നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ പുതിയ നീക്കവുമായി ഡിഎംകെ. തുടർഭരണം ലക്ഷ്യമിട്ട് ഹിന്ദി വിരുദ്ധ ബിൽ നിയസഭയിൽ അവതരിപ്പിക്കാനാണു നീക്കം. തമിഴ്നാട്ടിലാകമാനം ഹിന്ദി ഹോർഡിങ്ങുകളും ഹിന്ദി സിനിമകളും നിരോധിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണു സൂചന. ബിൽ ഈ നിയമസഭയുടെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തന്നെ അവതരിപ്പിക്കും. ഇതോടെ ‘ഹിന്ദി വിരുദ്ധത’ തന്നെയായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണായുധം എന്നു വ്യക്തമാകുകയാണ്.
- Also Read ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്നാട്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും
നരേന്ദ്ര മോദിയും എം.കെ.സ്റ്റാലിനും. (ചിത്രം: പിടിഐ)
ഒരു വെടിക്ക് രണ്ട് പക്ഷി
നേരത്തെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഡിഎംകെ രംഗത്തുവന്നിരുന്നു. ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും തമിഴരിൽ അടിച്ചേൽപ്പിക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കമെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ത്രിഭാഷാ നയമല്ല മറിച്ച് തമിഴ്നാട് കാലങ്ങളായി പിന്തുടരുന്ന ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലിഷ്) സ്കൂളുകളിൽ മതിയെന്നായിരുന്നു ഡിഎംകെ ആവശ്യപ്പെടുന്നത്. ത്രിഭാഷാനയത്തിനെതിരെ തമിഴ്നാട് ബിജെപിയിലും വ്യത്യസ്ത അഭിപ്രായം ഉയർന്നതിനു പിന്നാലെയാണ് ഹിന്ദി വിരുദ്ധ ബില്ലുമായി സംസ്ഥാനം ഭരിക്കുന്ന പാർട്ടി രംഗത്തെത്തിയത്.
- Also Read രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?
ടിവികെ റാലിയിൽ വിജയ് (PTI Photo)
ഒരു വെടിക്കു രണ്ട് പക്ഷിയെയാണ് ബില്ലിലൂടെ ഡിഎംകെ ലക്ഷ്യമിടുന്നത്. ഒന്ന്, തമിഴ്നാട്ടിൽ വീണ്ടും ശക്തിപ്രാപിക്കുന്ന എൻഡിഎ മുന്നണിയെ പൊളിക്കുക. മറ്റൊന്ന്, വിജയ്‌യുടെ ആന്റി ഡിഎംകെ പ്രചാരണത്തിനു ബദലായി മറ്റൊരു പ്രചാരണായുധം ഉപയോഗിക്കുക. ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ഹിന്ദി വിരുദ്ധത പെരിയോറിന്റെയും അണ്ണാദുരെയുടെയും കാലത്ത് തന്നെ പയറ്റിത്തെളിഞ്ഞ ആയുധമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാണ് ഹിന്ദി വിരുദ്ധ ബിൽ എന്ന ആശയം ഇപ്പോൾ ഡിഎംകെ മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ബിജെപിയുടെ നയത്തെ കൃത്യമായി നേരിടാൻ ഡിഎംകെ തയാറെടുക്കുന്നു എന്നു വ്യക്തം.
- Also Read നേരറിയാൻ സിബിഐ, നീക്കം ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; വിജയ്‌യുടെ ‘സ്വതന്ത്ര അന്വേഷണ’ ആവശ്യം അംഗീകരിക്കപ്പെടുമ്പോൾ...
