തിരുവനന്തപുരം ∙ കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് പൊന്‍കുന്നം പൊലീസിനു നിയമോപദേശം നല്‍കിയിരിക്കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു പൊന്‍കുന്നം പൊലീസിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു തമ്പാനൂര്‍ പൊലീസിനും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാമെന്നാണ് എപിപി അറിയിച്ചിരിക്കുന്നത്. ആത്മഹത്യക്കു മുന്‍പ് മരണമൊഴിയായി അനന്തു പോസ്റ്റ് ചെയ്ത വിഡിയോ തെളിവായി സ്വീകരിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനു കേസെടുക്കാമെന്നാണ് നിയമോപദേശം.
- Also Read ‘ഞാൻ ഇരയാണ്, അന്ന് പുറത്ത് പറയാന്‍ ഭയമായിരുന്നു; ആർഎസ്എസ് ക്യാംപുകളിൽ പീഡനം, ആരും തുറന്നു പറയാത്തതാണ്’
ബിഎന്‍എസ് നിയമപ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു കേസെടുക്കാന്‍ വകുപ്പില്ല. എന്നാല്‍ കുറ്റകൃത്യം നടന്നത് ഐപിസി നിലനിന്ന കാലത്തായതിനാല്‍ ഐപിസി 377 പ്രകാരം കേസെടുക്കാമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. 377 ഐപിസി പ്രകാരമുള്ള കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും എപിപി പറയുന്നു. തന്നെ പീഡിപ്പിച്ച ആളുടെ പേര് അനന്തു വിഡിയോയില്‍ പറഞ്ഞിരുന്നു. 3-4 വയസുള്ളപ്പോള്‍ മുതല്‍ അയല്‍വാസിയായ ആള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് അനന്തു പറയുന്നത്. ആര്‍എസ്എസ് ക്യാംപുകളില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ പീഡിപ്പിച്ച ആളിന്റെ പേര് അറിയില്ലെന്നും അനന്തു പറഞ്ഞിരുന്നു.
- Also Read ആർഎസ്എസിനെതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ സംഭവം: അന്വേഷണസംഘം മൊഴിയെടുത്തു
കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിനു തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അനന്തുവിന്റെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുമോ എന്നറിയാനാണ് പൊലീസ് നിയമോപദേശം തേടിയത്. മരിക്കുന്നതിനു മുന്‍പ് അനന്തു പറഞ്ഞ കാര്യങ്ങള്‍ പ്രകാരം കുറ്റകൃത്യം നടന്നുവെന്ന് പ്രഥമദൃഷ്ട്യാ കണക്കാക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
- Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി
കേസെടുക്കുന്നതോടെ ആരോപണവിധേയനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനും പിന്നീട് അറസ്റ്റിലേക്കു പോകാനും പൊലീസിനു കഴിയും. ആത്മഹത്യാകാരണം വിശദീകരിച്ച സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് ആത്മഹത്യാക്കുറിപ്പിനു സമാനമായ നിയമസാധുത ഉണ്ട്. ഇക്കാരണങ്ങളാല്‍ ആരോപണവിധേയനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കാന്‍ പൊന്‍കുന്നം പൊലീസിനു റിപ്പോര്‍ട്ട് നല്‍കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം (ബിഎന്‍എസ് 108) പ്രകാരം കൂടുതല്‍ അന്വേഷിച്ചതിനു ശേഷം തമ്പാനൂര്‍ പൊലീസിന് ഉചിതമായ തീരുമാനമെടുക്കാമെന്നും എപിപി ചൂണ്ടിക്കാട്ടുന്നു. English Summary:
Ananthu Aji Suicide Case: Police have received legal advice to file a case against the accused in the Ananthu Aji suicide case related to unnatural sexual abuse and abetment to suicide. |