കണ്ണൂർ ∙ പേരാമ്പ്രയിൽ കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അഭിനയമാണ് നടന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പേരാമ്പ്ര പ്രശ്നബാധിതമായ സ്ഥലമാണ്. അത് മനസ്സിലാക്കി നല്ല രീതിയിൽ സിപിഎം പ്രവർത്തിക്കുകയാണ്. എന്നാൽ കോൺഗ്രസ് അവിടെ നിന്നു പിൻവാങ്ങി മുസ്‌ലിം ലീഗിന്റെ കയ്യിൽ കാര്യങ്ങൾ ഏൽപ്പിച്ചുകൊടുത്തു. പിന്നീട് ആസൂത്രിത കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.   
  
 -  Also Read  ‘സൂക്ഷിച്ചു നടന്നാൽ മതി; മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ’: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി   
 
    
 
പൊലീസുകാരുടെ കാല് തല്ലിയൊടിക്കും, പേര് എഴുതിയെടുത്തിട്ട് തൊപ്പി തെറിപ്പിക്കുമെന്നും പറയുന്നു. കേരളത്തിൽ ഇനി കോൺഗ്രസ് തിരിച്ചു വരില്ല. കോൺഗ്രസിന്റെ അധ്യായം അടഞ്ഞു കഴിഞ്ഞു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും. വർഗീയ ചിന്തകൾ ഇളക്കിവിടാനും വ്യക്തിഹത്യ നടത്താനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആറുമാസമാണ് ഈ സർക്കാരിന്റെ കാലാവധി എന്നാണ് കെ.സി.വേണുഗോപാൽ പറഞ്ഞത്. ഡൽഹിയിൽ കുറേക്കാലം ഇരിക്കാൻ പോകുവല്ലേ വേണുഗോപാൽ. ബിഹാറിൽ തോറ്റു തൊപ്പിയിട്ടുവരും. ബിഹാറിൽ ബിജെപി ഇതര പാർട്ടിയെ ഒന്നിപ്പിക്കാനൊന്നുമല്ല കോൺഗ്രസ് ശ്രമിക്കുന്നത്.   
  
 -  Also Read  ‘പരിപ്പുവടയും കട്ടൻചായയും’ അല്ല, ‘ഇതാണെന്റെ ജീവിതം’; ഇ.പിയുടെ ആത്മകഥ വരുന്നു, പാർട്ടി അനുമതിയോടെ   
 
    
 
ജി. സുധാകരൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അത് പാർട്ടി വിരുദ്ധമല്ല. പാർട്ടിയെ ക്ഷീണിപ്പിക്കണം എന്നു കരുതി പറയുന്നതല്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ഇന്നത്തെ കേരളം സൃഷ്ടിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. ശബരിമലയിൽ ആസൂത്രിതമായ കള്ളത്തരം നടന്നു. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. ഇത്തരം ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ അനുവദിക്കില്ല. ദൈവത്തെ വിറ്റു പണമുണ്ടാക്കാൻ നടക്കുന്നവരെ എതിർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും സമരം നടത്തി അവിടെ നിന്നു ഭക്തർ വരുന്നത് ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.   
  
 -  Also Read   ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?   
 
    
 
തന്റെ ആത്മകഥ നവംബർ മൂന്നിനു വൈകിട്ട് നാലിന് ടൗൺ സ്ക്വയറിൽ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടി.പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങും. ‘കട്ടൻ ചായയും പരിപ്പു വടയും’ എന്ന പ്രയോഗം തന്നെ മാധ്യമ സൃഷ്ടിയാണ്. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓഫിസ് എന്നത് ചിന്തിക്കാൻ പാടില്ലായിരുന്നു. പലരും ഒളിവിലായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും കമ്യൂണിസ്റ്റുകാരെ വെടിവച്ചു കൊന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്കാർ കുളിക്കാൻ പാടില്ല, മുടിയും താടിയും വളർത്തി ജീവിക്കണം എന്നാണ് എതിരാളികൾ ആഗ്രഹിക്കുന്നത്. കമ്യൂണിസ്റ്റുകാർ വികസിക്കാൻ പാടില്ലെന്നും പഴയതു പോലെ കട്ടൻ ചായയും കുടിച്ച് ബീഡിയും വലിച്ച് നടക്കണം എന്നുമാണ് അവരുടെ ആഗ്രഹം. അതല്ല ഇന്നത്തെ കാലം. ശാസ്ത്രീയ വശങ്ങളെ നിരീക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഇ.പി.ജയരാജൻ പറഞ്ഞു. English Summary:  
E.P. Jayarajan Accuses Congress of Inciting Riots in perambra: E.P. Jayarajan criticizes Congress for allegedly attempting to incite riots in Perambra and accuses them of working with communal forces. He defends the LDF government\“s actions and asserts the Communist Party\“s role in shaping modern Kerala. |