മഞ്ചേരി( മലപ്പുറം)∙എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ചുള്ളിക്കുളത്ത് മൊയ്തീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പ്രതി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ വിശദമായ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ വി.പ്രതാപ് കുമാർ പറഞ്ഞു. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെചോലയിൽ നീലാണ്ടന്റെ മകൻ പ്രവീൺ( 35) ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ 2 ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകും.
- Also Read അതിഥിത്തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം കണ്ടെടുത്തത് വീടിന്റെ വെഞ്ചരിപ്പ് നടക്കാനിരിക്കെ
അതിനു ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ, തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ മൊയ്തീൻ പറഞ്ഞിരുന്നു. പ്രതിയെടുത്തിരുന്ന തൊഴിൽ പ്രവീൺ ഏറ്റെടുത്തത് വൈരാഗ്യത്തിനു കാരണമായിരുന്നു. ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടിണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട് നേരത്തേ പ്രതിക്കെതിരെ പരാതി ഉണ്ടായിരുന്നു.
- Also Read ‘പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്തറുത്തു, ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു; സാവധാനം മുകളിലേക്ക് നടന്നുപോയി’
എളങ്കൂർ ചാരങ്കാവ് അങ്ങാടിക്കു സമീപം കഴിഞ്ഞ ദിവസം രാവിലെ 6.45ന് ആയിരുന്നു നാടിനെ നടുക്കിയ അരുംകൊല. പ്രവീണും ചാത്തങ്ങോട്ടുപുറം വീട്ടിക്കാപ്പറമ്പ് സുരേന്ദ്രനും ഒന്നിച്ചു കാടുവെട്ടാൻ പോകുന്നവരാണ്. അങ്ങാടിയിലെ ഷെഡിനു സമീപം സുരേന്ദ്രൻ പ്രവീണിനെ ജോലിക്കു പോകാൻ കാത്തുനിൽക്കുമ്പോൾ മൊയ്തീൻ സുരേന്ദ്രന്റെ യന്ത്രം കൈക്കലാക്കുകയും പ്രവീണിനു നേരെ വീശുകയുമായിരുന്നു.
- Also Read ഇടുക്കിയിലുണ്ടായത് മഴകളുടെ കൂടിച്ചേരൽ, പഴമക്കാർ പറഞ്ഞ പ്രതിഭാസം സത്യമാകുന്നു; വേണം മുല്ലപ്പെരിയാറിലും അതീവ ജാഗ്രതയുടെ കണ്ണ്
പ്രവീൺ സംഭവസ്ഥലത്തു മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഞായർ രാത്രി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തൊഴിൽ സംബന്ധിച്ച നിസ്സാര കാരണമാണ് കൊലയിലേക്കു നയിച്ചതെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കുമാകുന്നില്ല. നിർധന കുടുംബത്തിലെ അംഗമാണ് പ്രവീൺ. പിതാവ് മരിച്ചതോടെ പ്രവീൺ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. English Summary:
Elankur Praveen Murder Case: Suspect Moidheen is taken into police custody for detailed interrogation regarding the killing of Praveen with a bush cutter. Authorities are probing contradictory statements about the motive. |