111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി– എരുമേലി ശബരിപാത കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചത് 1997ൽ. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്‌തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം പിന്നീടു നിലച്ചു. പദ്ധതിയുടെ ചെലവു പങ്കിടുന്നതിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായ തർക്കത്തിൽ പണി മുടങ്ങിയതുമൂലം കുടുക്കിലായത് 2,862 കുടുംബങ്ങളാണ്. പാതയ്ക്കായി കാൽനൂറ്റാണ്ടു മുൻപു കല്ലിട്ടുതിരിച്ച ഭൂമി ഏറ്റെടുക്കാനും ഉടമസ്ഥർക്കു നഷ്ടപരിഹാരം കൊടുക്കാനും നടപടിയില്ല. ഇതിനിടെ ഉടമകളിൽ ചിലർ മരണമടഞ്ഞു. ഇതു കൂടാതെ, പദ്ധതിക്കായി 416 ഹെക്ടർ കല്ലിട്ടു തിരിച്ച് ഏറ്റെടുക്കാനുമുണ്ട്.
- Also Read മൂടികെട്ടിയ അന്തരീക്ഷം, ഇടിമിന്നലോട് കൂടിയ മഴ; സംസ്ഥാനത്ത് 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്റർ നീളത്തിലാണ് സർവേക്കല്ലുകളുള്ളത്. കല്ല് സ്ഥാപിച്ച ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതി. ഏറ്റെടുക്കാനായി കല്ലിട്ടു തിരിച്ച ഭൂമികൊണ്ട് ഒന്നും ചെയ്യാനാകാതെ, എന്നെങ്കിലും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജനം കാത്തിരിക്കുകയാണ്. അവരിൽ ചിലരാണ് കോട്ടയം സ്വദേശികളായ ആലീസും മൈക്കിളും ജയ മണിക്കുട്ടനുമെല്ലാം. അവരുടെ ജീവിതാനുഭവങ്ങളിലൂടെ...
നെഞ്ചിൽ തറച്ച കുറ്റി
ആകെയുള്ളത് 26 സെന്റ്. അതിന്റെ ഒത്തനടുവിൽ ദക്ഷിണ റെയിൽവേയുടെ കുറ്റി. വീടുപണിക്കായി സ്ഥലമൊരുക്കി, വൈദ്യുതി കണക്‌ഷനെടുത്ത് 2022ൽ പഞ്ചായത്തിൽ ചെന്നപ്പോഴാണ് 1997ൽ വീണ കുറ്റിയുടെ കാര്യം ഉദ്യോഗസ്ഥർ ഓർമിപ്പിച്ചത്. പറമ്പിന്റെ നടുവിൽ വെറുതേ കിടന്നിരുന്ന കരിങ്കൽകഷണം അന്നുമുതൽ കോട്ടയം പിഴക് കുന്നുംപുറത്ത് വീട്ടിൽ ആലീസിന്റെ നെഞ്ചിലെ ഭാരമായി. വീടു പണിയാനാകാതെ വന്നതോടെ മകൾക്കൊപ്പം മൂവാറ്റുപുഴയിലാണ് ഇപ്പോൾ താമസം. ശബരി റെയിൽപാതയ്ക്കായി തന്റെ വീടിന്റെ അടുക്കളയോടു ചേർന്നു സ്ഥാപിച്ച കല്ലിനു സമീപം പിഴകിലെ കാരക്കാട്ട് തങ്കച്ചൻ
കല്ലു കിടക്കുന്ന ഭാഗം ഒഴിവാക്കിയാൽ ബാക്കിയുള്ളത് 450 ചതുരശ്രയടി മാത്രം. അവിടെ വീടുപണിയാനാകില്ല. അന്നു വീടുപണിക്കെടുത്ത വൈദ്യുത കണക്‌ഷന്റെ പേരിൽ ഓരോ ബില്ലിലും 480 രൂപ കെഎസ്ഇബിക്ക് അടയ്ക്കുകയാണ് ആലീസ്. ഭർത്താവ് കെ.ജെ.അഗസ്റ്റിൻ 2023ൽ മരിച്ചു. സ്ഥലം വിൽക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. പാലാ– തൊടുപുഴ റോഡരികിൽ പിഴകിലുള്ള ഈ സ്ഥലം ശബരി റെയിൽപാതയിലെ രാമപുരം സ്റ്റേഷനു വേണ്ടിയാണ് റെയിൽവേ കല്ലിട്ടു തിരിച്ചത്. ഈ പ്രദേശത്ത് ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ സ്റ്റേഷനുവേണ്ടി കല്ലിട്ടു തിരിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. അൻപതോളം വീടുകൾ ഈ പ്രദേശത്തുമാത്രം കല്ലുകളിൽ കുടുങ്ങി, ഒന്നും ചെയ്യാനാകാതെ കിടപ്പുണ്ട്.
