ആകെ അന്വേഷിച്ച് ഒടുവിൽ കോട്ടയത്തുനിന്നുള്ള വിവാഹസംഘത്തെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഞങ്ങൾ കണ്ടെത്തിയത്. കുറ്റമല്ല, തിരക്കേറിയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ആരും ചുറ്റിപ്പോകും. മൊബൈൽ ഫോണില്ലാത്ത കാലമല്ലേ, ആരെവിടെയെന്നൊക്കെ എങ്ങനെയറിയും. വേണുവിനെ കണ്ടതും ഞാൻ ഓടിച്ചെന്നു, എന്റെ കണ്ണുകൾ നിറഞ്ഞു. പിന്നങ്ങോട്ട് നാലഞ്ചുനാൾ അത്യാഹ്ലാദത്തിന്റേതായിരുന്നു. കുടകിലെയും ബെംഗളൂരുവിലെയും ബന്ധുക്കൾ, ഞങ്ങളുടെ പുണെസ്നേഹിതർ; വീടാകെ ഉണർന്നു. രാവേറുവോളം നീണ്ടു പാട്ടും കൂട്ടവും. ഒരാളെയും വെറുതേവിട്ടില്ല, ഡാൻസിനൊന്നും ഞാനില്ലേയെന്നു പറഞ്ഞു വേണുവിന്റെ അച്ഛൻ ഓടിമാറിയതും പച്ചവെള്ളമെന്നു കരുതി വേണു വോഡ്ക അപ്പടി വിഴുങ്ങിയതുമെല്ലാം ഈയിടെയെന്ന പോലെ ഓർമയിൽ.  
  
 -  Also Read  രബീന്ദ്രനാഥ ടഗോറും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ കഥ   
 
    
 
എന്റെയൊരു അമ്മാവന്റെ മകൻ ശിവറാം ഹിമാലയൻ റാലിയിൽ പങ്കെടുക്കുകയായിരുന്നു അപ്പോൾ. അവനൊരു അപകടമുണ്ടായെന്ന് അറിഞ്ഞതും ആ സന്തോഷത്തിൽ ഒരൽപം നിഴൽ വീണു. കൂട്ടുകാരും ബന്ധുക്കളുമൊക്കെ കാർപറ്റ് വിരിച്ച് ഒന്നിച്ചുറങ്ങിയ, വീട്ടിലെ നീളൻഹാൾ പിറ്റേന്നു കല്യാണപ്പന്തലായി വേഷംമാറി. അമ്മ കല്യാണത്തിന് ഉടുത്ത അതേ ബനാറസ് പട്ടുസാരി ചുറ്റി ഞാനെന്റെ വേഷപ്പകർച്ച അസ്സലാക്കി. അച്ഛൻ ബന്ധുക്കളുടെ സുറിയാനി ക്രിസ്ത്യൻചിട്ട, ഏറ്റുമാനൂരുകാരുടെ അല്ലറചില്ലറ നിർദേശങ്ങൾ, കുടകുകാരുടെ ഉദാസീനമായ കരുതൽ; ആകെക്കൂടി അവിയൽ പരുവത്തിലായിരുന്നു വിവാഹം. എന്റെ അച്ഛന്റെ ബന്ധുവായ ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് തിരുമേനി ആശീർവാദത്തിന് എത്തി, അതായിരുന്നു ഏക ആചാരം.  
 
ഡൽഹി രുചിവട്ടം മാത്രം പോരല്ലോ, എൻഎഫ്ഡിസിയിലെ പരമേശ്വരൻ സാറിനോടു പറഞ്ഞു കേരളീയസദ്യ ഒരുക്കിയിരുന്നു. കുട്ടുകാരി അനാമിക നാടകപഠനത്തിനായി റഷ്യയിലായിരുന്നു. അവളുടെ അച്ഛൻ പി.എൻ.ഹക്സറും അമ്മ ഊർമിളയും എത്തി. അവിയലിന്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹത്തിന് സദ്യ പ്രിയമായി. സുഹൃത്ത് രാം റഹ്മാനായിരുന്നു ഔദ്യോഗിക ഫൊട്ടോഗ്രഫർ. സണ്ണി ജോസഫും ക്യാമറയുമായി ആദ്യവസാനം ഓടിനടന്നു. എന്നിട്ടെന്താ, പാവത്തിനെ ക്യാമറ ചതിച്ചു. എടുത്തതൊന്നും പതിഞ്ഞില്ല. ഇതു ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊട്ടോഗ്രഫർമാരുടെ ദുർവിധിയാവാം, അല്ലാതെന്തു പറയാൻ.  
 
