cy520520 • 2025-10-28 09:29:18 • views 304
ആവേശത്തോടെ റിലീസിനു തയാറെടുത്ത സൂപ്പർതാരചിത്രം അപ്രതീക്ഷിതമായി പെട്ടിയിലായ അവസ്ഥയിലാണ് പുതുമണം മാറാത്ത തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി. 41 ജീവൻ പൊലിഞ്ഞ കരൂർ ദുരന്തമാണ് ഭരണ–പ്രതിപക്ഷങ്ങൾക്കും കേന്ദ്രത്തിനും പിടികൊടുക്കാതെ പാഞ്ഞോടിയ ടിവികെ എന്ന പടക്കുതിരയെ കടിഞ്ഞാണിൽ കുടുക്കിയത്. ആർപ്പുവിളിച്ചും ആവേശക്കൊടിയുയർത്തിയും ടിവികെയുടെ പരമാധ്യക്ഷനും നടനുമായ വിജയ്‌ക്കൊപ്പം നിന്നവർ ഒറ്റരാത്രി ഇരുട്ടി വെളുക്കും മുൻപേ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. സിനിമാക്കഥപോലെയുള്ള തമിഴക രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവായി മാറുകയാണോ കരൂർ ദുരന്തവും തുടർസംഭവങ്ങളുമെന്നു സംശയിച്ചാൽ തെറ്റില്ല.
- Also Read കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ടിവികെ
അന്നു രാത്രി കരൂരിൽ...
സെപ്റ്റംബർ 26 വരെ ശാന്തമായിരുന്ന കരൂരിലെ വേലുച്ചാമിപുരമാണു പിറ്റേന്ന് ദുരന്തഭൂമിയായത്. ഉച്ചയ്ക്കു മൂന്നരയോടെ കഴിഞ്ഞ നാമക്കലിലെ പ്രചാരണപരിപാടിക്കുശേഷം കേവലം 50 കിലോമീറ്റർ യാത്രചെയ്ത് എത്തേണ്ട കരൂരിലെ യോഗം രാത്രി 7.30 വരെ വൈകാൻ കാരണമെന്തെന്നും അതുവരെ വിജയ് എവിടെയായിരുന്നെന്നും ടിവികെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും, താരത്തെ കാണാൻ കാത്തുനിന്നവർ കബളിപ്പിക്കപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയാണു സമ്മേളനത്തിനു പൊലീസ് അനുമതി നൽകിയതെങ്കിലും ഉച്ചയ്ക്ക് 12നുതന്നെ വിജയ് എത്തുമെന്നു ടിവികെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതും വിനയായി. രാവിലെ മുതൽ വെള്ളംപോലും കുടിക്കാതെ കാത്തുനിന്ന കുട്ടികൾ അടക്കമുള്ളവരാണു ചവിട്ടേറ്റും ശ്വാസംമുട്ടിയും കരൂരിൽ മരിച്ചുവീണത്. സിനിമകളിൽ ദുരന്തസാഹചര്യമുണ്ടാകുമ്പോൾ വില്ലൻമാരെ അടിച്ചുവീഴ്ത്തി മാസ് ആയി അവതരിക്കുന്ന നായകനെപ്പോലെ വിജയ് കളത്തിലെത്തുമെന്നു കരുതി ജനം. പക്ഷേ, അവരെ തിരിഞ്ഞുപോലും നോക്കാതെ താരം വിമാനത്തിൽ പറന്ന് ചെന്നൈയിലെ വീട്ടിലെത്തി. ഇതോടെ വിജയ്‌യെന്ന രാഷ്ട്രീയ നേതാവിനെതിരെയായി ജനവികാരം.
- Also Read കരൂർ ദുരന്തം: അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി, അന്വേഷണ മേൽനോട്ടം മൂന്നംഗ സമിതിക്ക്
തലയും ദളപതിയും
കണ്ടു മടുത്ത രാഷ്ട്രീയ മുഖങ്ങൾക്കിടയിലേക്ക് യുവത്വത്തിന്റെ ആവേശവും സിനിമാ സ്റ്റൈൽ ആഘോഷവുമായാണു വിജയ് എത്തിയത്. സിനിമയിൽ പാവങ്ങളെ രക്ഷിക്കുന്ന ‘ദളപതി’ തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസമാണു സമ്മേളനങ്ങളിൽ ജനക്കൂട്ടമായി ആർത്തിരച്ചെത്തിയത്. തമിഴ്നാടിന്റെ ദ്രാവിഡ പ്രത്യയശാസ്ത്രം തന്നെയാണു പിന്തുടരുന്നതെങ്കിലും, അസാധാരണ പിന്തുണ വിജയ് നേടിയത് തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളെ അമ്പരപ്പിച്ചു. അതേസമയം, വിജയ്ക്ക് രാഷ്ട്രീയത്തിലും സംഘാടനത്തിലുമുള്ള പരിചയക്കുറവും പക്വതക്കുറവും തിരിച്ചടിയായി. ഇതേ പക്വതക്കുറവാണ് ടിവികെ പ്രവർത്തകരും കാണിക്കുന്നത്. ടിവികെയുടെ തീരുമാനം വിജയ്‌യുടേതു മാത്രമാണ്. പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് സ്ഥാനാർഥിയായി ഒരു തവണ എംഎൽഎയായ എൻ.ആനന്ദാണു ജനറൽ സെക്രട്ടറി. രണ്ടാംനിര തീർത്തും ദുർബലം. കരൂർ ദുരന്തമുണ്ടായതിനു പിന്നാലെ, പ്രാദേശികനേതാക്കളടക്കം ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ജനറൽ സെക്രട്ടറി എൻ.ആനന്ദും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാറും ഒളിവിൽപോയി. ദുരന്തമുണ്ടായി മൂന്നാം ദിനം വിജയ് പുറത്തുവിട്ട വിശദീകരണ വിഡിയോ പോലും തിരിച്ചടിച്ചു.
- Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം
വിജയ്‌യുടെ യാത്രയാണെങ്കിലും പ്രചാരണമാണെങ്കിലും ജനങ്ങളെ അകറ്റി നിർത്തിയാണെന്ന ആക്ഷേപം ശക്തമാണ്. വിവിധ യാത്രകൾക്കായി ഉപയോഗിക്കുന്നതു സ്വകാര്യ വിമാനമാണ്. ചുറ്റും സദാ ബൗൺസർമാരും കേന്ദ്രത്തിന്റെ വൈ കാറ്റഗറി സുരക്ഷയും. പൊതുസമ്മേളനത്തിൽപോലും വിജയ്ക്ക് പ്രത്യേക റാംപുണ്ടാകും. ഇതിലേക്കു കയറുന്നവരെ താഴേക്കു തള്ളിയിടുന്ന സുരക്ഷാ ജീവനക്കാരെയും ജനം കണ്ടു.
ആക്രോശം കോടതിയോടും
സിബിഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജി പരിഗണിക്കവേ അതിരൂക്ഷ വിമർശനമാണു മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഇതോടെ ടിവികെ പ്രവർത്തകരുടെ പക്വതയില്ലായ്മ വീണ്ടും പുറത്തുവന്നു. വിമർശനം ഉന്നയിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.െസന്തിൽകുമാറിനെതിരെ അപകീർത്തിപരമായ പരാമർശങ്ങളുമായി ടിവികെ ‘ആരാധകർ’ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും വെറുതേ വിട്ടില്ല. പിന്നാലെ കുട്ടിനേതാക്കളിൽ പലരും അകത്തായി. പാർട്ടിയുടെ രാഷ്ട്രീയകാര്യ നേതാവായ ആദവ് അർജുനയും സമൂഹമാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയെന്ന കേസിൽ കോടതി കയറിയിറങ്ങുകയാണ്. എടപ്പാടി പളനിസാമി (PTI Photo/R Senthil Kumar)
സുപ്രീംകോടതി വഴി സിബിഐ
‘തിട്ടമിട്ട സതി’ (ആസൂത്രിതമായ അട്ടിമറി)യെന്നാണു കരൂർ സംഭവത്തെ വിജയ് വിശേഷിപ്പിച്ചത്. സർക്കാർ രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷനെയും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തെയും ആദ്യം മുതൽ ടിവികെ തള്ളിപ്പറഞ്ഞിരുന്നു. സിബിഐ അന്വേഷണമോ സിറ്റിങ് ജഡ്ജിയുടെ അന്വേഷണമോ വേണമെന്നാണ് ആവശ്യപ്പെട്ടത്. ബിജെപിയും എൻഡിഎ പാളയത്തിലുള്ള അണ്ണാഡിഎംകെയും ഇക്കാര്യത്തിൽ ടിവികെയെ നന്നായി പ്രോത്സാഹിപ്പിച്ചു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെപ്പോലും ഉൾപ്പെടുത്തി ഹർജി നൽകി. സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു കാത്തിരിക്കുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങളിൽ സിബിഐ അന്വേഷണവും നടപടികളും അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷ പാർട്ടികൾ. സിബിഐ അന്വേഷണമെന്ന വിധി ഡിഎംകെയ്ക്കു തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. അതേസമയം, ഈ വിധി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഡിഎംകെ എംപിയും കേസിൽ തമിഴ്നാടിന്റെ അഭിഭാഷകനുമായ പി.വിൽസൻ രംഗത്തെത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികളിൽ ഇരകളുടെ ബന്ധുക്കളുടെ പേരുകൾ വ്യാജമായി ഉൾപ്പെടുത്തിയെന്ന പരാതിയുമായി രണ്ടുപേർ രംഗത്തെത്തിയതു ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, സിബിഐ അന്വേഷണ റിപ്പോർട്ട് ഗുണം ചെയ്യുക എൻഡിഎക്കായിരിക്കും. റിപ്പോർട്ട് വിജയ്‌ക്കെതിരെയോ സർക്കാരിനെതിരെയോ ആയുധമാക്കാനുള്ള സാധ്യതയാണ് ബിജെപിക്കു മുന്നിൽ തുറക്കുന്നത്.
