നദികളെയും, പകിട്ടു കൊണ്ടു ചെകിടിപ്പിക്കുന്ന വിവാഹസാരികളുടെയും അതിലേറെ പരിതാപകരമായ ആഭരണങ്ങളുടെയും പടുകൂറ്റൻ പരസ്യപ്പലകകൾ പൊന്തി നിൽക്കുന്ന നികത്തപ്പെട്ടു ശോഷിച്ച നെൽവയലുകളെയും അമ്മയോടു ചേർത്തല്ലാതെ എനിക്കാലോചിക്കാനേ ആകുമായിരുന്നില്ല. എല്ലാത്തിലും അമ്മ ഇഴചേർന്നിരുന്നു. എന്റെ മനസ്സിലെ ഏതു പരസ്യപ്പലകയെക്കാളും ഉയരത്തിൽ, വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകുന്ന ഏതു നദിയെക്കാളും രൗദ്രഭാവത്തിൽ, കടലിനെക്കാളും നിറസാന്നിധ്യമായി. ഇതൊക്കെ എങ്ങനെ സംഭവിച്ചു? എങ്ങനെ? മുൻകൂട്ടി ഒരു സൂചന പോലും തരാതെ അമ്മയങ്ങു പോയി.    English Summary:  
The Making of Arundhati Roy\“s Memoir \“Mother Mary Comes to Me\“: Exclusive Interview  |