ഇന്ത്യൻ ഫുട്ബോളിൽ സ്കൂൾ തലത്തിൽ നേടാവുന്ന ഏറ്റവും വലിയ വിജയകിരീടവുമായാണ് കേരളത്തിന്റെ കുട്ടികൾ ഇന്നലെ രാത്രി നാട്ടിലെത്തിയത്. സുബ്രതോ കപ്പ് കിരീടം എന്ന സ്വപ്നം 64 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത്തവണ ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ കേരളം യാഥാർഥ്യമാക്കി.
വിശ്രുതമായ ഈ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ (അണ്ടർ 17) വിഭാഗത്തിൽ കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ടീം ചാംപ്യൻമാരാകുമ്പോൾ, കേരളത്തിലെ സ്കൂളുകളിൽ ഫുട്ബോൾ പരിശീലനത്തിന്റെ ഭാവി എങ്ങനെ രൂപപ്പെടുത്തണമെന്നതിന്റെ മാതൃകകൂടി അതിൽ തെളിയുന്നു.
- Also Read കപ്പുമായി കുട്ടികളെത്തി!; ഫാറൂഖ് എച്ച്എസ്എസ് ടീമിനു വൻ വരവേൽപ്
വർഷങ്ങളായി തുടരുന്ന ചിട്ടയായ പരിശീലനം, അതിനു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബിന്റെ പിന്തുണ, ഈ രംഗത്തു മുൻപരിചയമുള്ളവരുടെ സ്പോൺസർഷിപ്– ഈ മൂന്നു ഘടകങ്ങളും ഒത്തുവന്നതാണ് സുബ്രതോ കപ്പ് നേട്ടത്തിന്റെ വിജയരഹസ്യം. ഭാവിയിൽ ഫുട്ബോളിനെ കേവലം കായികവിനോദമെന്നതിലുപരി പ്രഫഷനലായി സമീപിക്കാൻ യുവതലമുറയ്ക്ക് ആത്മവിശ്വാസം നൽകുന്ന ചരിത്രവിജയമാണ് ഫാറൂഖ് എച്ച്എസ്എസ് നേടിയത്.
ഫുട്ബോളിൽ ദേശീയതലത്തിൽ സ്കൂളുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ മത്സരമാണ് സുബ്രതോ കപ്പ്. 2012ലും 2014ലും മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂൾ ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തിയെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. എങ്കിലും, വലിയൊരു സ്വപ്നം ദൂരെയല്ലെന്ന് ആ കുട്ടികൾ വിളംബരം ചെയ്തു. ഫാറൂഖ് എച്ച്എസ്എസിൽ ചിട്ടയായ പരിശീലനം ആരംഭിച്ചിട്ടു വർഷങ്ങളേറെയായി. 2012 മുതൽ സ്കൂളിലെ ഫുട്ബോൾ ടീം, സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റുമായി (സെപ്റ്റ്) ചേർന്നും 2016ൽ ഓറഞ്ച് ഫുട്ബോൾ അക്കാദമിയുമായി ചേർന്നും പരിശീലനമൊരുക്കി.Digital arrest scam, Cyber fraud, Online scam, Financial fraud awareness, , Malayala Manorama Online News, Cybercrime prevention, Online safety tips, Fraudulent calls, Scam awareness, Online banking safety, Aadhar card fraud, Digital financial security, Kerala cyber cell, vireal, fake news, opinion, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read സുബ്രതോയിൽ സൂപ്പർ കേരളം; ജൂനിയർ ആൺകുട്ടികളിൽ കേരളം ജേതാക്കൾ, ചരിത്രനേട്ടം
അടുത്ത അധ്യയന വർഷത്തേക്കുള്ള ടീമിനെ ഓരോ വർഷവും ഡിസംബറിൽ തിരഞ്ഞെടുക്കുകയെന്നതാണ് ഈ സ്കൂളിൽ പിന്തുടരുന്ന രീതി. ഏപ്രിൽ– മേയ് വേനലവധിക്കാലത്തു തീവ്രപരിശീലനം നൽകും. ക്ലാസുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ ആറേമുക്കാലിനു സ്കൂൾ മൈതാനത്തു കുട്ടികൾ പരിശീലനം തുടങ്ങും. ക്ലാസ് കഴിഞ്ഞും വൈകിട്ടു നാലു മുതൽ ആറര വരെ പരിശീലനമാണ്. 28 വർഷമായി സ്കൂളിലെ കായികാധ്യാപകനായ ഷബീർ അലി മൻസൂർ കഴിഞ്ഞ 16 വർഷമായി കാണുന്ന സ്വപ്നമാണ് സുബ്രതോ കപ്പ്. സ്കൂളിലെ മറ്റൊരു കായികാധ്യാപകനായ വി.പി.അബ്ദുൽ ജലീലും ആ സ്വപ്നത്തോടൊപ്പം നിന്നു; മാനേജ്മെന്റും മറ്റ് അധ്യാപകരും മികച്ച പിന്തുണ നൽകുകയും ചെയ്തു.