ഏറ്റുമാനൂരിലേക്ക്  
 
ആഘോഷമൊക്കെ കഴിഞ്ഞു ബന്ധുക്കൾ മടങ്ങിയെങ്കിലും നാലഞ്ചുനാൾ കഴിഞ്ഞാണ് ഞാനും വേണുവും കോട്ടയത്തേക്കു വന്നത്. ജയന്തിജനതയിലെ സെക്കൻഡ് ക്ലാസ് കംപാർട്മെന്റിൽ കൊച്ചിയിലെത്തി, പിന്നെ ഏറ്റുമാനൂരിലേക്ക്. അടുത്ത ദിവസം കോട്ടയത്ത് കെ.സി.മാമ്മൻ മാപ്പിള ഹാളിൽ വിരുന്നൊരുക്കിയിരുന്നു. വേണുവിന്റെ ബന്ധുക്കളും ഞങ്ങളുടെ സ്നേഹിതരുമുണ്ട്. പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു വേണുവിന്റെ അച്ഛൻ എം.ഇ.നാരായണക്കുറുപ്പ്. ആ സൗഹൃദവലയത്തിലുള്ളവരുമേറെ, കൂടാതെ അമ്മയുടെ അധ്യാപകസുഹൃത്തുക്കളും ശിഷ്യരും. ഡൽഹിയിൽനിന്ന് എന്റെ അച്ഛനെത്തി, കോട്ടയത്തെ അടുത്ത ബന്ധുക്കളും. ജോൺ ഏബ്രഹാമും അരവിന്ദേട്ടനും ലീലച്ചേച്ചിയും രാജീവ് വിജയരാഘവനും ഷാജിച്ചേട്ടനും അനസൂയചേച്ചിയുമൊക്കെ വന്നു.  
 
അനസൂയചേച്ചിയെ ആദ്യമായി കാണുകയാണ്. കല്യാണപ്പെണ്ണാണെങ്കിലും ആൾക്കൂട്ടത്തിൽ ഞാനാകെ അമ്പരന്നുനിന്നു. ഒരു കേരളീയകല്യാണം ഞാൻ കണ്ടിട്ടേയില്ലല്ലോ. പിന്നെയാണ് ഏറ്റുമാനൂർവാസം. അയൽപക്കവും അതിന്റെ പങ്കിടൽ രസങ്ങളും അറിഞ്ഞതു നാട്ടിൻപുറത്തു ജീവിച്ചു തുടങ്ങിയപ്പോഴാണ്. അടുക്കളയിൽ ഞാൻ അമ്മയ്ക്കു ശിഷ്യപ്പെട്ടു. സാമ്പാറും അവിയലും രസവുമെല്ലാം വച്ചുപഠിപ്പിച്ചെങ്കിലും ഞാനൊരു നല്ല വിദ്യാർഥിയായിരുന്നില്ല. ലീലക്കുഞ്ഞമ്മ കോട്ടയത്തു തന്നെയുണ്ട്. ലോ കോളജ് വിദ്യാർഥിയായ അനിയൻ രാമചന്ദ്രൻ ഇടയ്ക്കിടെ തിരുവനന്തപുരത്തുനിന്ന് എത്തും. നിയമമാണു പഠിച്ചതെങ്കിലും രാമചന്ദ്രൻ പൊലീസിലെത്തി. വർഷങ്ങൾക്കുശേഷം ജില്ലാ പൊലീസ് മേധാവിയായി വിരമിച്ചു.  
 
അച്ഛന് അദ്ദേഹത്തിന്റേതായ ചിട്ടകളുണ്ടായിരുന്നു.ദേഷ്യവും വഴക്കുമൊക്കെയുണ്ടെങ്കിലും എന്നോട് എപ്പോഴും സ്നേഹം. പിന്നീടു രാമചന്ദ്രൻ വിവാഹം കഴിച്ച് അപർണ എന്റെ അനിയത്തിയായിവന്നു. അപർണയോടും അച്ഛന് അതേ ഇഷ്ടമുണ്ടായിരുന്നു. അപരിചിതമായൊരു ഇടത്തേക്കും വീട്ടിലേക്കും വിവാഹിതരായെത്തുന്നവരുടെ അങ്കലാപ്പുകൾ ആരറിയുന്നു. കാരൂർക്കഥകളോട് ഇഷ്ടത്തിലായതും ആ ദിവസങ്ങളിലാണ്. അമ്മ കഥകൾ വായിച്ചുകേൾപ്പിക്കും. മരപ്പാവകൾ, പൊതിച്ചോറ്; ഇഷ്ടകഥകൾ പലതുമുണ്ട്. തനിച്ച് ആദ്യമായി കോട്ടയം നഗരം കണ്ടത് അമ്മയുടെ  സ്കൂൾ വാർഷികത്തിന് എന്നെയും ക്ഷണിച്ചപ്പോഴാണ്.  
 