കല്ലിട്ടു, കുടുക്കി
‘പദ്ധതി വന്നില്ലെങ്കിലും കുഴപ്പമില്ല. ഒരു തീരുമാനം അറിഞ്ഞാൽ മതിയായിരുന്നു. മരിച്ചാൽ ഇവിടെ കുഴിച്ചിടാം. അതിനു മാത്രം കൊള്ളാം’ - ആകെയുള്ള മൂന്നു സെന്റ് ശബരിപാതയ്ക്കായി നഷ്ടമാകുന്ന പിഴക് കടയിക്കൽ മൈക്കിളിന്റെ (72) വാക്കുകൾ. റെയിൽപാത അളന്നുതിരിക്കാൻ മൂവാറ്റുപുഴയിൽ മൂന്നരമാസത്തിലധികം ജോലിക്കു പോയ മൈക്കിളിന്റെ പറമ്പിലും പദ്ധതിക്കായി കല്ലുവീണു. സമീപത്തു ചിലരുടെ വീടുകളുടെ അടുക്കളഭാഗത്താണ് കുറ്റിയിട്ടത്. ഇത്രകാലമായിട്ടും പദ്ധതി നടക്കാത്തതിനാൽ കുറ്റിയെ ‘മറന്ന്’ വീടുപണി നടത്തിയവരുമുണ്ട്. ഒരേക്കറിനടുത്തു നഷ്ടമാകുന്ന ആളുകളും ഇവിടെയുണ്ട്.
‘ഞങ്ങളുടെ അഞ്ചേമുക്കാൽ സെന്റും ഈ വീടും പോകും. തോടിന്റെ തീരമിടിഞ്ഞു വീടിന്റെ ഭിത്തി പൊട്ടി. ലക്ഷക്കണക്കിനു രൂപ ചെലവാക്കിയാണ് ഈ സ്ഥലം വീടിനു പറ്റുന്ന തരത്തിലാക്കിയത്. എന്താകുമെന്ന് അറിയാത്തതിനാൽ മുറികളുടെ പണിപോലും തീർക്കാനായിട്ടില്ല’- കാവാലത്തു പറമ്പിൽ ജയ മണിക്കുട്ടൻ (54) പറഞ്ഞു. കഴിഞ്ഞവർഷം ജയയുടെ ഭർത്താവ് മണിക്കുട്ടൻ മരിച്ചു. ഇരുമ്പുപണി ചെയ്തു കുടുംബം പോറ്റിയിരുന്ന അദ്ദേഹം മരിക്കും മുൻപു വാങ്ങിയ പശുവാണ് ഇപ്പോൾ കുടുംബത്തിന്റെ ഏക വരുമാനമാർഗം. കോട്ടയം പിഴക് കുന്നുംപുറത്ത് ആലീസ് വീടുപണിക്ക് ഒരുക്കിയെടുത്ത സ്ഥലത്ത് ശബരി പാതയ്ക്കായി ഇട്ട കല്ല് ബന്ധു ജോസഫ് കുന്നുപുറത്ത് ചൂണ്ടിക്കാണിക്കുന്നു
‘ആദ്യ അലൈൻമെന്റിൽ ഈ വീടുകളും സ്ഥലവും ഒന്നും ഉൾപ്പെട്ടിരുന്നില്ല. പിന്നീട് അലൈൻമെന്റ് പുതുക്കിയപ്പോഴാണ് പലരുടെയും സ്ഥലം പോയത്. ഒരു സുപ്രഭാതത്തിൽ കല്ലിടാൻ തുടങ്ങിയപ്പോൾ അവർ പറഞ്ഞതുമാത്രം ഞങ്ങൾക്ക് ഓർമയുണ്ട്; നല്ല വില കിട്ടും. വീട്ടിലെ ഒരാൾക്കു ജോലിയും. ഒന്നും വേണ്ട, ഈ കല്ല് ഒന്നെടുത്തു മാറ്റാമോ..’– സ്ഥലം നഷ്ടപ്പെടുന്ന കൈതയ്ക്കൽ ഡെയ്സി, കാരക്കാട്ട് തങ്കച്ചൻ, കുന്നുംപുറത്ത് ജോസഫ് തുടങ്ങിയവരുടെ വാക്കുകളിലും നിരാശ മാത്രം.Editorial, Malayalam News, Health Insurance, Insurance, Pinarayi Vijayan, Norka Care, returned expatriates, Norka Care scheme, Keralites abroad, health insurance Kerala, accident insurance Kerala, Norka Roots, welfare of expatriates, Pravasi ID card, NRK ID card, expatriate welfare fund, returned Keralites, Kerala government scheme, Pravasi health insurance, expatriate insurance, NRI welfare, overseas Keralites, COVID returned expatriates, Pinarayi Vijayan, Kerala social security, നോർക്ക കെയർ, തിരിച്ചെത്തിയ പ്രവാസികൾ, പ്രവാസി ക്ഷേമ പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, പ്രവാസി മലയാളികൾ, നോർക്ക റൂട്ട്സ്, പ്രവാസി ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി, കേരള സർക്കാർ പദ്ധതി, പ്രവാസി ഇൻഷുറൻസ്, പ്രവാസി ആരോഗ്യം, പിണറായി വിജയൻ, തിരിച്ചെത്തിയ മലയാളികൾ. