തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തെ സംശയനിഴലില്‍ നിര്‍ത്തി ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പാളികളില്‍നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്തത് മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ വരുത്തിയാണ്. ഈ രാസപ്രക്രിയയില്‍ പാളികളിലെ ചെമ്പിന് എന്തു സംഭവിച്ചുവെന്നതുള്‍പ്പെടെ ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. വിജയ് മല്യ ശബരിമലയിലേക്കു നല്‍കിയത് 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമാണ്.   
 
രാസപ്രക്രിയയില്‍ ചെമ്പ് പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും കട്ടിളയുടെയും ദ്വാരപാലകശില്‍പത്തിന്റെയും പാളികള്‍ ഉണ്ടാക്കിയത് എവിടെ വച്ചാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവരേണ്ടത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചത് മഹാരാഷ്ട്ര സ്വദേശിയാണെന്നും അയാളെ ബന്ധപ്പെട്ടാല്‍ മാത്രമേ എന്തു രാസപ്രക്രിയയാണ് ഉപയോഗിച്ചതെന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും വിശദമായ അന്വേഷണം പ്രത്യേക സംഘം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.   
  
 -  Also Read  ശബരിമല: ചെമ്പാക്കിയത് ദേവസ്വം ബോർഡ്; കട്ടിളപ്പാളിയിൽ വിജിലൻസ് കണ്ടെത്തൽ   
 
    
 
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ സ്വര്‍ണം പൂശല്‍ സുതാര്യമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ പാളികള്‍ കൊണ്ടു പോയി സ്വര്‍ണം പൂശിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ പങ്കജ് ഭണ്ഡാരിയെ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. കട്ടിളയുടെ പാളികള്‍ സ്ഥാപനത്തില്‍ കൊണ്ടുവരുമ്പോള്‍ അതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് പങ്കജ് ഭണ്ഡാരി സമ്മതിച്ചിട്ടുണ്ട്. അതേസമയം ചെമ്പു പാളികള്‍ എന്നു രേഖപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കട്ടിളയുടെ പാളികള്‍ കൊടുത്തുവിട്ടിരുന്നത്.   
 
ശബരിമലയില്‍നിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളില്‍ ഉണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 2019ല്‍ ശബരിമലയില്‍ നിന്നെത്തിച്ച ദ്വാരപാലകശില്‍പങ്ങളില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഇല്ലാതിരുന്നതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. 577 ഗ്രാം സ്വര്‍ണമാണ് ദ്വാരപാലകശില്‍പങ്ങളില്‍നിന്നു വേര്‍തിരിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  
  
 -  Also Read  ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ പൊറുക്കില്ല’; വിശദീകരണക്കുറിപ്പ് പാളി, ‘ആചാരലംഘനം’ ചേർത്ത് സിപിഎം   
 
    
 
കൊടിമരം, താഴികക്കുടം തുടങ്ങിയ ഭാഗങ്ങളില്‍ സ്വര്‍ണം പൂശാന്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അല്ല അവയില്‍ പൂശുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണം വേര്‍തിരിക്കുന്നത് ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ആയതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍പ് അവിടെനിന്ന് വേര്‍തിരിച്ച് രാസലായനിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണ് പൂശാന്‍ ഉപയോഗിക്കുന്നത്. ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം ക്രഷ് ചെയ്യുന്നതും അത് ഇലക്‌ട്രോപ്ലേറ്റിങ്ങിനായി രാസലായനിയില്‍ ഇടുന്നതും കാണാന്‍ കഴിയാത്തതിനാല്‍ സ്മാര്‍ട്ട് ക്രിഷേയനില്‍ സ്വര്‍ണം പൂശുന്നത് സുതാര്യമല്ലെന്നാണ് വിജിലന്‍സ് എസ്പി റിപ്പോര്‍ട്ടില്‍ പറയുന്നു.  
 
മഹാരാഷ്ട്രയില്‍നിന്ന് എത്തിയ വിദഗ്ധര്‍ രാസപ്രക്രിയയിലൂടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് നടത്തിപ്പുകാർ സമ്മതിച്ചതോടെ ശബരിമലയില്‍നിന്നു കൊണ്ടുവന്ന ചെമ്പുപാളികള്‍ക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്. രാസപ്രക്രിയ മൂലം ചെമ്പുപാളികള്‍ക്ക് എത്രത്തോളം നാശമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ കേസന്വേഷിക്കുന്ന പ്രത്യേക സംഘം പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. ദ്വാരപാലകശില്‍പത്തിന്റെയും കട്ടിളയുടെയും പാളികളില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ ചെമ്പിന് എന്തു സംഭവിച്ചുവെന്നും കണ്ടെത്തേണ്ടതുണ്ട്. ചെമ്പ് പൂര്‍ണമായി നശിച്ചു പോയിട്ടുണ്ടെങ്കില്‍ പുതിയ ചെമ്പ് ഉപയോഗിച്ച് പുതിയ പാളികള്‍ നിര്‍മിച്ചു മാത്രമേ സ്വര്‍ണം പൂശാന്‍ കഴിയൂ. അങ്ങിനെയെങ്കില്‍ പുതുതായി ഇവ നിര്‍മിച്ചത് എവിടെ ആണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും.  
  
 -  Also Read   100 രൂപകൊണ്ടും സമ്പന്നനാകാം; ആറു മാസത്തിൽ ഇത്രയും തുക കയ്യിലെത്തും; എങ്ങനെ നിക്ഷേപിക്കാം?   
 
    
 
സ്വര്‍ണപ്പാളി വിവാദത്തിന്റെ ആദ്യനാളുകളില്‍ തന്നെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ നിലപാടുകളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ശബരിമലയില്‍നിന്നു ലഭിച്ചതു ചെമ്പ് തകിടുകളാണെന്നും ശുദ്ധമായ ചെമ്പു തകിടുകള്‍ മാത്രമേ സ്വര്‍ണം പൂശാന്‍ കമ്പനി സ്വീകരിക്കാറുള്ളുവെന്നും അതു കമ്പനിയുടെ നിയമമാണെന്നുമാണ് കമ്പനി അഭിഭാഷകന്‍ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ ദേവസ്വം വിജിലന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് ശബരിമലയില്‍നിന്നെത്തിച്ച പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും അതു വേര്‍തിരിച്ചെടുത്തുവെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ പങ്കജ് ഭണ്ഡാരി സമ്മതിച്ചത്. English Summary:  
Devaswom Vigilance Report on Sabarimala Gold Plating: The Devaswom Vigilance report raises concerns about the extraction methods and the fate of copper plates used in the process.  |