തിരുവനന്തപുരം ∙ മെഡിക്കൽ റിപ്പോർട്ടുകൾ പറഞ്ഞത് അരുതെന്നാണ്. അഭിനന്ദിന്റെ മനസ്സു പറഞ്ഞത് അടിയറവു പറയരുതെന്നും. ശരീരത്തെ വിറകൊള്ളിക്കുന്ന ജനിതക രോഗത്തിന്റെ പിടിയിലായപ്പോഴും അവൻ ഫുട്ബോൾ മൈതാനിയിൽ മഴവിൽ കിക്കുകൾ സ്വപ്നം കണ്ടു. പഞ്ചായത്ത് ഗ്രൗണ്ടിൽ കൂട്ടുകാർക്കിടയിൽ പ്ലേ മേക്കറായി.  
  
 -  Also Read  ഹിന്ദി പണ്ഡിത ഒർസിനിക്ക് ഇന്ത്യയിൽ പ്രവേശം തടഞ്ഞു; ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു   
 
    
 
ജീവിതത്തിന്റെ ടാക്കിളുകളെയെല്ലാം അതിജീവിച്ച് ഇൻക്ലൂസീവ് ഫുട്ബോളിൽ കണ്ണൂർ ടീമിന്റെ മുന്നേറ്റനിരയിൽ മാതമംഗലം ജിഎച്ച്എസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥി അഭിനന്ദ് ഇന്നിറങ്ങുന്നു. കണ്ണൂർ പാണപ്പുഴ കാഞ്ഞിരക്കാട്ട് സജി കുമാറിന്റെയും സൗമ്യയുടെയും മകനായ അഭിനന്ദ് നാലിൽ പഠിക്കുമ്പോഴാണ് കൈകൾ വിറയ്ക്കാൻ തുടങ്ങിയത്. പിന്നീടത് ശരീരം മുഴുവൻ വ്യാപിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ‘ജനറൽ ഡിസ്റ്റോണിയ’ രോഗം സ്ഥിരീകരിച്ചു. വളരുംതോറും വിറയൽ കൂടും.   
 
പൂർണമായ രോഗമുക്തി നേടുന്ന കാര്യം സംശയം എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ചികിത്സ, ആശുപത്രിവാസം എന്നിങ്ങനെ ജീവിതത്തിന്റെ ഗെയിം പ്ലാൻ തന്നെ മാറിയെങ്കിലും ഫുട്ബോൾ അഭിനനന്ദ് കൈവിട്ടില്ല. സ്കൂൾ വിട്ടുവന്നാൽ മെസ്സിയുടെ ജഴ്സി ഇട്ട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളി പതിവ്. ടിവിയിൽ ഫുട്ബോൾ കളിയുണ്ടെങ്കിൽ ഏതുരാത്രിയിലും അതിനുമുന്നിൽ കാണും. അത്രത്തോളം ഇഷ്ടപ്പെട്ട ഫുട്ബോളാണ് അവനെ സംസ്ഥാന സ്കൂൾ കായികമേളയിൽ എത്തിച്ചിരിക്കുന്നത്.   
 
കഴിഞ്ഞ വർഷം ഇൻക്ലൂസീവ് വിഭാഗത്തിന്റെ സ്റ്റാൻഡ് ബോർഡ് ജംപിൽ 4–ാം സ്ഥാനത്തെത്തിയിരുന്നു. 15 ലക്ഷത്തോളം രൂപ മുടക്കി ശസ്ത്രക്രിയ നടത്തിയാൽ അഭിനന്ദ് 30% സുഖപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, എന്നാൽ ശസ്ത്രക്രിയ വളരെ സങ്കീർണമെന്നു ഡോക്ടർമാർ പറയുന്നു.   
 
മത്സരങ്ങൾ ഇന്നു മുതൽ 
  
 സംസ്ഥാന സ്കൂൾ കായികമേള മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയനും ഭിന്നശേഷിക്കാരിയായ ഹാൻഡ്ബോൾ താരം എച്ച്.എം. കരുണപ്രിയയ്‌ക്കുമൊപ്പം മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണു ദീപശിഖ തെളിച്ചത്. ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുക്കുന്ന ഇൻക്ലുസീവ് മത്സരങ്ങളും ഇന്നു മുതൽ ആരംഭിക്കും. അത്‌ലറ്റിക്സ് മത്സരങ്ങൾ നാളെ മുതലാണ്. English Summary:  
Abhinand Defies Dystonia: Inspiring Football Journey at State School Sports Meet |