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Norka Care Scheme: Why Returned Expatriates Deserve Inclusion in Kerala\“s Welfare Plan
ശബരിപാതയുടെ പകുതി ചെലവു വഹിക്കാമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ഇടയ്ക്കിടെ ആവർത്തിക്കുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ല. കേരളത്തോട് ഭൂമിയേറ്റെടുക്കാനാണ് ഒടുവിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കലക്ടർമാരുടെ യോഗം വിളിച്ചതിൽ സംസ്ഥാന നടപടി ഒതുങ്ങി. കല്ലിട്ടു തിരിച്ച രാമപുരം വരെയുള്ള ഭൂമി കേരളം നൽകേണ്ട 50% തുകയിൽനിന്നുള്ള പണം ഉപയോഗിച്ച് ഏറ്റെടുത്താൽ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കാൻ റെയിൽവേ തയാറാകും. 2862 കുടുംബങ്ങളുടെ കാൽനൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് അതോടെ പരിഹാരവുമാകും.
കുടുംബങ്ങളെ കീറിമുറിച്ച ബൈപാസ്
മുന്നൂറോളം കുടുംബങ്ങളെ കുരുക്കിയ തൃപ്പൂണിത്തുറ ബൈപാസ് പദ്ധതിക്ക് 50 വർഷത്തോളം പഴക്കം. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിയെ സർക്കാർ മറന്നുകാണും. എന്നാൽ, സാറാമ്മ കുര്യാക്കോസിനെപ്പോലെ ദുരിതക്കുഴിയിൽ വീണവർക്ക് ഒരിക്കലും മറക്കാനാകില്ല
പെര പൂട്ടി താക്കോൽ കൊടുത്താലേ പണം തരൂ എന്നാണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. പലയിടത്തുനിന്നും വായ്പയെടുത്തു മറ്റൊരു വീട് പണിത് അങ്ങോട്ടു മാറി. പക്ഷേ, ഞങ്ങടെ സ്ഥലം എടുക്കാൻ പിന്നെ ഉദ്യോഗസ്ഥരാരും വന്നില്ല. പുതിയ വീടിന്റെ വായ്പയടവ് ഇപ്പോഴും തീർന്നിട്ടില്ല. പഴയ വീട് നശിച്ചു’– സർക്കാരിന്റെ വാക്ക് വിശ്വസിച്ചതാണ് എറണാകുളം മാമല മുരിയമംഗലം തട്ടാംപുറത്തു സാറാമ്മ കുര്യാക്കോസിനു വീടു നഷ്ടപ്പെടാൻ കാരണം. ‘കുറച്ചു സ്ഥലം ഉള്ളവരുടെ മുഴുവൻ സ്ഥലവും എടുത്തു. ഞങ്ങടെ മാത്രം മുഴുവൻ എടുത്തില്ല. കയറാത്ത ഓഫിസുകളില്ല. പക്ഷേ, നടപടിയില്ല. ഒരു സെന്റ് പോലും വിൽക്കാൻ പറ്റില്ല. കല്ലിട്ട ഭൂമി ആരു വാങ്ങാൻ?’ – സാറാമ്മയുടെ വാക്കുകൾ. ഇടിഞ്ഞു വീഴാറായ തന്റെ പഴയ വീടിനു മുൻപിൽ തട്ടാംപുറത്ത് സാറാമ്മ കുര്യാക്കോസ്
തിരുവാങ്കുളം മുതൽ പേട്ട വരെയുമുള്ള ഗതാഗതക്കുരുക്കിനു പരിഹാരമായാണ് 1976ൽ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. തുടക്കത്തിലേ നിലച്ച പദ്ധതി 1989ൽ വീണ്ടും സജീവമായി. രണ്ടു ഘട്ടമായിട്ടാണ് നിർമാണ രൂപരേഖ തയാറാക്കിയത്.
