തിരുവനന്തപുരം ∙ മൂന്നു വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു മുഖ്യ കാരണം. സ്‌കൂളിനു മുന്നില്‍ ‘പിഎം ശ്രീ സ്‌കൂള്‍’ എന്ന ബോര്‍ഡ് വയ്‌ക്കേണ്ടിവരുമെന്നതും എതിര്‍പ്പിനു കാരണമായി. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.   
  
 -  Also Read  പരീക്ഷയുടെ ഇടയിൽ ക്യാപ്ച; ടൈപ് ചെയ്യുമ്പോഴേക്കും സമയം കഴിയും, ലേണേഴ്സ് ടെസ്റ്റ് റദ്ദാകുന്നെന്ന് പരാതി   
 
    
 
കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. \“പിഎം ശ്രീ\“ പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങുന്നത്. സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും  പ്രതിസന്ധിയിലാണ്. കേന്ദ്രത്തില്‍നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി വി.ശിവന്‍കുട്ടി പറയുന്നു. ഇതില്‍ 280.58 കോടി രൂപ 2023-24ലേയും 513.54 കോടി കഴിഞ്ഞ അധ്യയന വര്‍ഷത്തേയും കുടിശികയാണ്. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്. ഈ നില തുടര്‍ന്നാല്‍ വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ അവതാളത്തിലാകുമെന്നു വന്നതോടെയാണ് കേരളത്തിന്റെ മനം മാറ്റം. 2024-25ല്‍ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രവിഹിതമായി അനുവദിച്ചത് 3757.89 കോടി രൂപയാണ്.   
  
 -  Also Read  ‘അമീബിക് മസ്തിഷ്ക ജ്വരം തമിഴ്നാട്ടിലും കർണാടകയിലും ഇല്ല, പ്രശ്നം പരിഹരിക്കാതെ ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ല’   
 
    
 
കേരളത്തില്‍ ഗുണം 336 സ്‌കൂളുകള്‍ക്ക്  
 
രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആര്‍സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി സ്‌കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക. കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി പരമാവധി 336 സ്‌കൂളുകള്‍ക്കാണ്. ഈ സ്‌കൂളുകള്‍ക്കു പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കും. ഇതില്‍ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്. സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അപേക്ഷിക്കാം. സംസ്ഥാനതല സമിതിയാണ് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ കുറഞ്ഞത് 70 ശതമാനം മാനദണ്ഡങ്ങളും ഗ്രാമമേഖലയിലെ സ്‌കൂളുകള്‍ 60 ശതമാനം സ്‌കോറും നേടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളടക്കമുളള കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.  
  
 -  Also Read   പിഎസ്‌സി തയാറെടുപ്പിലാണോ? 2025 നൊബേൽ ആർക്കെല്ലാം, എന്തുകൊണ്ട്? വായിക്കാം വിദഗ്ധ വിശകലനം ഒറ്റ സ്റ്റോറിയിൽ   
 
    
 
പിഎം ശ്രീ ലക്ഷ്യങ്ങള്‍  
 
സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. നൂതന പാഠ്യപദ്ധതി, കുട്ടികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, പ്രാദേശിക ഇന്റേണ്‍ഷിപ്പ്, ധൈഷണികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് ലൈബ്രറി ഗ്രാന്റ്, സ്‌പോര്‍ട്‌സ് ഗ്രാന്റ് തുടങ്ങി വാര്‍ഷിക സ്‌കൂള്‍ ഗ്രാന്റുകള്‍ അനുവദിക്കും. ബാലവാടിക ഉള്‍പ്പെടെ ശിശു സംരക്ഷണവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പാക്കും. പ്രത്യേക ശ്രദ്ധ വേണ്ടുന്ന കുട്ടികള്‍ക്കായി സൗകര്യങ്ങള്‍ സജ്ജമാക്കും. മാതൃഭാഷയ്ക്കു മുന്‍ഗണന നല്‍കുമ്പോഴും ഭാഷകളുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കും. സ്മാര്‍ട് ക്ലാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും ഒരുക്കും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സൗകര്യങ്ങളും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ് ചെയ്യാനും ഇടവേളകളില്‍ ജോലി ചെയ്യാനും കുട്ടികള്‍ക്കു കഴിയും. കുട്ടികളെ തൊഴില്‍ ചെയ്യാന്‍ കൂടി പ്രാപ്തരാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസവും വ്യാവസായിക മനുഷ്യശേഷി ആവശ്യകതയും തമ്മില്‍ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നുണ്ട്.   
 
നിലവില്‍ 33 സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് 12,505 സ്‌കൂളുകളാണ് പിഎം ശ്രീ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 1314 പ്രൈമറി സ്‌കൂളുകളും 3149 എലിമെന്ററി സ്‌കൂളുകളും 2858 സെക്കന്‍ഡറി സ്‌കൂളുകളും 5184 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകള്‍ ആര്‍ജിക്കേണ്ട നിലവാരം വ്യക്തമാക്കി ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക് തയാറാക്കിയിട്ടുണ്ട്.  English Summary:  
Kerala To Adopt PM Shri Scheme: PM Shri Scheme implementation is now being considered by the Kerala government after initial opposition. The scheme aims to improve school infrastructure and educational quality. Kerala\“s participation could benefit around 336 schools with significant funding for development and modernization. |