വൈകിട്ടു സ്കൂളിലെത്താൻ അമ്മ പറഞ്ഞു. ഞാൻ ഏറ്റുമാനൂരിൽനിന്ന് ബസിൽ കോട്ടയത്തേക്ക് ടിക്കറ്റെടുത്തു. സഹയാത്രികരുടെ കണ്ണേറും അടക്കിയ ചിരിയും ആദ്യം കണ്ടില്ലെന്നുവച്ചു. സ്ലീവ്ലെസ് ബ്ലൗസും സാരിയുമായിരുന്നു എന്റെ വേഷം. അതുതന്നെ കാരണം. ഞാനൊരു  ഫാഷനബിൾ യുവതിയായിരുന്നില്ല. പക്ഷേ ഈ കുത്തുന്ന നോട്ടങ്ങളിൽ അതിശയം തോന്നി. അവിടെനിന്നൊക്കെ നാം കുറെയൊക്കെ മുന്നോട്ടുയാത്ര ചെയ്തെത്തി. ഇഷ്ടമുള്ള വേഷം ധരിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമൊക്കെ ഇപ്പോൾ മലയാളിപ്പെൺകുട്ടികൾക്ക് എളുപ്പമായി. വേണു സിനിമയുടെ തിരക്കുകളിലും യാത്രകളിലുമായിരുന്നു. തനിച്ചായെന്നു പറയാനാവില്ലെങ്കിലും എന്റെ സിനിമാസ്വപ്നങ്ങൾക്ക് അർധവിരാമം വീണതുപോലെ തോന്നി. ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു. വേണുവിന്റെ അച്ഛന്റെ സുഹൃത്തിന് പട്ടത്തൊരു ഫ്ലാറ്റുണ്ടായിരുന്നു. അതെക്കുറിച്ച് കേട്ടതും പിന്നൊന്നും ആലോചിച്ചില്ല.  
 
അപരിചിത നഗരത്തിൽ  
 
വിവാഹവിരുന്നിനു കിട്ടിയ വേണ്ടതും വേണ്ടാത്തതുമായ പല മാതിരി സമ്മാനങ്ങളുമായാണ് ഞാനും വേണുവും തിരുവനന്തപുരത്ത് എത്തിയത്. ഏറ്റുമാനൂരിൽനിന്നുള്ള ഫർണിച്ചർ, ഡൽഹിയിൽനിന്നൊരു പെട്ടിയിൽ അമ്മ അയച്ച അടുക്കളപ്പാത്രങ്ങൾ; അങ്ങനെയൊരു വീടിനു വേണ്ടതെല്ലാമായി. വീടിനു ചേരാത്തൊരു കൂറ്റൻ ക്ലോക്കുമായി ഞാൻ നഗരത്തിലൊക്കെ അലഞ്ഞതു വേണുവിനു നേരം കിട്ടുമ്പോഴൊക്കെ എന്നെ കളിയാക്കാനുള്ള വകയായി. ‘പകരം ചെറുതൊരെണ്ണം തരണം, കാശൊന്നും വേണ്ട;’ ആയുർവേദ കോളജിന് അരികിലെ ഇബ്രാഹിം വാച്ച് ഷോപ്പിലെ മുതലാളിക്കു ചിരി വന്നു. ‘ആദ്യമായാണ് ഇങ്ങനെയൊരു കസ്റ്റമർ’.Sunday Special, Malayalam News, Airplane Crash, Kollam, GR Indugopan, kollam plane crash, kerala first plane crash, kollam airport history, asramam aerodrome, P.K. Mathew crash, sunny P.K. Mathew, madras flying club accident, historic plane crash Kerala, kollam aviation history, old kollam airport, G.R. Indugopan article, Thoppil Bhasi screenplay, chalakuzhi family, C.P. Mamman Kollam, Kollam memories, aerodrome Kerala, early aviation Kerala, Kollam historical events, Ashtamudi Lake, British Residency Kollam, Adhunika Kollathinte Charithram, Kollam Kazhinja Kollangal, T.K. Shahal Hassan Musaliyar, കൊല്ലം വിമാന അപകടം, കേരളത്തിലെ ആദ്യ വിമാന അപകടം, കൊല്ലം വിമാനത്താവളം ചരിത്രം, ആശ്രാമം ഏറോഡ്രോം, പി.കെ. മാത്യു അപകടം, സണ്ണി പി.കെ. മാത്യു, മദ്രാസ് ഫ്ലയിംഗ് ക്ലബ്, ചരിത്രപരമായ വിമാന അപകടം കേരളം, കൊല്ലം വ്യോമയാന ചരിത്രം, പഴയ കൊല്ലം വിമാനത്താവളം, ജി.ആർ. ഇന്ദുഗോപൻ ലേഖനം, തോപ്പിൽ ഭാസി തിരക്കഥ, ചാലക്കുഴി കുടുംബം, സി.പി. മാമ്മൻ കൊല്ലം, കൊല്ലം ഓർമ്മകൾ, ഏറോഡ്രോം കേരളം, ആദ്യകാല വ്യോമയാനം കേരളം, കൊല്ലം ചരിത്ര സംഭവങ്ങൾ, അഷ്ടമുടി കായൽ, ബ്രിട്ടീഷ് റെസിഡൻസി കൊല്ലം, ആധുനിക കൊല്ലത്തിന്റെ ചരിത്രം, കൊല്ലം കഴിഞ്ഞ കൊല്ലങ്ങൾ, ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാർ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Forgotten Skies: Kerala\“s First Plane Crash in Kollam  
 
