ഇസ്‌ലാമാബാദ് ∙ അതിർത്തിയിൽ വെടിനിർത്താൻ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയായി. ദോഹയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഖത്തറും തുർക്കിയുമാണ് മധ്യസ്ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. താലിബാന്‍ സർക്കാർ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശമുണ്ടായി.
- Also Read ‘അസിം മുനീറിന്റെ വാചകക്കസർത്ത്’; പ്രതീക്ഷകൾക്ക് അപ്പുറമുള്ള തിരിച്ചടി നൽകും, ഉത്തരവാദിത്തം ഇന്ത്യയ്ക്ക്
പാക്കിസ്ഥാൻ സേന അഫ്ഗാനിസ്ഥാന്റെ അതിർത്തിമേഖലകളിൽ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ മൂർച്ഛിച്ചു. താൽക്കാലിക വെടിനിർത്തൽ 2 ദിവസത്തേക്കു കൂടി നീട്ടിയതിനു പിന്നാലെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നോർത്ത് വസീറിസ്ഥാനിൽ സൈനിക ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തിനു തിരിച്ചടിയായാണു വ്യോമാക്രമണം.
- Also Read പാക്ക്-അഫ്ഗാൻ സംഘർഷം രൂക്ഷം: അതിർത്തി അടച്ചു; വ്യാപാരവും മുടങ്ങി, പ്രകോപിപ്പിച്ചത് മുത്തക്കിയുടെ ഇന്ത്യാ സന്ദർശനം?
ആക്രമണത്തിൽ 4 ചാവേറുകളെ പാക്ക് സേന വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒറാക്സായി ജില്ലയിലെ സേനാ ക്യാംപിനു നേരെ നിരോധിത സംഘടനയായ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) ഹാഫിസ് ഗുൽ ബഹാദുർ വിഭാഗം നടത്തിയ ഭീകരാക്രമണത്തിൽ ലഫ്. കേണലും മേജറുമടക്കം 11 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു. പാക്ക് ആക്രമണത്തിൽ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽനിന്നുള്ള കബീർ, സിബ്ഗത്തുല്ല, ഹാറൂൺ എന്നീ പ്രാദേശിക കളിക്കാരാണു കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. English Summary:
Pakistan Afghanistan Ceasefire has been agreed upon following talks in Doha: Qatar and Turkey mediated the agreement to halt border clashes after increased tensions and violence leading to casualties on both sides. Further discussions between the two nations are expected. |
|