ഇപ്പുറം വന്നാൽ ഉപമുഖ്യമന്ത്രി
രാഷ്ട്രീയശത്രുവായി ഡിഎംകെയെയും പ്രത്യയശാസ്ത്ര ശത്രുവായി ബിജെപിയെയും പ്രഖ്യാപിച്ചാണു രാഷ്ട്രീയത്തിലേക്കു വിജയ് വന്നത്. എന്നാൽ, മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെയെ അത്രയേറെ കടന്നാക്രമിച്ചിട്ടില്ല. ഈ പഴുതു മുതലെടുക്കാനുള്ള തീവ്രശ്രമമാണ് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി നടത്തുന്നത്. മുൻപ് ടിവികെയുമായി സഖ്യം രൂപീകരിക്കാൻ എടപ്പാടി ശ്രമിച്ചിരുന്നു. ടിവികെയുടെ നിബന്ധനകൾ കേട്ടു ഞെട്ടിയ എടപ്പാടി, എൻഡിഎ സഖ്യത്തിൽ ചേക്കേറി. പക്ഷേ, ഇപ്പോൾ തലയ്ക്കടിയേറ്റ നിലയിലുള്ള ടിവികെയെ ആശ്വസിപ്പിച്ച്, ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് എടപ്പാടി.
- Also Read പാവങ്ങളെ പിഴിഞ്ഞ ‘വാലിബൻ’: ‘കാവലന്’ തിയറ്റര്‍ കൊടുക്കാതെ ഡിഎംകെ: വിജയ് മറക്കരുത് വടിവേലുവിന്റെ ഗതി; മാറാതെ എംജിആർ സിൻഡ്രോം
കരൂർ ദുരന്തത്തിനു പിന്നാലെ, വിളിച്ച രാഹുൽ ഗാന്ധിയോടു സംസാരിച്ച വിജയ്, അമിത് ഷായുടെ വിളിക്കു മറുപടി നൽകിയില്ലെന്ന വിവരം പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ, എൻഡിഎ പാളയത്തിലേക്കു വിജയ്‌യെ ക്ഷണിക്കാൻ സിനിമാതാരവും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ സഹായമാണ് നേതാക്കൾ തേടിയത്. പവൻ തുറന്നിട്ട വഴിയിലൂടെ എടപ്പാടി സംസാരിച്ചെങ്കിലും തീരുമാനം പൊങ്കലിനു ശേഷം അറിയിക്കാമെന്നാണു ടിവികെ നിലപാട്. അതേസമയം, അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയെന്ന വിജയ്‌യുടെ നിലപാട് എൻഡിഎയിലേക്കു പോയാൽ സഫലമായേക്കില്ല. ഏറി വന്നാൽ ഉപമുഖ്യമന്ത്രി പദം. അതാണ് ഓഫർ.
ഗൗനിക്കാതെ ഡിഎംകെ
കരൂർ ദുരന്തമുണ്ടായ രാത്രി വിജയ് ചെന്നൈയിലേക്കു മുങ്ങിയപ്പോൾ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അന്നു രാത്രിതന്നെ കരൂരിലെത്തി. പിഴവുകൾ സ്വയം ബോധ്യപ്പെട്ടിട്ടും ടിവികെ കുറ്റപ്പെടുത്തിയത് ഡിഎംകെയെയായിരുന്നു. എൻഡിഎ എംപിമാരുടെ സമിതിയും ഇതാവർത്തിച്ചു. 41 ജീവൻ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കരുതെന്നു മാത്രമായിരുന്നു ഡിഎംകെയുടെ മറുപടി.
ഇതിനിടെ, കരൂർ എംഎൽഎയും മുൻമന്ത്രിയുമായ സെന്തിൽ ബാലാജിയെയും പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ ഉയർന്നു. കരൂർ ദുരന്തത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ സ്റ്റാലിൻ തുനിഞ്ഞില്ലെന്നതു മാതൃകയാണ്. ഏറ്റവും ഒടുവിൽവന്ന സർവേ ഫലങ്ങളും ഡിഎംകെയ്ക്ക് അനുകൂലമാണ്. English Summary:
Tamilnadu kath : Karur Tragedy is a turning point in Tamil Nadu politics, following the Karur incident involving Vijay\“s TVK party. The incident has sparked public outrage and raised questions about the party\“s future ahead of the upcoming elections.The political fallout continues to unfold as investigations proceed. |
|