ജറുസലം ∙ ഗാസ സിറ്റിയിൽ കെട്ടിടാവശിഷ്ടങ്ങളിലെ തിരച്ചിലിൽ കൂടുതൽപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 68,116 ആയെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.  
  
 -  Also Read  ട്രംപിനെതിരെ യുഎസിൽ റാലികൾ; പ്രക്ഷോഭം ദേശവിരുദ്ധമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ   
 
    
 
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 15 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ ഗാസയ്ക്കു കൈമാറി. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 135 ആയി. അതേസമയം, ഗാസയിൽ ശേഷിക്കുന്ന 18 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിലിന് യന്ത്രോപകരണങ്ങൾ വേണമെന്ന ആവശ്യം ഹമാസ് ആവർത്തിച്ചു. 10 മൃതദേഹങ്ങളാണ് ഇതുവരെ കൈമാറിയത്.   
 
മൃതദേഹങ്ങൾ ഹമാസ് കൈമാറുന്നില്ലെങ്കിൽ റഫ ഇടനാഴി തുറക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. അതിനിടെ, യുദ്ധകാലത്ത് നാടുവിട്ട പലസ്തീൻകാർക്കു ഗാസയിലേക്കു മടങ്ങാൻ നാളെ റഫ ഇടനാഴി തുറക്കുമെന്ന് ഈജ്പിതിലെ പലസ്തീൻ എംബസി അറിയിച്ചു.  
 
വെടിനിർത്തലിനിടയിലും ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പുകളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 28 ആയി. ഗാസ സിറ്റിയിലെ സെയ്തൂണിൽ യെലോ ലൈൻ ലംഘിച്ചുവെന്ന പേരിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ ഗാസയിൽ സഹായവുമായി 339 ട്രക്കുകൾ എത്തിയതായി യുഎൻ അറിയിച്ചു. കരാറനുസരിച്ചു പ്രതിദിനം 600 ട്രക്കുകളെങ്കിലും എത്താൻ ഇസ്രയേൽ അനുവദിക്കേണ്ടതാണ്. English Summary:  
Gaza: Gaza Death Toll Soars Past 68,000 Amid Escalating Conflict and Body Handover  |