സംസ്ഥാനത്തെ ആറു കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായതും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതും പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കക്കണ്ടം ദിയ ചെയർപഴ്സനായതും ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസ് ദിനങ്ങളില്‍ ബെവ്കോ വഴി വിറ്റത് 332.62 കോടി രൂപയുടെ മദ്യം വിറ്റതും പെരുമ്പാവൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തമുണ്ടായതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
സംസ്ഥാനത്തെ ആറു കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വി.വി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. കരുമം വാർഡിലെ കൗൺസിലറായ ആശാനാഥാണ് ഡപ്യൂട്ടി മേയർ. യുഡിഎഫ് ആദ്യമായി ഭരണം പിടിച്ച കൊല്ലം കോർപറേഷനിൽ എ.കെ.ഹഫീസ് മേയറായി. തൃശൂരിൽ നിജി ജസ്റ്റിൻ (യുഡിഎഫ്), കൊച്ചിയിൽ വി.കെ.മിനിമോൾ (യുഡിഎഫ്), കണ്ണൂരിൽ പി.ഇന്ദിര (യുഡിഎഫ്), കോഴിക്കോട്ട് ഒ.സദാശിവൻ (എൽഡിഎഫ്) എന്നിവർ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ.പി.താഹിർ തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസ് ദിനങ്ങളില്‍ ബെവ്കോ വഴി വിറ്റത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 279.54 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 19 ശതമാനത്തിന്റെ വർധനവാണ് വിൽപ്പനയിലുണ്ടായത്.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
പെരുമ്പാവൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന പ്ലൈവുഡ് ഉൽപന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷ. 26 അംഗ കൗൺസിലിൽ 12ന് എതിരെ 14 വോട്ടുനേടിയാണ് ദിയ ചെയർപഴ്സനായത്. യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. 21 കാരിയായ ദിയ രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരിൽ ഒരാളാണ്. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പങ്കെടുത്തത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. |