കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മൂന്നു വെയർഹൗസുകൾ 2023 ൽ തീപിടിക്കാൻ കാരണം ബ്ലീച്ചിങ് പൗഡർ വാങ്ങിക്കൂട്ടി അശാസ്ത്രീയമായി സംഭരിച്ചതാണെന്ന് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട്. 9.3 കോടി രൂപയുടെ നഷ്ടത്തിനും ഒരു ഫയർ ഉദ്യോഗസ്ഥന്റെ മരണത്തിനും കാരണമായ തീപിടിത്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം അറിയിക്കാൻ കെഎംഎസ്‌സിഎലിന് ഫയൽ തിരികെ അയച്ചെങ്കിലും ഒരു വർഷമായിട്ടും മറുപടി നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ‘മനോരമ’യ്ക്കു ലഭിച്ച ഫയലിൽ (ബി–3/133/2023-ഹെൽത്ത്) വ്യക്തമാകുന്നു.   
  
 -  Also Read  ജയ്സൽമേർ ദുരന്തം: മരണക്കുരുക്കായത് ബസിന്റെ വാതിൽ; തുറക്കാൻ കഴിയാതെ കുടുങ്ങി, തീ ആളിപ്പടർന്നു   
 
    
 
ഇലക്ട്രിക് ഷോർട്ട് സർകീറ്റോ മറ്റു വൈദ്യുത തകരാറുകളോ അല്ല തീപിടിത്തത്തിന് കാരണം എന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബ്ലീച്ചിങ് പൗഡർ സംഭരണത്തിലെ പാളിച്ചകളാണ് അക്കമിട്ടു നിരത്തുന്നത്. വെയർഹൗസുകളുടെ നിർമാണത്തിലെ പാളിച്ചകളും മേൽക്കൂരയിലെ ചോർച്ച മൂലം മഴവെള്ളം ഇറങ്ങി ബ്ലീച്ചിങ് പൗഡറുമായി സമ്പർക്കത്തിൽ വന്നപ്പോഴുണ്ടായ രാസപ്രവർത്തനവുമാണ് തീ പടർത്തിയത്. സംഭരണശാലകളുടെ ഘടനാപരമായ പിഴവുകളും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും തീ ആളിപ്പടരാൻ കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്രഗ്‌സ് കൺട്രോൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, പിഡബ്ല്യുഡി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.   
  
 -  Also Read  ‘ഇന്ത്യൻ താൽപര്യം സംരക്ഷിക്കുന്നതിനു മുൻഗണന’; റഷ്യൻ എണ്ണ വാങ്ങൽ: ട്രംപിനു മറുപടിയുമായി സർക്കാർ   
 
    
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ സംഭരണ ശാലകളിലാണ് 2023 മേയിൽ 10 ദിവസത്തിന്റെ ഇടവേളയിൽ തീപിടിത്തം ഉണ്ടായത്. ഇതു സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നെങ്കിലും വിശദ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ബങ്കെ ബിഹാറി കെമിക്കൽസിലാണ് ബ്ലീച്ചിങ് പൗഡർ നിർമിച്ചത്. തീപിടിത്തത്തെ തുടർന്ന് ഇവർക്കു നൽകാനുള്ള ആറു കോടിയോളം രൂപ തടഞ്ഞുവച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ച് കമ്പനി അതു വാങ്ങിയെടുത്തു. തുക വൈകിയതിന്റെ പിഴയും കെഎംഎഎസ്‌സിഎലിൽ നിന്ന് ആവശ്യപ്പെട്ട് എംഎസ്എംഇ ബോർഡിൽ ഹർജി നൽകിയിരിക്കുകയാണ് കമ്പനി.  
  
 -  Also Read   ലോകശക്തികൾ ലക്ഷ്യമിട്ട രാജ്യം; 2015ൽ മോദി എത്തി; ഇന്ത്യയുടെ ശാക്തിക റഡാറിൽ മംഗോളിയ പെട്ടതെങ്ങനെ?   
 
    
 
∙ മൂന്നിടത്തും കാരണം ഒന്ന് 
  
 മൂന്ന് വെയർഹൗസുകളിലെയും തീപിടിത്തത്തിന് അടിസ്ഥാനപരമായ കാരണം ബ്ലീച്ചിങ് പൗഡർ ഈർപ്പവുമായി സമ്പർക്കത്തിൽ വന്നതാണ്. ഇതേത്തുടർന്നുണ്ടായ രാസപ്രവർത്തനം  വലിയ അളവിൽ താപം പുറത്തുവിടുകയും തീപിടിത്തത്തിലേക്ക് നയിക്കുകയുമായിരുന്നു.  
 
തിരുവനന്തപുരം മേനംകുളം വെയർഹൗസിൽ 45,000 കിലോഗ്രാം, കൊല്ലം ഉളിയക്കോവിലിൽ 42500, ആലപ്പുഴയിൽ 64,000 കി.ഗ്രാമും ബ്ലീച്ചിങ് പൗഡറാണ് സംഭരിച്ചിരുന്നത്. കൂടാതെ, കാലഹരണപ്പെട്ട മരുന്നുകളും എളുപ്പത്തിൽ തീപിടിക്കുന്ന സാനിറ്റൈസറുകളും ഉണ്ടായിരുന്നു. തീപിടിത്തത്തിന് തലേദിവസം പെയ്ത മഴയിൽ ബ്ലീച്ചിങ് പൗഡർ നനഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. ഈ ഗോഡൗണിൽ വൈദ്യുതി കണക്‌ഷൻ ഇല്ലാതിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് സാധ്യത റിപ്പോർട്ട് തള്ളിക്കളയുന്നു.  
 
∙ സുരക്ഷാ വീഴ്ച 
  
 മൂന്ന് സംഭരണശാലകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഘടനാപരമായ സുരക്ഷിതത്വമോ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് തിരുവനന്തപുരം വെയർഹൗസിന് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം നേരത്തെ നോട്ടിസ് നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല. അപകടകരമായ രാസവസ്തുക്കൾ സൂക്ഷിക്കാനുള്ള കെട്ടിടങ്ങളുടെ അശാസ്ത്രീയ നിർമാണം, ചോർച്ചയുള്ള മേൽക്കൂര, സംഭരണശേഷിയെക്കാൾ വലിയ അളവിൽ ബ്ലീച്ചിങ് പൗഡർ വെയർഹൗസുകളിൽ സൂക്ഷിച്ചത് എന്നിവയ്ക്കു പുറമെ,  വേനൽച്ചൂടും കനത്ത ഈർപ്പവും അപകടത്തിലേക്കു വഴി വച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. English Summary:  
Warehouse Fire Investigation reveals that the 2023 warehouse fires in Kerala were caused by the unscientific storage of bleaching powder. The chemical reaction triggered by moisture led to the fires, highlighting structural deficiencies and a lack of safety measures in the warehouses. The incident resulted in significant financial losses and a firefighter\“s death. |