തിരുവനന്തപുരം ∙ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ ചതിച്ച് അന്യായമായി ലാഭം നേടാൻ ഉദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീകോവിലിനടുത്തുള്ള ദ്വാരപാലക ശിൽപ്പങ്ങളിലും തെക്ക്-വടക്ക് മൂലകളിലും ഘടിപ്പിച്ച 42.800 കിലോഗ്രാം തൂക്കമുള്ള തകിടുകൾ അറ്റകുറ്റപ്പണിക്ക് നൽകാം എന്ന വാഗ്ദാനം നൽകിയാണ് 2019 ജൂലൈയിൽ ഇളക്കിയെടുത്ത് പോറ്റി കൈവശപ്പെടുത്തിയത്.
- Also Read ‘ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകില്ല, തെളിയിച്ചാൽ രാജിവയ്ക്കാം, പെൻഷൻ അടക്കം തടയും’
ശബരിമലയിൽനിന്ന് ചെന്നൈയിലേക്ക് എന്ന് പറഞ്ഞു കൊണ്ടുപോയ തകിടുകൾ ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയ ശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. അവിടെ എത്തിച്ചത് യഥാർഥ പാളികളാണോ വ്യാജമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിൽ വച്ച് 394.900 ഗ്രാം സ്വർണം മാത്രമാണ് പൂശിയത്. ബാക്കി സ്വർണം ഇദ്ദേഹം കൈവശപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിലൂടെ നടത്തിയ മറ്റ് നിർമാണ പ്രവർത്തനങ്ങളുടെ യഥാർഥ സ്പോൺസർമാർ കർണാടക സ്വദേശിയായ ഗോവർധനൻ, മലയാളി അജികുമാർ എന്നിവരാണെന്ന് കണ്ടെത്തി.
- Also Read ‘ശബരിമലയിൽ കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്; ഇന്ന് യുഡിഎഫിന് വലിയ കണ്ണുനീർ’
2025 ജനുവരി ഒന്നാം തീയതി ഇദ്ദേഹം നടത്തിയ അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളാഭിഷേകം എന്നിവ മോഷണം നടത്തി നേടിയ ലാഭത്തിനു പ്രത്യുപകാരമായിട്ടാവാം എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവർത്തികൾ ശിക്ഷാർഹമായ ക്രിമിനൽ കേസാണെന്നും, 2019 കാലഘട്ടത്തിലെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക്, പ്രേരണ, ഗൂഢാലോചന എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഏറെ മൂല്യമുള്ള തകിടുകൾ ചെന്നൈ, ബെംഗളൂരു, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കിയെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. English Summary:
Sabarimala Gold Plate Scam: Sabarimala gold plate controversy involves alleged fraud by Unnikrishnan Potti regarding the gold plating of the Sabarimala temple. The Travancore Devaswom Board vigilance report suggests misappropriation and calls for further investigation into the involvement of board members and officials. |