ഇതിനിടെയാണ് സ്പോൺസറായി ഗോകുലം കേരള എഫ്സിയുടെ വരവ്. രണ്ടു തവണ ഐ ലീഗ് കിരീടജേതാക്കളായ ഗോകുലം കേരള എഫ്സി രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ്. ഗോകുലത്തിന്റെ അണ്ടർ 17 ടീമായി ഫാറൂഖ് എച്ച്എസ്എസിനെ വളർത്തിയെടുക്കാൻ തുടങ്ങിയതോടെ ചരിത്രത്തിലേക്കു വഴിയൊരുങ്ങാൻ തുടങ്ങി. ഇന്ത്യൻ താരവും ഐ ലീഗിൽ ഗോകുലത്തിന്റെ സ്ട്രൈക്കറുമായ വി.പി.സുഹൈറിന്റെ സഹോദരൻ വി.പി.സുനീർ ടീമിന്റെ പരിശീലകനായെത്തി. ദേശീയ മത്സരങ്ങൾക്ക് എങ്ങനെ പ്രഫഷനലായി ഒരുങ്ങണമെന്നത് ഗോകുലം കേരളയാണ് സ്കൂളിൽ നടപ്പാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സുബ്രതോ കപ്പിനുള്ള തീവ്രപരിശീലനം നടക്കുകയായിരുന്നു.
ഫാറൂഖ് സ്കൂളിന്റെ കഠിനാധ്വാനവും ഗോകുലം കേരളയുടെ പ്രഫഷനലിസവും ഒത്തുചേർന്നപ്പോൾ ചരിത്രം പിറന്നു. ഫൈനൽ വരെയുള്ള യാത്രയിൽ ടീം ആകെ വഴങ്ങിയത് രണ്ടേ രണ്ടു ഗോൾ മാത്രം. ഗോളടിക്കുന്നതിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധിച്ചതോടെ സുബ്രതോ കപ്പ് കേരളത്തിലേക്കു ടിക്കറ്റെടുത്തു.
ഈ കൗമാരതാരങ്ങളുടെ കാലുകളെഴുതിയതു പുതുമാതൃകയാണ്. ഫാറൂഖ് എച്ച്എസ്എസ് കൈവരിച്ച ഈ സുന്ദരവിജയം ഫുട്ബോൾ കളിക്കളങ്ങൾ സ്വപ്നം കാണുന്ന നമ്മുടെ കുട്ടികൾക്കുള്ള ഉണർത്തുപാട്ടായി മാറട്ടെ; സ്കൂൾതലം മുതൽ പ്രഫഷനലിസവുമായുള്ള കൈകോർക്കൽ വിജയകിരീടങ്ങളിലേക്കു വഴികാണിക്കുമെന്നു കായികമേഖലയിലെ നടത്തിപ്പുകാരും തിരിച്ചറിയട്ടെ. English Summary:
Subroto Cup: Farook HSS\“s Historic Win Ignites Kerala\“s Football Future  |