എം.കെ.സ്റ്റാലിന്‍. (PTI Photo/R Senthil Kumar) (PTI08_15_2021_000241B)
എൻഡിഎ അങ്കലാപ്പിൽ
ബിൽ അവതരിപ്പിക്കുന്നതോടെ ആറ്റം ബോംബ് വീഴാൻ പോകുന്നത് എൻഡിഎയിലായിരിക്കും. നിലവിൽ നിയമസഭയിൽ കൃത്യമായ ഭൂരിപക്ഷമുള്ള ഡിഎംകെ മുന്നണിക്ക് ബിൽ സുഖമായി പാസാക്കാൻ സാധിക്കും. എന്നാൽ എൻഡിഎ മുന്നണിയെ നയിക്കുന്ന അണ്ണാ ഡിഎംകെ ബില്ലിനെ എതിർക്കുമോ എന്നാണു കണ്ടറിയേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് മുന്നണി വിട്ട അണ്ണാ ഡിഎംകെ മാസങ്ങൾക്കു മുൻപാണ് തിരികെ മുന്നണിയിൽ എത്തിയത്. ബില്ലിനെ അനുകൂലിച്ചാൽ ബിജെപിയുമായുള്ള ബന്ധം പിന്നെയും തുലാസിലാകും. അനുകൂലിച്ചാൽ അണ്ണാ ഡിഎംകെയിൽ മറ്റൊരു പൊട്ടിത്തെറി സംഭവിക്കും. നിലവിൽ മൂന്നും നാലും വിഭാഗങ്ങളായി മാറിയ എംജിആറിന്റെയും ജയലളിതയുടെയും പഴയ പടക്കുതിരയ്ക്ക് ഇനിയൊരു പിളർപ്പു താങ്ങാനാകില്ല. അതും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ.
- Also Read ‘കരൂർ’ വിജയ്‌ക്ക് തിരിച്ചടിയാകുമോ? ഇല്ലെന്ന് ചരിത്രം; അന്ന് ചിന്നിച്ചിതറിയത് 28 പേർ; ആ പേടി സ്റ്റാലിനുണ്ട്; ഉപേക്ഷിച്ചത് എംജിആറിന്റെ ഫോർമുല!
എടപ്പാടി പളനിസാമി (PTI Photo/R Senthil Kumar)
‘ആന്റി ഡിഎംകെ അല്ല കണ്ണാ, ആന്റി ഹിന്ദി’
തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ ശക്തമായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനാണു പുതിയ ബിൽ എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആന്റി ഡിഎംകെ പ്രചാരണത്തെ മറികടക്കാൻ ആന്റി ഹിന്ദിക്കു കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം. പ്രത്യേകിച്ച് കരൂർ സംഭവത്തിനുശേഷം പ്രചാരണത്തിൽ പിന്നിൽ പോയ വിജയ്, അടുത്ത തിരിച്ചുവരവ് നടത്തുന്നതിന് മുൻപ് ആന്റി ഹിന്ദി ബില്ലുമായി രംഗം കീഴടക്കാനാണ് ഡിഎംകെയുടെ ലക്ഷ്യം. നിലവിൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് നിയമസഭയിൽ പ്രാതിനിധ്യമില്ല. പക്ഷേ, ഇത്തരമൊരു ബിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ വിജയ്ക്ക് തന്റെ നിലപാട് പരസ്യമാക്കേണ്ടി വരും. രാഷ്ട്രീയ പ്രവേശന സമയത്ത് ദ്രാവിഡ രാഷ്ട്രീയത്തിൽനിന്നു മാറിയുള്ള ചിന്താധാരയാണ് വിജയ് മുന്നോട്ടു വച്ചിരുന്നത്. അതിനാൽ ഹിന്ദി വിരുദ്ധ ബില്ലിൽ വിജയ് എന്ത് നിലപാട് എടുക്കുമെന്നു കാത്തിരുന്ന് കാണേണ്ടി വരും.
