ഇരട്ടിത്തീരുവയുടെ ആഘാതത്തിനുപിന്നാലെ യുഎസ് അടിച്ചേൽപിച്ച കനത്ത വീസ ഫീ നമ്മുടെ തൊഴിലന്വേഷകരുടെ സ്വപ്നങ്ങളിൽ മണ്ണുവാരിയിടുന്നതാണ്. യുഎസിലേക്കുള്ള എച്ച്1ബി വീസ ഫീ ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ആക്കി ഉയർത്തിയത് പുതിയ അപേക്ഷകർക്കു മാത്രമാണെന്നും ഒറ്റത്തവണ മാത്രം അടച്ചാൽ മതിയെന്നും യുഎസ് അധികൃതർ വിശദീകരിച്ചെങ്കിലും ഈ വീസ പരിഷ്കാരത്തെച്ചൊല്ലിയുള്ള ആശങ്കകൾ ഒട്ടും കുറയുന്നില്ല.    
  
 -  Also Read  വീസ ഫീസ് ഒഴിവാക്കാൻ യുകെ, കെ വീസയുമായി ചൈന; ആഗോള പ്രതിഭകളെ ആകർഷിക്കാൻ പദ്ധതി   
 
    
 
യുഎസിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയെയാണ്. അതുകൊണ്ടുതന്നെ, ഇപ്പോൾ പല മടങ്ങായി വർധിപ്പിച്ച ഫീസ് മലയാളികളടക്കമുള്ളവരുടെ തൊഴിൽസാധ്യതയ്ക്കു വലിയതോതിൽ മങ്ങലേൽപിക്കും. യുഎസിൽ പലരും നേടുന്ന പ്രതിവർഷ ശമ്പളത്തെക്കാൾ കൂടുതലാണ് പുതിയ വീസ ഫീ. ശമ്പളത്തിനുപുറമേ ഇത്രയും വലിയ തുകകൂടി നൽകി പുതുതായി ജീവനക്കാരെ യുഎസിലേക്കു കൊണ്ടുപോകുന്നത് കമ്പനികൾക്കു വൻ ബാധ്യതയാകുമെന്ന കാര്യത്തിൽ സംശയമില്ല.    
 
യുഎസിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 71% ഇന്ത്യക്കാരാണ്. കുടിയേറ്റം തടയാനും യുഎസ് പൗരരെ ജോലികളിൽനിന്ന് ഒഴിവാക്കാതിരിക്കാനും ഏറെ വൈദഗ്ധ്യമുള്ളവർ മാത്രം യുഎസിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണു വീസ ഫീ ഉയർത്തുന്നതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശദീകരണം. Punaloor murder case, Wife murdered by husband, Facebook post murder justification, Kerala crime news, Domestic violence Kerala, Malayala Manorama Online News, പുനലൂർ കൊലപാതകം, ഐസക് മാത്യു ശാലിനി കൊലപാതകം, ശാലിനി കൊലപാതകം, Domestic dispute leading to murder, Crime news Kerala, Husband surrenders to police, പുനലൂർ വാർത്ത, Kerala murder investigation, Murder in Kollam district  
 
പുതിയ തീരുമാനം ഏറ്റവും വലിയ തിരിച്ചടിയാകുക ഐടി മേഖലയിലാണ്. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ നടപ്പാക്കി ജീവനക്കാരെ കുറയ്ക്കാൻ കമ്പനികൾ ആലോചിക്കുന്നതിനിടെയാണ് എച്ച്1ബി വീസയും കുരുക്കാകുന്നത്. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധി അവസരമാക്കി മുന്നേറാൻ കേരളത്തിനു കഴിയുമെന്നു ചൂണ്ടിക്കാട്ടുന്ന വിദഗ്ധരുമുണ്ട്. ഇതിനായി, കേരളത്തിൽ ബിസിനസ് തുടങ്ങാനും തൊഴിലെടുക്കാനുമുള്ള മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കേണ്ടതുണ്ട്. എപ്പോൾവേണമെങ്കിലും ഏതു മേഖലയിലെയും നയം മാറ്റാൻ മടിക്കാത്ത യുഎസിനോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന ഓർമപ്പെടുത്തലും ഈ പ്രതിസന്ധിയിലുണ്ട്. യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്കു നമ്മുടെ ശ്രദ്ധ തിരിയേണ്ട സമയവുമായി.  
  
