പത്തനംതിട്ട∙ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ എത്തും.  9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് യാത്ര തിരിക്കുക. തുടർന്ന് 9 മണിയോടെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങും. നേരത്തേ നിലയ്ക്കലിൽ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തുടർന്ന് റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിക്കും. പമ്പയിൽ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. തുടർന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും.     ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തിൽ മലകയറുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ ട്രയൽ റൺ നടത്തുന്നു. ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിലാണു രാഷ്ട്രപതി പമ്പയിൽ നിന്നു സന്നിധാനത്തേക്കു പോകുന്നത്. ചിത്രം: ഹരിലാൽ/മനോരമ  
 
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ രാഷ്ട്ര്പതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങുക. English Summary:  
President Murmu\“s Sabarimala visit is scheduled for today: The visit involves a specific itinerary, including travel arrangements and temple rituals, with restrictions on other pilgrims during the visit. |