ന്യൂഡൽഹി ∙ ഹിന്ദി പണ്ഡിതയും ലണ്ടൻ സർവകലാശാലയിലെ ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്‌റ്റഡീസിൽ പ്രഫസർ ഇമെരിറ്റസുമായ ഫ്രാൻസെസ്ക ഒർസിനി ഇന്ത്യയിൽ പ്രവേശിക്കുന്നതു തടഞ്ഞു. ചൈനയിലെ അക്കാദമിക് സമ്മേളനത്തിനു ശേഷം ഹോങ്കോങ് വഴി തിങ്കളാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലെത്തിയ ഒർസിനിയെ തിരിച്ചയച്ചു.  
  
 -  Also Read  അഭിനന്ദനം കുഞ്ഞേ... കയ്യടിക്കാൻ കേരളമുണ്ട്; അപൂർവ രോഗം ബാധിച്ച അഭിനന്ദ് ഇന്ന് ബൂട്ടണിയും   
 
    
 
2002 ൽ പുറത്തുവന്ന ‘ദ് ഹിന്ദി പബ്ലിക് സ്ഫിയർ 1920-1940, ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷനലിസം’ എന്ന ശ്രദ്ധേയ പുസ്തകത്തിന്റെ രചയിതാവായ ഇവർ സൗഹൃദസന്ദർശനത്തിനായാണു ഡൽഹിയിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ സന്ദർശിച്ചിരുന്നു.  
 
5 വർഷത്തെ വീസയുണ്ടായിട്ടും ഒർസിനിയുടെ പ്രവേശനം തടഞ്ഞതിന്റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. യാത്രാലക്ഷ്യവും വീസയുടെ മാനദണ്ഡങ്ങളും തമ്മിലെ പൊരുത്തക്കേടാണു കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം.  
 
വിനോദസഞ്ചാര വീസയാണ് ഒർസിനിക്ക് അനുവദിച്ചിരിക്കുന്നത്. മുൻപ് ഇതേ വീസയിൽ ഇന്ത്യയിലെത്തിയ ഘട്ടത്തിൽ ഇവർ ഗവേഷണപ്രവർത്തനങ്ങളിലും അക്കാദമിക് സമ്മേളനങ്ങളിലും പങ്കെടുത്തുവെന്നും ഇതു വീസ വ്യവസ്ഥകളുടെ ലംഘനമാണെന്നും ബന്ധപ്പെട്ടവർ പറയുന്നു.  
 
മുൻപും പ്രമുഖർക്ക് പ്രവേശനവിലക്ക് 
  
 അക്കാദമിക് രംഗത്തെ പല പ്രമുഖരെയും മുൻപ് ഇന്ത്യയിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞ് മടക്കിയയച്ചിട്ടുണ്ട്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലോയെ 2022 മാർച്ചിലാണു തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞത്. അതേവർഷം ബ്രിട്ടിഷ് ആർക്കിടെക്ചർ പ്രഫസർ ലിൻഡ്‌സെ ബ്രെംനറെയും കാരണം കൂടാതെ തിരിച്ചയച്ചിരുന്നു. 2024 ൽ യുകെയിൽനിന്നുള്ള നിതാഷ കോളിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്നു മടക്കിയയച്ചിരുന്നു. ഇവരുടെ ഒസിഐ കാർഡ് പിന്നീടു റദ്ദാക്കി. English Summary:  
Visa Violation Claims: Hindi Scholar Francesca Orsini Denied Entry to India |