ആദ്യഘട്ടം മറ്റക്കുഴി മുതൽ തിരുവാങ്കുളം റെയിൽവേ ലൈൻവരെയും രണ്ടാംഘട്ടം തിരുവാങ്കുളം റെയിൽവേ ലൈൻ മുതൽ കുണ്ടന്നൂർ വരെയും ആയിരുന്നു. ആദ്യഘട്ടം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം 2007ൽ പുറപ്പെടുവിച്ചു. തിരുവാണിയൂരിലെ 219ഉം തിരുവാങ്കുളത്തെ 67ഉം കുടുംബങ്ങളെ ബാധിക്കുന്ന വിധത്തിലായിരുന്നു അലൈൻമെന്റ്. 16 ഹെക്ടർ ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച് അതിർത്തികളിൽ കല്ലുകൾ സ്ഥാപിച്ചു. നാലേക്കർ സ്ഥലത്തിന്റെ ഉടമകൾക്കു പണം നൽകി. മറ്റുള്ളവർക്ക് ഒന്നും കൊടുത്തില്ല.
ഈ പ്രദേശത്തെ അൻപതിലേറെ വീടുകൾ വെറുതേകിടന്ന് നശിച്ചു. വീടുൾപ്പെടെ കൈമാറിയാൽ പണം തരാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ചിലർ വീടുകൾ പുതുക്കിപ്പണിതെങ്കിലും സ്ഥലം ഏറ്റെടുക്കാൻ ആരും എത്തിയില്ല. തിരുവാങ്കുളം, മുരിയമംഗലം, മറ്റക്കുഴി ഭാഗത്ത് അസ്ഥികൂടങ്ങളായി ഇപ്പോഴുണ്ട് ഒട്ടേറെ വീടുകൾ. നാലു തലമുറകളായി അനുഭവിക്കുന്ന ദുരിതം എന്നു തീരും എന്നാണ് ഇവർ ചോദിക്കുന്നത്.
സെന്റിന് 36000 രൂപ വില നിശ്ചയിച്ചാണു 2007ൽ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. അന്നു വിപണിവില സെന്റിന് ഒരു ലക്ഷം രൂപ. കൂടുതൽ വില ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച നാട്ടുകാർ കോടതിയിലെത്തി. കോടതി നിർദേശപ്രകാരം സെന്റിന് 36000 രൂപ വച്ച് ട്രഷറിയിൽ സർക്കാർ കെട്ടിവച്ചു. അങ്ങനെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലായി. ഇത്രയും കുറഞ്ഞ വില വാങ്ങേണ്ടെന്നു സ്ഥല ഉടമകൾ തീരുമാനിച്ചതോടെ ഒന്നും കിട്ടാത്ത സ്ഥിതിയായി. 12 ലക്ഷത്തിനു മുകളിലാണ് ഇവിടെ ഇപ്പോൾ സെന്റിനു വില.
അങ്കമാലി– കുണ്ടന്നൂർ ഹൈവേ, കൊച്ചി– തേനി ഹൈവേ എന്നിവ വരുന്നതോടെ ഇനി ബൈപാസിന്റെ ആവശ്യമില്ല. അപ്പോൾ, ഏറ്റെടുത്ത സ്ഥലം എന്തുചെയ്യും? ഉടമകൾക്കു തിരിച്ചുകൊടുക്കുമോ? അതോ, മാന്യമായ നഷ്ടപരിഹാരം നൽകുമോ? 50 വർഷത്തിലേറെയായി കാത്തിരിക്കുന്ന ഈ കുടുംബങ്ങളുടെ കണ്ണീർ അധികൃതർ കാണാതെ പോകരുത്.
വിമാനത്താവളത്തിനും അണക്കെട്ടിനും അടക്കം സർക്കാർ വിവിധ പദ്ധതികൾക്കായി ഏറ്റെടുക്കാൻ കല്ലിട്ട ഭൂമിയിൽ ജീവിതം തളച്ചിടപ്പെട്ട കുടുംബങ്ങൾ വേറെയുമുണ്ട്. അതെക്കുറിച്ച് നാളെ English Summary:
Shabari Railway Project delays : Shabari Railway Project delays have left many families in Kerala in limbo. The project\“s stalled progress has prevented landowners from selling or developing their properties, causing immense hardship. These families continue to wait for fair compensation, highlighting the human cost of delayed infrastructure projects. |