പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ആൽബർട്ട് ഐൻസ്റ്റൈൻ തയാറാക്കിയ ചോദ്യക്കടലാസിനെക്കുറിച്ച് ഒരു കഥയുണ്ട്: മുൻവർഷം തയാറാക്കിയ അതേ ചോദ്യങ്ങളാണ് രണ്ടാം വർഷവും ഐൻസ്റ്റൈൻ തന്റെ സഹായിക്കു കൈമാറിയത്. ഇതുതന്നെയല്ലേ കഴിഞ്ഞവർഷവും നൽകിയതെന്നു സഹായിയുടെ ചോദ്യം. അതെ, എന്നു പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ഐൻസ്റ്റൈൻ തുടർന്നു: ഉത്തരങ്ങൾ മാറിയിട്ടുണ്ട്.    
 
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പു കമ്മിഷനും മുഖത്തോടു മുഖം നിൽക്കുന്ന വോട്ടുകൊള്ള ആരോപണത്തെയും മേൽപറഞ്ഞ കഥയെയും ചേർത്തുവയ്ക്കാം. കഴിഞ്ഞമാസം ഉന്നയിച്ച ചോദ്യങ്ങളാണ് പുതിയ തെളിവുകളുടെ സഹായത്തോടെ രാഹുൽ കഴിഞ്ഞദിവസം ആരോപണരീതിയിൽ തിരഞ്ഞെടുപ്പു കമ്മിഷനോട് ആവർത്തിച്ചത്. കമ്മിഷന്റെ ഉത്തരങ്ങൾ മാറി എന്നു പറയാനാവില്ല. കാരണം, കമ്മിഷൻ കൃത്യമായ ഉത്തരങ്ങൾ നൽകുന്നില്ല. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്നു പറയുകയെന്ന നിഷേധാത്മക സമീപനത്തിൽ മാറ്റമില്ല താനും.   
 
ഒരേ വോട്ടർമാരെ പല ബൂത്തുകളിലെത്തിക്കുക, വ്യാജ മേൽവിലാസം ഉപയോഗിച്ചു പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുക തുടങ്ങിയ ക്രമക്കേടുകളാണ് ‘വോട്ടുകൊള്ള’യെന്ന ആരോപണത്തിന് അടിസ്ഥാനമാക്കുന്ന തെളിവുകളായി കഴിഞ്ഞമാസം ഏഴിനു രാഹുൽ മുന്നോട്ടുവച്ചത്. വോട്ടർമാർ അറിയാതെ അവരുടെ പേര് പട്ടികയിൽനിന്ന് ഓൺലൈൻ സംവിധാനത്തിലൂടെ വെട്ടിമാറ്റുന്നതിന്റെ തെളിവുകളാണ് കർണാടകയിലെ അലിന്ദ് മണ്ഡലത്തിലെ ‘ഇരകളെ’ ഹാജരാക്കി രാഹുൽ കഴിഞ്ഞദിവസം അവതരിപ്പിച്ചത്. വോട്ടുമോഷ്ടാക്കളെ സംരക്ഷിക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ കശാപ്പു ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. ഇന്നലെ ആരോപണം ആവർത്തിച്ചുകൊണ്ട് രാഹുൽ പറഞ്ഞു: ‘ഉണർന്നിരുന്ന തിരഞ്ഞെടുപ്പു കാവൽക്കാരൻ മോഷണം കണ്ടു; മോഷ്ടാക്കളെ സംരക്ഷിച്ചു.’    
 
ആരോപണങ്ങൾ വിശദീകരിച്ച് രാഹുൽ കഴിഞ്ഞമാസം നടത്തിയ വാർത്താസമ്മേളനം പൂർത്തിയാകാൻപോലും കാത്തിരിക്കാതെ കമ്മിഷൻ നിഷേധവാദങ്ങൾ പ്രചരിപ്പിക്കാൻ രംഗത്തെത്തിയിരുന്നു. അനൗദ്യോഗികമായി മാധ്യമങ്ങൾക്കു ലഭ്യമാക്കിയ പ്രസ്താവനകളിലൂടെ പ്രതിരോധം തുടർന്ന കമ്മിഷൻ ഒന്നരയാഴ്ചയ്ക്കു ശേഷമാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അപ്പോഴും, ഏഴു ദിവസത്തിനകം ആരോപണങ്ങൾക്കു സത്യവാങ്മൂലം നൽകണമെന്നും അല്ലെങ്കിൽ രാഹുൽ രാജ്യത്തോടു മാപ്പു പറയണമെന്നുമാണ് കമ്മിഷൻ വാദിച്ചത്. കഴിഞ്ഞദിവസവും രാഹുലിന്റെ ആരോപണങ്ങൾ വന്നതിനു പിന്നാലെ, ഔദ്യോഗിക സ്വഭാവമില്ലാത്ത നിഷേധക്കുറിപ്പാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനിൽനിന്നു പുറത്തുവന്നതെങ്കിൽ ഇന്നലെ അത് ഔദ്യോഗികമാക്കി.   Editorial, Malayalam News, Mohanlal, Movie, Malayalam Cinema, Mohanlal Dadasaheb Phalke Award, Mohanlal Phalke Award, Dadasaheb Phalke Award, Mohanlal career, Malayalam actor Mohanlal, Indian cinema legend, Manjil Virinja Pookkal, Adoor Gopalakrishnan Phalke, Vigathakumaran, Thiranottam, Lalettan, Mammootty message, Mohanlal acting, Malayalam cinema history, National Film Awards, President Droupadi Murmu, greatest leading men, Indian film industry, actor director producer, film career journey, cinematic honor, മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ്, മോഹൻലാൽ ഫാൽക്കെ പുരസ്കാരം, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, മോഹൻലാൽ കരിയർ, മലയാള നടൻ മോഹൻലാൽ, ഇന്ത്യൻ സിനിമ ഇതിഹാസം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ, വിഗതകുമാരൻ, തിരനോട്ടം, ലാലേട്ടൻ, മമ്മൂട്ടി ആശംസ, മോഹൻലാൽ അഭിനയം, മലയാള സിനിമ ചരിത്രം, ദേശീയ ചലച്ചിത്ര പുരസ്കാരം, ദ്രൗപതി മുർമു, ഇന്ത്യൻ സിനിമാ വ്യവസായം, നടൻ സംവിധായകൻ നിർമ്മാതാവ്, സിനിമാ യാത്ര, സിനിമാ പരമോന്നത ബഹുമതി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Mohanlal\“s Dadasaheb Phalke Award: A Glorious Chapter in Indian Cinema History  
 