ആ സുന്ദരമായ ഓർമ അടുത്തകാലം വരെ ഞങ്ങളുടെ ചുമരിൽ മിടിച്ചിരുന്നു. അന്ന് അതുപോലെ കൂടെ വന്നൊരു വിരുന്നുമേശയുമുണ്ട്. കോയയെന്നു വിളിക്കുന്ന കോട്ടയത്തെ വേണുവിന്റെ സുഹൃത്ത് സമ്മാനിച്ചത്. എത്ര വിരുന്നുകാർ വന്നാലും അവരെയെല്ലാം ചേർത്തിരുത്താവുന്ന ഒന്ന്; ഇപ്പോഴും കൂടെയുള്ള നല്ല രാശിയുള്ള മേശ.ഫ്ലാറ്റിലെത്തി അടുത്തദിവസം തന്നെ വേണു ചെന്നൈയിലേക്കു പോയി. ഞാൻ പുതിയ സ്ഥലത്ത്, ചുറ്റും അപരിചിതരായ മനുഷ്യർ.തൊട്ടുതാഴത്തെ ഫ്ലാറ്റിലെ വർഗീസ് അങ്കിളും ഗേളിയാന്റിയും 3 പെൺമക്കളുമായിരുന്നു രക്ഷാകവചം. അവർ ദീർഘകാലം മുംബൈവാസികളായിരുന്നു. അവർക്കു ഹിന്ദി അറിയാം. തനിച്ചായ ആ ദിവസങ്ങളിൽ അവരെന്നെ വലിയ സ്നേഹത്തോടെ പൊതിഞ്ഞുപിടിച്ചു. സിറ്റിയിൽ അന്ന് എന്റെയൊരു അടുത്ത ബന്ധു ജമുന കോശി താമസമുണ്ട്. അവൾ ഇടയ്ക്കിടെ വരും, കഥകൾ പറഞ്ഞിരിക്കും. നഗരവുമായി ഒട്ടൊക്കെയെന്നെ പരിചയത്തിലാക്കിയത് ജമുനയാണ്.  
 