 -  Also Read   ഇന്ത്യയ്ക്കെതിരെ പുതിയ വടി വെട്ടി ട്രംപ്; അമേരിക്കൻ ജോലി ഇനി സ്വപ്നം; ‘സമയം’ ദോഷമായി, ഈ ഐടി നഗരങ്ങളിൽ തൊഴിൽനഷ്ട ഭീതി   
 
    
 
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വളർച്ചയാണ് പ്രധാന സാധ്യതകളിലൊന്നായി വിദഗ്ധർ അവതരിപ്പിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ ഓപ്പറേഷനൽ ഹബ്ബായി പ്രവർത്തിക്കുന്ന ജിസിസികൾ ഇന്ത്യയിൽ നിലവിൽ രണ്ടായിരത്തോളമുണ്ട്. ഇത് ആഗോളതലത്തിലുള്ളതിന്റെ 50 ശതമാനമാണ്. കേരളത്തിലാകട്ടെ 40 ജിസിസികളേയുള്ളൂ. ഈ രംഗത്തു നാം കൂടുതൽ ചുവടുറപ്പിച്ചാൽ വിദഗ്ധരുടെ തിരിച്ചൊഴുക്ക് (റിവേഴ്സ് മൈഗ്രേഷൻ) ഫലപ്രദമായി സാധ്യമാക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ ഓഫിസിലിരുന്ന് യുഎസ് ഉപയോക്താവിനായി ജോലിചെയ്യുന്ന ‘ഓഫ്ഷോർ’ സംവിധാനം ശക്തമാകാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഓഫ്ഷോർ ജോലികൾക്കും കാലക്രമേണ നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന് ആശങ്കയുണ്ട്.    
 
പലതരത്തിലുള്ള കുരുക്കുകൾകൊണ്ട് ലോകക്രമത്തെത്തന്നെ വീർപ്പുമുട്ടിക്കുകയും അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്ന യുഎസിന്റെ സമീപനം അപലപനീയമാണെന്നതിൽ സംശയമില്ല. വീസ പരിഷ്കാരത്തിന്റെ ആഘാതം ഇന്ത്യയിലെ തൊഴിലന്വേഷകരിലുണ്ടാക്കുന്ന താങ്ങാഭാരവും ആശങ്കയും നിരാശയും തിരിച്ചറിഞ്ഞുള്ള അടിയന്തര പരിഹാരനടപടികൾക്കുള്ള നയതന്ത്ര ശ്രമങ്ങൾ കേന്ദ്ര സർക്കാരിൽനിന്നുണ്ടായേതീരൂ.    
  
 -  Also Read  എച്ച്1ബി വീസ: ഒരു ലക്ഷം ഡോളർ ഒറ്റത്തവണ മതിയെന്ന് അധികൃതർ   
 
    
 
കനത്ത വീസ ഫീസ് നൽകി യുഎസിലേക്കു പോകാൻകഴിയാത്ത മികവുറ്റ തൊഴിലന്വേഷകർക്ക് ഇവിടെത്തന്നെ മെച്ചപ്പെട്ട അവസരമൊരുക്കുന്നതിനോടൊപ്പം  ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ബഹുമുഖ സ്വയംപര്യാപ്തതയ്ക്കായി ഇന്ത്യ സജ്ജമാകുകയുംവേണം. English Summary:  
Untangling the H1B Snare: Visa Fee Reforms and Lingering Anxiety for Indian Job Seekers |