കണ്ണൂർ ∙ എഡിഎം നവീൻ ബാബു വിടവാങ്ങിയിട്ട് ബുധനാഴ്ച ഒരു വർഷം തികയുമ്പോഴും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. തലശേരി അഡീഷനൽ സെഷൻസ് കോടതി(2)യാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്.  
  
 -  Also Read  വീണ്ടും ‘ഇടിവെട്ട്’ മഴക്കാലം; കേരളത്തിലെ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്   
 
    
 
അതേസമയം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേസിലെ ഏക പ്രതി പി.പി. ദിവ്യ പൊതുരംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കുകയാണ്. സമൂഹ മാധ്യമത്തിലും ശക്തമായ ഇടപെടലുകളാണ് ദിവ്യ നടത്തുന്നത്. ഫെയ്സ്ബുക്കിൽ മാത്രം ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. യുഡിഎഫിനെതിരെ ശക്തമായ ആക്രമണമാണ് പി.പി. ദിവ്യ നടത്തുന്നത്. എസ്എഫ്ഐയിലൂടെ പ്രവർത്തനം ആരംഭിച്ച ദിവ്യയുടെ രാഷ്ട്രീയ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലെത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായി. 36ാം വയസ്സിലാണ് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. അതിന് മുമ്പുള്ള ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കവേയാണ് നവീൻ ബാബുവിന്റെ മരണവും തുടർന്ന് സ്ഥാനനഷ്ടവും ജയിൽവാസവും. എന്നാൽ ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ തന്നെ നിൽക്കുകയാണ്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ‘വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം’ എന്ന് പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടില്ല. നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല.  
  
 -  Also Read  പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്   
 
    
 
ടി.വി. പ്രശാന്ത് ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷണ സംഘം തള്ളിയെങ്കിലും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ തയാറായില്ല. അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിന് ഹർജി നൽകിയിരിക്കുന്നത്. കോടതി തുടരന്വേഷണം അനുവദിച്ചാൽ മാത്രമേ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളിലേക്ക് അന്വേഷണ സംഘം കടക്കാൻ സാധ്യതയുള്ളു. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷണം സുപ്രീം കോടതി തള്ളിയത് പ്രതിഭാഗത്തിന് പിടിവള്ളിയാണ്.  
 
നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ പിന്നീടാരും താമസിക്കാൻ എത്തിയില്ല. മരണശേഷം പൊലീസ് കെട്ടിയ നാട പോലും അഴിച്ചുമാറ്റിയിട്ടില്ല. ക്വാർട്ടേഴ്സിലേക്ക് ആരും വരാതായതോടെ കാടുപിടിച്ചുകിടക്കുകയാണ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അനവധി ചോദ്യങ്ങളും ഇതുപോലെ ഉത്തരമില്ലാതെ കാടുപിടിച്ചുകിടക്കുകയാണ്. English Summary:  
Naveen Babu Death: Naveen Babu death case remains unsolved a year after his passing. The family seeks further investigation into the unanswered questions surrounding the incident. |