മിസിസ് കെ.എം.മാത്യുവിന്റെ ‘കേരള കുക്കറി’ എന്റെ കയ്യിലുണ്ട്. എങ്കിലും അടുക്കളജനാലയിൽ കൂടി ഞാൻ ഗേളിയാന്റിയെ വിളിക്കും. ‘ആന്റീ, എത്ര ടേബിൾ സ്പൂൺ മുളകുപൊടി വേണം, എത്രയാവാം മല്ലിപ്പൊടി?’ ഹിന്ദിയിലാണ് എന്റെ ചോദ്യം. ഗേളിയാന്റിയുടെ ഉത്തരം താഴെനിന്ന് ഉച്ചത്തിലെത്തും. ചിലപ്പോഴത് അമ്പേ പാളിപ്പോകും. ഒരിക്കൽ രാജീവ് വിജയരാഘവനും വേണുവും ഉണ്ണാനുണ്ട്. ഞാനോരോന്നായി വിളമ്പുകയാണ്. ഇതെന്താ സംഗതി...? രാജീവിന്റെ ചോദ്യം. ‘ഇതു തീയൽ’ എന്റെ മറുപടി കേട്ടതും അവർക്കു ചിരി. ‘എന്തോ ഒരു....ൽ’ അങ്ങനെയും പറയാമെന്നായി അവർ. പാവം വേണു പലപ്പോഴും എന്റെ പാചകശിക്ഷ രുചിച്ചു. അതും നോർത്ത് ഇന്ത്യനും കന്നഡയും മലയാളവും കലർന്നയെന്റെ പാചകം.  പലരുചികൾക്കും താൽപര്യത്തിനും ചേരുംവിധം വച്ചുവിളമ്പലൊക്കെ കടമയായി കരുതിയിരുന്ന കാലത്തെ കാര്യമാണിത്. പ്രതിഫലമില്ലാത്ത ഈ പണിയൊക്കെ സ്ത്രീകൾക്കാണു ശരിക്കും ശിക്ഷയാകുന്നത്.  
 
അരവിന്ദേട്ടന്റെ വീട്ടിൽ  
 
 വൈകുന്നേരങ്ങളിൽ വഴുതക്കാട്ട് അരവിന്ദേട്ടന്റെ വീട്ടിലൊരു സദസ്സ് പതിവാണ്. യാത്ര ബസിലോ ഓട്ടോയിലോ; പിന്നീടാണ് വേണു ബൈക്ക് സ്വന്തമാക്കിയത്. അരവിന്ദാക്ഷനമ്മാവൻ എന്നാണു വേണു വിളിക്കുക. അവർ ബന്ധുക്കളാണ്. നെടുമുടി വേണുച്ചേട്ടനും സുശീലേച്ചിയും ഷാജിച്ചേട്ടനും അനസൂയച്ചേച്ചിയുമെല്ലാം മിക്കപ്പോഴും ഉണ്ടാകും. എസ്.ജയചന്ദ്രൻനായർ സാറായിരുന്നു പിന്നത്തെ പ്രധാനസാന്നിധ്യം. എത്ര വിരുന്നുകാർ എത്തിയാലും പാത്രമൊഴിയാത്ത വീടായിരുന്നു അത്. ലീലച്ചേച്ചിയുടെ കലവറയില്ലാ സ്നേഹം എന്നതിനെ ചുരുക്കിപ്പറയാം.  
 
ലാറി ബേക്കറിനൊപ്പം  
 
പട്ടത്തെ ഫ്ലാറ്റ് എല്ലാ സ്നേഹിതരുടെയും ഇടം. കെ.ജി.ജോർജ്, രാജീവ് വിജയരാഘവൻ, ജപ്പാൻ എന്നു  വിളിക്കുന്ന മോഹൻബാബു, വർക്കിച്ചേട്ടൻ, കെ.ജി.ജയൻ, എൻ.എൽ.ബാലകൃഷ്ണൻ  ഇങ്ങനെ സുഹൃത്തുക്കൾ എപ്പോഴും ഉണ്ടാവും. ഒരിക്കലൊരു വൻ സുഹൃത്പട തമ്പടിച്ചതോടെ ഞാനും വേണുവും വീടിനു പുറത്തായി. ഞങ്ങൾ രണ്ടാളും കൂടി കോവളത്തേക്കു വിട്ടു. അവിടെ ഹോട്ടലിൽ മുറിയെടുത്തു കൂടി.സുഹൃത്തുക്കളുടെ വരവുപോക്കും ബഹളവുമൊക്കെ കാണുമ്പോൾ ഗേളിയാന്റി സ്വൽപം ഈർഷ്യയോടെ ചോദിക്കും.‘ആരാണ് ഇവരൊക്കെ?’ ഞാൻ മറുപടി ചിരിയിലൊതുക്കും.സിനിമ, സാഹിത്യം, രാഷ്ട്രീയം; വഴക്കോളമെത്തുന്ന ഇവരുടെ ചർച്ച മുറുകുമ്പോഴാണ് എന്റെ വേരില്ലായ്മയെക്കുറിച്ച് എനിക്കു സങ്കടം വരിക. മലയാളികൾ ഒന്നിച്ചിരുന്നു തർക്കിച്ചാലും മലയാളമേ പറയൂവെന്നൊരു ഗുണമോ ദോഷമോയുണ്ട്.  
 
