വാഷിങ്‌ടൻ ∙ യുഎസ് സൈനിക താവളത്തിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ പാക്കറ്റ് തുറന്നതിനെ തുടർന്ന് നിരവധി പേർക്ക് ശാരീരികാസ്വാസ്ഥ്യം. മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിലാണ് സംഭവം. അജ്ഞാതമായ വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ഒരു വ്യക്‌തി തുറന്നതിനെ തുടർന്നാണ് നിരവധി പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ മാൽക്കം ഗ്രോ മെഡിക്കൽ സെന്ററിൽ പരിശോധനയ‌്ക്കു വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പരിശോധനയ്‌ക്കു ശേഷം വിട്ടയച്ചെന്നും യുഎസ് സൈന്യം അറിയിച്ചു.
- Also Read സിറിയൻ പ്രസിഡന്റിനെതിരെ ചുമത്തിയ ഉപരോധം പിൻവലിച്ച് ട്രംപ്; നടപടി ട്രംപ് – അഹ്മദ് അശ്ശറാ കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായി
സൈനിക താവളത്തിലെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്രത്യേക അന്വഷണ സംഘം സൈനിക താവളത്തിൽ പരിശോധന നടത്തി. പാക്കറ്റിൽ നിന്ന് അപകടകരമായതൊന്നും കണ്ടെത്താനായില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സൈനിക താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമുൾപ്പെടെ രാജ്യത്തും ലോകമെമ്പാടും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന സൈനിക താവളമാണിത്. English Summary:
US Military Base Scare: Suspicious Package Causes Physical Discomfort at Joint Base Andrews |