തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർ വീട്ടിലെത്തി എന്യൂമറേഷൻ ഫോം നൽകിയിട്ടില്ലെങ്കിൽ ഓൺലൈനായി പൂരിപ്പിക്കാൻ അവസരം. മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഓൺലൈനായി ഫോം നൽകാൻ കഴിയൂ. പ്രവാസി വോട്ടർമാരായി റജിസ്റ്റർ ചെയ്തവർക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. voters.eci.gov.in വെബ്സൈറ്റിൽ Fill Enumeration Form തുറന്നാണു ലോഗിൻ ചെയ്യേണ്ടത്. ലോഗിൻ ചെയ്യുമ്പോൾ ഇത്തരമൊരു വിവരം ഇല്ലെന്നു കാണിച്ചാൽ മുകളിൽ വലതുവശത്തുള്ള Sign-up വഴി അക്കൗണ്ട് സൃഷ്ടിച്ച ശേഷം ലോഗിൻ ചെയ്യുക.
- Also Read പൊതു-സ്വകാര്യ ഇടങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ, ബാനറുകൾ സ്ഥാപിക്കരുത്: പെരുമാറ്റച്ചട്ടം ഇങ്ങനെ
∙ മൊബൈൽ നമ്പർ നൽകുമ്പോൾ The mobile number is not linked with EPIC Number : ***. Linked Mobile number is: XXXXXXXXXX എന്ന മെസേജ് ചിലപ്പോൾ ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ ഇതിൽ പറയുന്ന ലിങ്ക്ഡ് മൊബൈൽ നമ്പറിലാണ് ഒടിപി സ്വീകരിക്കേണ്ടത്.
∙ ഓൺലൈനായാണ് ഫോം നൽകുന്നതെങ്കിൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ട ആവശ്യമില്ല. വിവരങ്ങൾ ടൈപ് ചെയ്തു കൊടുക്കാം. 2002 ലെ എസ്ഐആർ വിവരങ്ങൾ ഫോമിനുള്ളിൽ തന്നെ സേർച് ചെയ്തു കണ്ടുപിടിക്കാം. ഫോട്ടോ മാറ്റേണ്ടവർക്ക് അത് അപ്‍ലോഡ് ചെയ്യാനുമാകും.
∙ 2002 ലെ പട്ടികയിലുള്ളവർ, 2002 ലെ പട്ടികയിൽ ബന്ധുക്കളുള്ളവർ, ഇതു രണ്ടിലും പെടാത്തവർ എന്നിങ്ങനെ 3 ഓപ്ഷനുകളിലൊന്ന് എടുക്കണം
∙ 2002 ലെ പട്ടികയിലുണ്ടെങ്കിൽ സംസ്ഥാനം, അന്നത്തെ നിയമസഭാ മണ്ഡലം, പോളിങ് ബൂത്ത്, ക്രമനമ്പർ എന്നിവ നൽകാം. നിങ്ങൾക്കു പകരം, ബന്ധുവാണ് അന്നത്തെ പട്ടികയിലുള്ളതെങ്കിൽ ആ വ്യക്തിയുമായുള്ള ബന്ധം കൂടി വ്യക്തമാക്കണം. രണ്ടിലും പെടാത്തവർ അടിസ്ഥാന വിവരങ്ങൾ മാത്രം നൽകിയാൽ മതി. ഇവർ മാത്രം, കരടുപട്ടിക പ്രസിദ്ധീകരിച്ച ശേഷം യോഗ്യത തെളിയിക്കുന്ന രേഖകൾ നോട്ടിസ് ലഭിക്കുന്ന മുറയ്ക്കു നൽകണം.
∙ 2025 ലെ പട്ടികയിൽ ഉള്ളതും എന്നാൽ 2002 ലെ പട്ടികയിൽ ഇല്ലാത്തവരുമാണെങ്കിൽ മുകളിലത്തെ പൊതുവായ ആദ്യഭാഗം പൂരിപ്പിക്കുക. തുടർന്ന് താഴെ ഇടതുഭാഗത്തെ കോളം പൂരിപ്പിക്കേണ്ട. മൂന്നാമത്തെ കോളം, അതായത് താഴെ വലതു ഭാഗത്തെ കോളം പൂരിപ്പിക്കണം. അവിടെ 2002 ലെ വോട്ടർ പട്ടികയിൽ പേരുള്ളവരായ നിങ്ങളുടെ രക്തബന്ധത്തിലുള്ള (മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ എന്നിങ്ങനെയുള്ള) ഒരാളുടെ വിവരമാണു നൽകേണ്ടത്.
ഇതിൽ ആദ്യത്തെ ചോദ്യം വോട്ടറുടെ പേര് എന്നുള്ള സ്ഥലത്ത് 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെടെ ബന്ധുവിന്റെ പേരാണു നൽകേണ്ടത്. അന്നത്തെ പട്ടികയിലുള്ള അതേ പേരാണ് നൽകേണ്ടത്. തുടർന്ന് അദ്ദേഹത്തിന്റെ എപിക് നമ്പർ (വോട്ടർ കാർഡ് തിരിച്ചറിയൽ നമ്പർ) അന്നത്തെ പട്ടിക പരിശോധിച്ച് എഴുതുക. പുതിയത് എഴുതരുത്. അതിന്റെ താഴെയുള്ള മൂന്നാമത്തെ വരിയിലെ ചോദ്യം ബന്ധുവിന്റെ പേരാണ്. അതായത് 2002 ലെ വോട്ടർ പട്ടികയിൽ ആ വ്യക്തി ബന്ധുവായി നൽകിയ ആളുടെ പേര്; അത് 2002 ലെ പട്ടിക നോക്കി എഴുതണം. പിതാവ് മരിച്ചു പോയാലും അത് മാറ്റി എഴുതേണ്ടതില്ല. അന്നത്തെ വിവരം എന്താണെന്നത് എഴുതിയാൽ മതി. പിന്നാലെ 2002 ലെ നിയമസഭാ മണ്ഡലം, ബൂത്ത് വോട്ടർ പട്ടികയിലെ ക്രമനമ്പർ എന്നിവ അന്നത്തെ പട്ടിക പരിശോധിച്ച് എഴുതണം.
- Also Read എന്തെല്ലാം പൂരിപ്പിക്കണം, ഉദ്യോഗസ്ഥർ വീട്ടിലേക്ക് വരുന്നത് എന്തിന്? | Explainer | Manorama Online News
പ്രവാസികൾക്ക് ഹെൽപ്‌ലൈൻ
പ്രവാസി വോട്ടർമാർക്ക് എസ്ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 0471 2551965 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് സംശയങ്ങൾ തീർക്കാം. രാവിലെ 9 മുതൽ 7 വരെ സേവനം ലഭിക്കും. overseaselectorsis26@gmail.com എന്ന ഇമെയിൽ ഐഡി വഴിയും ബന്ധപ്പെടാം.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
|
|