എന്നെ അതിൽനിന്നു രക്ഷിച്ചത് രണ്ടു കൂട്ടുകാരികളാണ്. അക്കാലത്ത് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസി(സിഡിഎസ്)ലുണ്ടായിരുന്ന നട ദൊരിയും വനിത മുഖർജിയും. ഡോ.തോമസ് ഐസക്കിന്റെ ജീവിതപങ്കാളിയായിരുന്നു നട. ഒരിക്കൽ മാസ്‌കറ്റ് ഹോട്ടലിലെ ബാറിലാണ് ഞങ്ങൾ കാണാൻ തീരുമാനിച്ചത്. ചെന്നുകയറുമ്പോൾ ഒഴിഞ്ഞതും ഒഴിയാത്തതുമായ ഗ്ലാസുകൾ മാത്രമല്ല അതിശയംകൊണ്ട് ചുമന്ന മുഖങ്ങളും കണ്ടു. ഇവരെന്തിന് ഇവിടെ എന്നാണ് അവരുടെ നോട്ടം. ആരിതൊക്കെ ശ്രദ്ധിക്കുന്നു. ഞങ്ങൾ ആവുന്നത്ര മിണ്ടിപ്പറഞ്ഞിരുന്നു. ഇടയ്ക്ക് നട പട്ടത്തെ ഫ്ലാറ്റിൽ ഞങ്ങളോടൊപ്പം കൂടും. അങ്ങനെയൊരു ദിവസം രാവിലെ ഞങ്ങളൊരുമിച്ചാണ് പത്രത്തിലാ ആ വാർത്ത വായിച്ചത്; 1984 ഡിസംബറിലെ ഭോപാൽ വാതകദുരന്തം. പിന്നീടുള്ള ദിവസങ്ങളിൽ അതിന്റെ നടുക്കുന്ന വിശദാംശങ്ങൾ വന്നുകൊണ്ടേയിരുന്നു.  
 
വേണുവില്ലാത്ത പകൽനേരങ്ങളിൽ ഞാനൊരു നഗരസഞ്ചാരിയായി. സിഡിഎസിലെ മനോഹര നിർമിതി കണ്ടപ്പോഴേ ലാറി ബേക്കറെ പരിചയപ്പെടണമെന്നു കരുതിയിരുന്നു. ഒരുച്ചനേരത്ത് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. വട്ടിയൂർക്കാവിൽ ഐഎഎസ് കോളനിയുടെ പണി നടക്കുകയാണ്. പൊരിവെയിലത്ത് തൊഴിലാളികൾക്ക് ഒപ്പം സിമന്റു പലകയുമായി നിൽക്കുകയാണ് അദ്ദേഹം.  
 
‘നാളെ ഞാനും കുറച്ചു വിദ്യാർഥികളും കൂടി പത്മനാഭപുരം കൊട്ടാരം കാണാൻ പോകുന്നു, ബീനയ്ക്ക് ഒഴിവുണ്ടെങ്കിൽ  ഞങ്ങൾക്കൊപ്പം പോരൂ’– അദ്ദേഹം ക്ഷണിച്ചു. ബസിലായിരുന്നു യാത്ര. ജി.ശങ്കറും ബെന്നി കുര്യാക്കോസും ആ വിദ്യാർഥി സംഘത്തിലുണ്ടായിരുന്നു. കൊട്ടാരത്തിലെ എടുപ്പുകൾ, ശിൽപവേലകൾ; ഇതെക്കുറിച്ചെല്ലാം ലാറി ബേക്കർ സംസാരിച്ചു. ഭൂമിക്ക് ഇണങ്ങുന്ന കിടപ്പിടമെന്ന ആശയം തലയുയർത്തിത്തുടങ്ങിയ നാളുകളായിരുന്നു അത്. മറ്റൊരു ദിവസം എന്റെ പകൽസഞ്ചാരം ശാസ്തമംഗലത്തേക്കായിരുന്നു, മാധവിക്കുട്ടിയുടെ വീട്ടിലേക്ക്.  
 
അതെക്കുറിച്ച് അടുത്ത ഞായറാഴ്ചയിൽ English Summary:  
Beena Paul\“s Unforgettable Journey: Journeys from Pattom are explored in Beena Paul\“s memories, focusing on gatherings at Aravindan\“s house and travels with Laurie Baker. Focus keyword: Journeys from Pattom. The article also highlights friendship moments in Thiruvananthapuram city. |