കൊച്ചി ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുന്നുവെന്ന് തൃശൂർ ജില്ലാ കലക്ടർ ഹൈക്കോടതിയിൽ. പലയിടത്തും ആഴത്തിൽ കുഴി എടുത്തിട്ടുണ്ടെങ്കിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇത് യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്നും കലക്ടർ ഇന്ന് കോടതിയിൽ വ്യക്തമാക്കി. ദേശീയപാതയിലെ ടോൾ പിരിക്കുന്നതു സംബന്ധിച്ച ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. പാലിയേക്കര ടോൾ പിരിവ് തുടരാമെന്ന് കഴിഞ്ഞ മാസം 17ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും തുടരുകയാണെന്ന് കലക്ടർ അറിയിച്ചത്. ടോള്‍ പിരിക്കാന്‍ അനുമതി നൽകിയ ഉത്തരവ് തുടരുമെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവർ വ്യക്തമാക്കി. അതിനിടെ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദേശീയപാതയിലെ ടോൾ പിരിവ് ഇടപ്പള്ളി മുതൽ അങ്കമാലി വരെയാക്കി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തി.
- Also Read മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് അപ്രഖ്യാപിത ‘നോ എൻട്രി’: മന്ത്രി ഗണേഷിനെ വരെ തടഞ്ഞു; ഒറ്റപ്പെട്ടതല്ല മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് ടോൾ പിരിവ് നിർത്തി വച്ചതിനു ശേഷം ഒക്ടോബർ 17നാണ് പിരിവ് പുനരാരംഭിക്കാൻ കോടതി അനുവാദം നൽകിയത്. കലക്ടർ അധ്യക്ഷനായ ഗതാഗത മാനേജ്മെന്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ മൂലം റോഡ് ഗതാഗതം സുഗമമല്ല എന്നാണ് കലക്ടർ അറിയിച്ചത്. സർവീസ് റോഡുകളുടെ എൻട്രി - എക്സിറ്റ് പോയിന്റുകളിൽ റോഡ് തകർന്നിട്ടുണ്ട്. മഴ പെയ്ത സമയത്ത് വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതക്കുരുക്ക് തുടരുന്നു എന്നും കലക്ടർ അറിയിച്ചു. തുടർന്ന് ഗതാഗത മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദേശങ്ങൾ സമയാസമയം പാലിക്കാനും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
- Also Read ‘കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം; മൂന്നാറിലേത് നെഗറ്റീവ് സംഭവം, അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു’
തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിൽ ടോൾ പിരിവ് അങ്കമാലി–ഇടപ്പള്ളി മേഖലയിൽ മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ദേശീയപാത നിർമാണം സംബന്ധിച്ച് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലെ ഹർജിക്കാരിലൊരാൾ കൂടിയാണ് ഷാജി. ടോൾ പിരിവ് പുനരാരംഭിച്ചെങ്കിലും ഗതാഗതക്കുരുക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. മുരിങ്ങൂരിലും ആമ്പല്ലൂരിലും മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക്. അടിപ്പാത നിർമാണത്തിനായി കൊരട്ടി ജങ്ഷൻ കൂടി അടയ്ക്കുന്നതോടെ ഈ തിരക്ക് രൂക്ഷമാകും. ശബരിമല മണ്ഡലകാലം കൂടി ആരംഭിക്കുന്നതോടെ ട്രാഫിക് വൻ തോതിൽ വർധിക്കും. ഈ സാഹചര്യത്തിൽ ഇടപ്പള്ളി മുതൽ മണ്ണുത്തി വരെ ടോൾ പിരിക്കുന്നത് അനധികൃതവും ഏകപക്ഷീയവുമാണ്. ഈ സാഹചര്യത്തിൽ ടോൾ പിരിവ് ഇടപ്പള്ളി മുതൽ അങ്കമാലി വരെയാക്കി ചുരുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
- അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
English Summary:
Collector Reports Safety Concerns About Edappally - Mannuthi Highway: The Thrissur Collector has reported safety hazards and inadequate barricading in Edappally Mannuthi National Highway 544 to the High Court. The order granting permission to collect toll will continue. |