LHC0088 • 2025-10-16 17:51:38 • views 482
കണ്ണൂർ∙ പഴയങ്ങാടി മാട്ടൂലിൽ 20 പവൻ സ്വർണവും 6 ലക്ഷം രൂപയും കവർന്നത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിൽ വീട്ടുകാർ. മട്ടൂൽ സെൻട്രലിലെ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിൽനിന്നാണ് ഇന്നലെ വൈകിട്ട് 20 പവൻ സ്വർണാഭരണവും 6 ലക്ഷം രൂപയും മോഷണം പോയത്. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയശേഷം പിന്നിലെ വാതിൽ തുറന്നിട്ടാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്ന് ചെരിപ്പിന്റെ അടയാളങ്ങൾ വച്ച് കണ്ടെത്തി.
- Also Read ‘നിമിഷപ്രിയയുടെ മോചനത്തിനു പുതിയ മധ്യസ്ഥൻ; നല്ല കാര്യങ്ങൾ സംഭവിക്കും, ആശങ്കപ്പെടേണ്ട സാഹചര്യമില്ല’
ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയ അഫ്സത്ത് അരമണിക്കൂറിനകം തിരികെ വന്നപ്പോൾ മുൻഭാഗത്തെ വാതിൽ തുറക്കാൻ പറ്റിയില്ല. സമീപത്തെ ബന്ധുക്കളെ വിളിച്ച് പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലും കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. അലമാരയിലും മേശയിലുമാണു സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. താക്കോൽ ഉപയോഗിച്ച് തന്നെയാണ് മേശയും അലമാരയും തുറന്നത്. പിന്നീട് അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. അലമാരയുടെ താക്കോലെടുത്ത് മോഷണം നടത്തിയശേഷം എടുത്തസ്ഥലത്തുതന്നെ തിരികെ വച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു (ചിത്രം∙മനോരമ)
നേരത്തേ തന്നെ മോഷ്ടാവ് വീട്ടിൽക്കയറി ഒളിച്ചിരുന്നുവെന്നാണു നിഗമനം. വാതിലോ മറ്റു സാധനങ്ങളോ തകർക്കാതെ മോഷണം നടത്തിയതിനാൽ അടുത്തറിയാവുന്ന ആളാണ് പിന്നിലെന്നാണു സംശയിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. അഫ്സത്തിന്റെ ഭർത്താവ് വ്യാപാരിയാണ്. നഷ്ടപ്പെട്ടവയിൽ രണ്ടരപ്പവന്റെ ഷോ മാലയും ഒന്നരപ്പവന്റെ വളയും അരപ്പവന്റെ അഞ്ച് മോതിരങ്ങളും നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു.
- Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?
പഴയങ്ങാടി പൊലീസ് അന്വേഷണം നടത്തുകയാണ്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി. നിലവിൽ മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സിസിടിവി ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. English Summary:
Gold theft reported in Kannur: The incident involved the theft of 20 sovereigns of gold and 6 lakh rupees from a house in Mattul, Pazhayangadi. Police investigation is ongoing to identify the culprit, suspected to be someone familiar with the household. |
|