എന്നാൽ, കൃത്യമായ മറുപടി നൽകാൻ കമ്മിഷൻ തയാറാകാത്തതിനാലുള്ള കുറവു നികത്താനെന്നോണം കഴിഞ്ഞദിവസവും വിഷയത്തിൽ ബിജെപി കക്ഷി ചേർന്നുവെന്നതു ശ്രദ്ധേയമാണ്. രാഹുലിന്റേതു ശ്രദ്ധ കവരാനുള്ള ശ്രമമാണെന്നും ആരോപണത്തിന് അടിസ്ഥാനമാക്കിയ അലിന്ദ് മണ്ഡലത്തിൽ കോൺഗ്രസാണ് ജയിച്ചതെന്നുമുള്ള വാദങ്ങളാണ് കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉന്നയിച്ചത്. വോട്ടർപട്ടികയിലെ ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കു മറുപടി നൽകാൻ ഉത്തരവാദപ്പെട്ട കമ്മിഷൻ അതു ചെയ്യാതിരിക്കുകയും ആ വിടവു നികത്താൻ ബിജെപി ഉത്സാഹിക്കുകയും ചെയ്യുന്നതാണ് കൗതുകകരം. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയെന്നതാണ് തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്നും കുറ്റമറ്റ വോട്ടർപട്ടികയെന്നത് അതിലെ സുപ്രധാന ഘടകമാണെന്നുമുള്ള ബോധ്യത്തെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷൻ എപ്പോഴും പറയാറുള്ളതാണ്. എന്നാൽ, ആ പട്ടികയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് വീണ്ടും വീണ്ടും ചോദ്യമുന്നയിക്കുന്നത്.   
 
2025ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ന്യൂഡൽഹി മണ്ഡലത്തിലെ പട്ടികയിൽനിന്ന് 42,000 വോട്ടർമാരെ നീക്കിയെന്ന ആരോപണം ആം ആദ്മി പാർട്ടി ഇന്നലെ ഉയർത്തിയത് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്ക് ഏറ്റവും പുതിയ അനുബന്ധമായി. രണ്ടാം ഘട്ടമായി 6100 വോട്ടർമാരെക്കൂടി നീക്കിയെന്നാണ് എഎപി ആരോപണം.   
 
ബിഹാറിലെ വോട്ടർപട്ടികയുടെ സമഗ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് കമ്മിഷൻ സ്വീകരിച്ച ചില നിലപാടുകളിൽ സുപ്രീം കോടതി ഇടപെട്ട് തിരുത്തലുകൾ വരുത്തിയത് കഴിഞ്ഞയാഴ്ചകളിലാണ്. വേണ്ടത്ര കൂടിയാലോചനയോടെയും എല്ലാ രാഷ്ട്രീയകക്ഷികളെയും വിശ്വാസത്തിലെടുത്തുമാണ് കമ്മിഷൻ ബിഹാറിൽ എസ്ഐആറിന് ഇറങ്ങിത്തിരിച്ചതെങ്കിൽ പിന്നീടുണ്ടായ ആശയക്കുഴപ്പങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളും ഒഴിവാക്കാമായിരുന്നു. തങ്ങൾ ചിന്തിക്കുന്നതും തീരുമാനിക്കുന്നതും മാത്രമാണ് ശരിയെന്ന മട്ടിലുള്ള പ്രവർത്തനം തങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നതെന്നു കമ്മിഷൻ ഓർക്കാതെപോകുന്നു.   
 
മറ്റാരുടെയും ആജ്ഞാനുവർത്തികളായല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും ആ പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും നടപടികളിലൂടെ തെളിയിക്കാൻ കമ്മിഷൻ ഇനിയെങ്കിലും തയാറായില്ലെങ്കിൽ സാധാരണ വോട്ടർക്കു തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ തുടരുകയേയുള്ളൂ. അതു നമ്മുടെ ജനാധിപത്യത്തിനു നല്ലതാണോ എന്നതാണ് ബാക്കിയാവുന്ന ചോദ്യം. English Summary:  
 Voter List Under Scrutiny: Rahul Gandhi Challenges Election Commission on Vote Rigging |