deltin33                                        • 2025-10-18 12:21:19                                                                                        •                views 820                    
                                                                    
  
                                
 
  
 
    
 
  
 
ന്യൂഡൽഹി∙ കഴിഞ്ഞ 75 മണിക്കൂറിനുള്ളിൽ 303 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ഭീകര സംഘടനകൾക്കെതിരായ തന്റെ സർക്കാരിന്റെ അടിച്ചമർത്തലിലും പോരാട്ടങ്ങൾ സൃഷ്ടിച്ച രക്തച്ചൊരിച്ചിലിലും തനിക്ക് വേദനയുണ്ടെന്നും ഛത്തീസ്ഗഡിൽ മാത്രം ഒറ്റ ദിവസം കൊണ്ട് 170 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും മോദി പറഞ്ഞു. ഒരു ദശാബ്ദം മുമ്പ് രാജ്യത്തുടനീളമുള്ള നക്സൽ ബാധിത ജില്ലകളുടെ എണ്ണം 125 ആയിരുന്നുവെന്നും ഇന്ന് അത് 11 ആയി കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  
  
 -  Also Read  ‘ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല, മോദി ഉറപ്പു നൽകി’: ചർച്ചയ്ക്കിടെ സെലെൻസ്‌കിയോട് ട്രംപ്   
 
    
 
‘‘കഴിഞ്ഞ 50-55 വർഷത്തിനിടയിൽ ആയിരക്കണക്കിന് മാവോയിസ്റ്റ് ഭീകരർ രാജ്യത്ത് കൊല്ലപ്പെട്ടു. ഈ നക്സലുകൾ സ്കൂളുകളോ ആശുപത്രികളോ നിർമിക്കാൻ അനുവദിക്കില്ല. അവർ ഡോക്ടർമാരെ ക്ലിനിക്കുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അവർ സ്ഥാപനങ്ങളിൽ ബോംബ് വെക്കും. മാവോയിസ്റ്റ് ഭീകരത യുവാക്കളോട് ചെയ്യുന്ന അനീതിയാണ്. എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു. ഇതാദ്യമായാണ് ഞാൻ എന്റെ വേദന ലോകത്തോട് വിളിച്ചുപറയുന്നത്. അതുകൊണ്ടാണ് എന്റെ സർക്കാർ വഴിതെറ്റിയ ഈ യുവാക്കളിലേക്ക് എത്തിച്ചേരാനും അവരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും പ്രത്യേക ശ്രമങ്ങൾ നടത്തിയത്. ഇന്ന് രാജ്യം ഈ ശ്രമങ്ങളുടെ ഫലം കാണുന്നു. ഇപ്പോൾ, 303 നക്സലുകൾ കീഴടങ്ങി. ഇവർ സാധാരണക്കാരല്ലായിരുന്നു. സർക്കാർ തലയ്ക്ക് വിലയിട്ടവർ വരെ അതിൽ ഉണ്ട്. അവരിൽ നിന്ന് വലിയൊരു ആയുധശേഖരം കണ്ടെടുത്തു’’ – മോദി പറഞ്ഞു.  
  
 -  Also Read   ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?   
 
    
 
‘‘മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ബസ്തറിൽ വാഹനങ്ങൾ പൊട്ടിത്തെറിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും സ്ഥിരം സംഭവമായിരുന്നു. ഇന്ന് അവിടത്തെ യുവാക്കൾ കായിക മേളകൾ സംഘടിപ്പിക്കുന്നു. ഇതൊരു വലിയ മാറ്റമാണ്. ഇപ്പോൾ അവർക്ക് അവിടെ ദീപാവലി ആഘോഷിക്കാൻ കഴിയും കോൺഗ്രസ് ഭരണകാലത്ത് ‘അർബൻ നക്സലുകൾ’ പ്രബലമായിരുന്നു. മാവോയിസ്റ്റ് ഭീകരതയുടെ ഒരു സംഭവവും രാജ്യത്തെ ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. രാജ്യം നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽ നിന്നും പൂർണമായും മുക്തമാകുന്ന ദിവസം വിദൂരമല്ല. ഇത് മോദിയുടെ ഉറപ്പാണ്’’ – അദ്ദേഹം പറഞ്ഞു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BJPLive എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Naxalism-Free India Not Far Off: PM Modi on Government\“s Decisive Action Against Maoists  |   
                
                                                    
                                                                
        
 
    
                                     
 
 
 |