പ്രൗഢഗംഭീരമായൊരു മാറ്റത്തിന്റെ ചന്ദ്രോത്സവപ്പുലർച്ച: 45 വർഷം മുൻപ്, ഒരു ക്രിസ്മസ്നാളിൽ മലയാളത്തിരശീലയിലെത്തിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയുടെ പരസ്യവാചകമായിരുന്നു ഇത്. എത്ര സുന്ദരവും പ്രവചനാത്മകവുമായ വാക്യം! അതുതന്നെ സംഭവിച്ചു! ഒരു ലേഡീസ് കുടയുമായി, ഒരു വശത്തേക്കു ചെരിഞ്ഞുനടന്ന് ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂവിന് എത്തി, ആ സിനിമയിലെ പ്രതിനായകനാവുകയും അധികംവൈകാതെ ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും വലിയ നായകരിലൊരാളാവുകയും ചെയ്ത മഹാനടന്റെ പ്രവേശന വിളംബരമായി ആ വാക്യം.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നാളെ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് മോഹൻലാൽ ഏറ്റുവാങ്ങുമ്പോൾ ആ ധന്യമുഹൂർത്തം അഭിമാനത്തോടെ, ആഹ്ലാദത്തോടെ, ഹൃദയം നിറഞ്ഞാണു മലയാളം കണ്ടുനിൽക്കുക. ഇങ്ങനെയുള്ള വലിയ നേട്ടങ്ങളിലൂടെയാണ് നമ്മുടെ ഭാഷയും സംസ്കാരവും കാലത്തിൽ മായാമുദ്രകൾ ചാർത്തുന്നത്. ഇതിനുമുൻപ് ഫാൽക്കെ പുരസ്കാരം നേടിയ ( 2004) പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിലൂടെയും ഇപ്പോഴിതാ മോഹൻലാലിലൂടെയും മലയാള സിനിമ കൂടുതൽ ദീപ്തമാകുന്നു. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു മോഹൻലാലിന് 2023ലെ ഫാൽക്കെ പുരസ്കാരം.
മലയാളത്തിലെ ആദ്യ സിനിമയാണ് ‘വിഗതകുമാരൻ’. ജെ.സി.ഡാനിയൽ സംവിധാനം ചെയ്ത ഈ നിശ്ശബ്ദ സിനിമ 1928 നവംബർ ഏഴിനാണ് ആദ്യമായി പ്രദർശിപ്പിച്ചത്; തിരുവനന്തപുരത്തെ കാപ്പിറ്റോൾ തിയറ്ററിൽ. ആ ചരിത്രസംഭവത്തിന്റെ അൻപതാം വർഷത്തിൽ, അതേ തിരുവനന്തപുരത്ത്, ‘തിരനോട്ടം’ എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയതാണ് മോഹൻലാൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇതിനകം അഭിനയിച്ചത് 360ൽ ഏറെ ചിത്രങ്ങളിൽ. കഴിഞ്ഞ 48 വർഷത്തെ സിനിമാജീവിതത്തിൽ തന്നെ ഇഷ്ടപ്പെടുന്നവർക്കു തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പിന്നിട്ട സിനിമാവഴികളത്രയും ആ മനസ്സിൽ വീണ്ടും തെളിഞ്ഞിരിക്കണം.Editorial, Malayalam News, US Visa, United States Of America, USA, Donald Trump, H1B visa, US visa fee increase, Indian job seekers, Malayali job seekers, IT sector impact, Global Capability Centers, GCCs India, Kerala employment, US immigration policy, visa reforms, offshore work, skilled migration, diplomatic efforts, self-reliance India, US dominance, job opportunities Kerala, high-skill visas, visa burden, H1B വിസ, അമേരിക്കൻ വിസ ഫീസ്, വിസ ഫീസ് വർദ്ധനവ്, ഇന്ത്യൻ തൊഴിലന്വേഷകർ, മലയാളി തൊഴിലന്വേഷകർ, ഐടി മേഖല, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, കേരളത്തിലെ തൊഴിലവസരങ്ങൾ, വിസ നയം, നയതന്ത്ര ശ്രമങ്ങൾ, സ്വയംപര്യാപ്തത, പ്രവാസി പ്രശ്നങ്ങൾ, വിദേശ ജോലി, വിസ തടസ്സങ്ങൾ, artificial intelligence IT, employment prospects, policy changes, European markets, Asian markets, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Untangling the H1B Snare: Visa Fee Reforms and Lingering Anxiety for Indian Job Seekers
സിനിമ തീർന്നാലും പ്രേക്ഷകഹൃദയത്തിൽ ഒരിക്കലും തീരാത്ത എത്രയോ കഥാപാത്രങ്ങളാണ് ഇക്കാലത്തിനിടെ അദ്ദേഹത്തിൽനിന്നുണ്ടായത്. നല്ല വേഷങ്ങൾ കിട്ടുക എന്നതാണ് ഒരു അഭിനേതാവിന്റെ ഭാഗ്യമെന്നും അത്തരം ഒരുപാടു ഭാഗ്യങ്ങൾ തനിക്കു കിട്ടിയെന്നും അദ്ദേഹം ഇന്നലെ പറഞ്ഞതും നാം കേട്ടു. ആ വേഷങ്ങൾക്കെല്ലാം തനിക്കു മാത്രം സാധ്യമാകുന്നവിധം നിറവു നൽകുകയായിരുന്നു മോഹൻലാൽ. വിസ്മയിപ്പിക്കുംവിധം അനായാസമാണ് ആ അഭിനയശൈലി. ഭാരത്തോടെ അദ്ദേഹം ഒരു വേഷവും ചെയ്തില്ല. സിനിമയോടും പ്രേക്ഷകരോടുമുള്ള തന്റെ പ്രതിബദ്ധതയാണ് ഓരോ വേഷത്തിലുമുണ്ടാകേണ്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ഏതു വേഷവും ഏറ്റവും മികവോടെ അദ്ദേഹത്തിനു വഴങ്ങി; തിരശീലയിൽ തിളങ്ങി. സിനിമയിൽ കലയും കച്ചവടവും തമ്മിലുള്ള പാരസ്പര്യം ഏറ്റവും നന്നായി തിരിച്ചറിയുകയും ചെയ്യുന്നു, മോഹൻലാൽ.
പല തലമുറകൾ ലാൽസിനിമകളുടെ ആരാധകരായി. പ്രായഭേദമില്ലാതെ അവരെല്ലാം അദ്ദേഹത്തെ ‘ലാലേട്ടാ’ എന്നു വിളിച്ച് കുടുംബാംഗമാക്കി. മലയാളിക്ക് അദ്ദേഹം അത്രമേൽ പരിചിതനും പ്രിയങ്കരനുമായതിൽ അദ്ഭുതമില്ല. കാരണം, സ്നേഹത്തിന്റെ ഹൃദയലിപികൾ കൊണ്ടാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അനശ്വരരാക്കിയത്. ‘ഈ ഫാൽക്കെ പുരസ്കാരം നടനു മാത്രമുള്ളതല്ല; മറിച്ച് സിനിമ ശ്വസിച്ചു ജീവിക്കുന്ന യഥാർഥ കലാകാരനുള്ളതാണ്’ എന്നു പറഞ്ഞ് മമ്മൂട്ടി അഭിനന്ദിച്ചതിലുണ്ട് മോഹൻലാൽ ജീവവായുവായി കാണുന്ന സമർപ്പണത്തിന്റെ അർഥവും ആഴവും.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയുടെ ആ പരസ്യവാചകം വീണ്ടുമോർമിക്കാം. പ്രൗഢഗംഭീരമായ മാറ്റത്തിന്റെ എത്രയെത്രയോ ചന്ദ്രോത്സവപ്പുലർച്ചകൾ മാത്രമല്ല, പകർച്ചകൾ കൂടിയാണ് നാലു ദശാബ്ദത്തിലേറെയായി മോഹൻലാൽസിനിമകളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ ഏറ്റവും തിളക്കമാർന്ന മേൽവിലാസമായി ആ നാമം തുടരട്ടെ. ധന്യതയാർന്ന ആ അഭിനയസഞ്ചാരം ഹൃദയപൂർവം നമുക്കു കണ്ടുനിൽക്കാം. English Summary:
Mohanlal\“s Dadasaheb Phalke Award: A Glorious Chapter in Indian Cinema History |