കൊച്ചി ∙ ‘ഓപ്പറേഷൻ നുമ്ഖോറു’മായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ നടൻ ദുല്‍ഖർ സൽമാന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതി. കസ്റ്റംസ് നിയമപ്രകാരം വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്നും ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി കസ്റ്റംസിനു നിർദേശം നൽകി. ആവശ്യം നിരസിക്കുകയാണെങ്കിൽ രേഖകളടക്കം അതിന്റെ കാരണങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. നിയമപ്രകാരം റജിസ്റ്റർ ചെയ്ത തന്റെ ലാൻഡ് റോവർ ഡിഫന്‍ഡർ കസ്റ്റംസ് പിടിച്ചെടുത്തെന്നും ഇത് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്.
- Also Read കാത്തിരിക്കുന്നത് ഒറ്റയ്ക്കാവുന്ന വിധി! ഭൂട്ടാനിൽ എങ്ങനെ ഇത്രയും ആഡംബര കാറുകൾ? കിട്ടി ആയുസ്സിന്റെ ജപ്പാൻ താക്കോൽ
ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതും. രാജ്യത്തേക്ക് കടത്തിയ 150ലേറെ വാഹനങ്ങൾ കേരളത്തിലുണ്ട്. ദുൽഖറിന്റെ മറ്റു രണ്ടു കാറുകൾ കൂടി പിടിച്ചെടുത്തിട്ടുണ്ട്. അവ പിടിച്ചെടുത്തതിനെ നടൻ എതിർത്തിട്ടില്ല. വാഹനം വിട്ടുകിട്ടുന്നതിനു വേണ്ടി അപ്പലറ്റ് ട്രിബ്യൂണലിനെയോ അതുകഴിഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനേയോ സമീപിക്കാവുന്നതാണെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് വാഹനം പിടിച്ചെടുത്തതെന്ന് ദുല്‍ഖറിന്റെ അഭിഭാഷകൻ വാദിച്ചു. 2004ൽ റെഡ് ക്രോസിനു വേണ്ടി യുകെയിൽനിന്ന് ഡൽഹിയിൽ ഇറക്കുമതി ചെയ്ത വിവിധ മന്ത്രാലയങ്ങളുടെ അനുമതിയുള്ള വാഹനമാണിത്. അവിടെനിന്ന് 2012ൽ തമിഴ്നാട് സ്വദേശി വാങ്ങി. പിന്നീടും കൈമറിഞ്ഞാണ് താൻ വാങ്ങിയതെന്നും അതിന് എല്ലാ രേഖകളുമുണ്ടെന്നും ദുൽഖർ വാദിച്ചു.
- Also Read വാഹനക്കടത്തിൽ അമ്പരന്ന് ഭൂട്ടാൻ; കടത്തുരീതി പഠിക്കും, അന്വേഷണവുമായി സഹകരിക്കും
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടതു സംബന്ധിച്ച് കോടതി കസ്റ്റംസിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. ആദ്യ റജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തുന്ന കാര്യത്തെക്കുറിച്ചും കോടതി ചോദിച്ചു. എന്നാൽ തങ്ങൾക്ക് അതിന് അധികാരമുണ്ടെന്ന് വകുപ്പുകൾ നിരത്തി കസ്റ്റംസ് വിശദീകരിച്ചു. സ്വർണം പിടിച്ചെടുക്കുന്ന കാര്യവും ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാൽ സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങളെന്നു കോടതി ചൂണ്ടിക്കാട്ടി. 20 കൊല്ലമായി ഇവിടെ ഓടിക്കൊണ്ടിരുന്ന, ഒരാൾ പണം കൊടുത്ത് വാങ്ങിയ വാഹനമാണ് പിടിച്ചെടുക്കുന്നത് എന്ന് കോടതി പറഞ്ഞു. ഒട്ടേറെ അധികൃതരിലൂടെ കടന്നു പോന്നതായിരിക്കുമല്ലോ വാഹനത്തിന്റെ രേഖകൾ എന്നും കോടതി പരാമർശിച്ചു. തുടർന്നാണ് വാഹനം വിട്ടുകിട്ടുന്നതിനു കസ്റ്റംസിനെ സമീപിക്കാൻ കോടതി നിർദേശിച്ചത്.
- Also Read ഇന്ത്യയിലേക്ക് കടത്തിയ ആയിരത്തോളം വാഹനങ്ങൾ എവിടെ നിന്ന് എത്തിച്ചു; ഭൂട്ടാൻ വഴി കടത്തിയത് എത്ര? കസ്റ്റംസിന് മുന്നിലുള്ളത് വലിയ പ്രതിബന്ധങ്ങൾ
കസ്റ്റംസ് നിയമത്തിലെ 110(എ) അനുസരിച്ച് പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്ക് വാഹനം താൽക്കാലികമായി വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാം. വാഹനത്തിന്റെ തുടക്കം മുതലുള്ള രേഖകൾ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. ബോണ്ടും സെക്യൂരിറ്റിയും കെട്ടിവയ്ക്കണം. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാൻ കസ്റ്റംസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ദുല്‍ഖറിനു വാഹനം വിട്ടുകിട്ടുമോ എന്നറിയുക. ഭൂട്ടാനിൽനിന്ന് വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തുന്നുവെന്നും ഇത്തരത്തിൽ കടത്തിയ 150ലേറെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നും കാട്ടി കസ്റ്റംസ് നടത്തിയ റെയ്ഡിൽ ഇതുവരെ 40 വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Dulquer Salman എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Operation Numkhuru: Actor Dulquer Salmaan\“s plea to release his seized Land Rover Defender. The High Court has directed him to approach the Customs department for the release of his vehicle. |