- Also Read ‘മോദി വന്നാൽ ഇങ്ങനെ ചെയ്യുമോ, വിരട്ടാൻ നോക്കേണ്ട’; മത്സരം ഡിഎംകെയും ടിവികെയും തമ്മിലെന്ന് വിജയ്
വിജയ് (PTI Photo/R Senthilkumar)
അന്ന് ‘ഹിന്ദി തെരിയാത് പോടാ’, ഇന്ന് ‘ഹിന്ദി വേണ്ടാ പോടാ’
ഹിന്ദി തെരിയാത് പോടാ എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശം ദേശീയതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു, ഡിഎംകെയുടെ ത്രിഭാഷാ നയത്തിനെതിരായ വേദിയിലായിരുന്നു ഈ പരാമർശം. ഇപ്പോൾ ഹിന്ദി വിരുദ്ധ ബില്ലുമായി ഡിഎംകെ വരുമ്പോൾ അതിന്റെ ഒരറ്റത്ത് ഉദയനിധി സ്റ്റാലിനാണ്. അന്ന് ഹിന്ദി തെരിയാത് പോടാ എന്നായിരുന്നെങ്കിൽ ഇന്നത് ഹിന്ദി വേണ്ടാ പോടാ എന്നായിരിക്കുന്നുവെന്നു ചുരുക്കം. അന്ന് ചെപ്പോക്ക് എംഎൽഎ മാത്രമായിരുന്ന ഉദയനിധി ഇന്ന് തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയാണ്. മലയാള മനോരമ ഹോർത്തൂസ് കലാ സാഹിത്യ വേദിയിലേക്ക് എത്തുന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ചിത്രം : മനോരമ
‘ബിഹാർ’ പേടിയിൽ കോൺഗ്രസ്
ബില്ലുമായി മുന്നോട്ടു പോകുന്നതോടെ ഡിഎംകെ നയിക്കുന്ന മുന്നണിയിൽ മറ്റൊരു പാർട്ടിയും അങ്കലാപ്പിലാണ്. അത് മറ്റാരുമല്ല, കോൺഗ്രസാണ്. ബില്ലിനെ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ പിന്തുണയ്ക്കുമെന്നത് ഉറപ്പാണ്. പക്ഷേ ഇതു ദേശീയ തലത്തിൽ ബിജെപി പ്രചാരണായുധമാക്കും. ആന്റി ഹിന്ദി പാർട്ടിയായി കോൺഗ്രസിനെ ബിജെപി ഉയർത്തിക്കാട്ടിയാൽ പ്രതിരോധിക്കുക പ്രയാസമായിരിക്കും. പ്രത്യേകിച്ച് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ഹിന്ദി വിരുദ്ധരാണെന്ന തരത്തിൽ പ്രചാരണം നടത്തിയാൽ ബിജെപിക്ക് അതു ഗുണമായി തീരും. രാഹുൽ ഗാന്ധി (File Photo: J Suresh / Manorama)
ഗവർണർ എന്ന കടമ്പ
തമിഴ്നാട് സർക്കാർ ബിൽ നിയസഭയിൽ പാസാക്കിയാലും ആന്റി ഹിന്ദി ബിൽ നിയമമാകുക പ്രയാസമായിരിക്കുമെന്നാണു സൂചന. പ്രത്യേകിച്ച് ഗവർണർ ആർ.എൻ.രവി വിഷയത്തിൽ എന്തു നിലപാടെടുക്കുമെന്നതു നിർണായകമാണ്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമോ അതോ ബിൽ മടക്കുമോ? സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ബിൽ വച്ച് താമസിപ്പിക്കാൻ ഗവർണർ തയാറാകില്ല. (File Photo: Harilal SS / Manorama)
റെയിൽവേ ബോർഡുകളിൽനിന്ന് ഹിന്ദി മായുമോ?
തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോർഡിങ്ങുകൾ നീക്കം ചെയ്യാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണു സൂചന. ഇതോടെ തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷനുകളിലെ ബോർഡുകളിൽ ഹിന്ദി മായുമോ? നിലവിൽ തമിഴ്, ഇംഗ്ലിഷ് ഭാഷകൾക്കു പുറമെ ഹിന്ദിയിലും സ്ഥലത്തിന്റെ പേര് എഴുതുന്നുണ്ട്. തമിഴ്നാട്ടിൽ 2023ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഉയർന്ന സമയത്ത് ഈ ഹിന്ദി പേരുകൾ മായിച്ചാണ് അന്നു പ്രതിഷേധിച്ചത്. എന്നാൽ റെയിൽവേയുടെ കീഴിലുള്ള സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ നിയമത്തിനു സാധുതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. English Summary:
DMK\“s New Anti-Hindi Bill: A Masterstroke?: Anti-Hindi Bill is DMK\“s latest political strategy aimed at countering the BJP and consolidating its position in Tamil Nadu. The bill seeks to prohibit Hindi signage and films, potentially influencing the upcoming elections. |