മുംബൈ∙മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മകൻ പാർഥ് പവാറിനെതിരായ 300 കോടി രൂപയുടെ ഭൂമി കുംഭകോണം മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദമാകുന്നു. സർക്കാർഭൂമി സ്വകാര്യ വ്യക്തിക്ക് വിൽക്കാനാവില്ലെന്ന ചട്ടം ലംഘിച്ച് പുണെയിൽ 40 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 300 കോടി രൂപയ്ക്ക് പാർഥിനു പങ്കാളിത്തമുള്ള കമ്പനിക്ക് വിറ്റതാണു വിവാദമായത്. ഇതോടെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ വെട്ടിലായി.
1,800 കോടി രൂപ വിലമതിക്കുന്ന ഭൂമി 300 കോടി രൂപക്ക് കൈമാറിയതായാണ് റിപ്പോർട്ട്. 21 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടി അടച്ചില്ലെന്നും 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് ഇടപാട് നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ കുംഭകോണം പുറത്തുവന്നതോടെ റജിസ്ട്രേഷൻ നടത്തിയ പുണെ സബ് റജിസ്ട്രാറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഭൂമി ഇടപാടിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടപാടുമായി ബന്ധമില്ലെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാർ പറയുന്നത്. അതേസമയം സംഭവത്തിൽ പാർഥ് പവാർ പ്രതികരിക്കാൻ തയാറായിട്ടില്ല.
- Also Read ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
English Summary:
300-Crore Land Fraud: Ajit Pawar is facing scrutiny over a land scam involving his son, Parth Pawar. The controversy surrounds the alleged sale of government land to a company linked to Parth, raising questions about corruption and political influence in Maharashtra. |