LHC0088 • 2025-10-28 09:26:18 • views 1058
കേരളം എന്ന പേരിനു പിന്നിൽ ചേരരാജാക്കന്മാർ മുതൽ അറബിസഞ്ചാരികൾ വരെയുള്ളവരുടെ സ്വാധീനം പറയപ്പെടുന്നുണ്ടെങ്കിലും അതു കേരവൃക്ഷവുമായി ബന്ധപ്പെടുത്തിപ്പറയാനാണ് മലയാളികൾക്കിഷ്ടം. പശുവിനെപ്പറ്റി പറയേണ്ടപ്പോൾപോലും വിഷയത്തെ തെങ്ങിൽ കൊണ്ടുപോയി കെട്ടിയിടുന്ന ശീലമുള്ളവരാണല്ലോ നമ്മൾ. തേങ്ങ ചിരകിയും പച്ചയ്ക്കും വറുത്തും അരച്ചും കൊത്തിനുറുക്കിയും ഒക്കെ കറിക്കും ഉപദംശങ്ങൾക്കും ഉപയോഗിക്കുന്നതിനു പുറമേ, ഉണക്കി കൊപ്രയാട്ടി വെളിച്ചെണ്ണയാക്കിയും മലയാളിയുടെ ഭക്ഷണശീലങ്ങളിലും കേശസംരക്ഷണത്തിലും ഉൾപ്പെട്ടത് ഏതു യുഗം മുതലാണെന്നു തീർച്ചയില്ല. തെങ്ങിന്റെ ഓലയും മടലും കൊതുമ്പും അരിപ്പയും മുതൽ ചകിരിയും ചിരട്ടയും വരെ സകലമാന അനുബന്ധോൽപന്നങ്ങളും നമ്മൾ വെട്ടിയും മടക്കിയും മെടഞ്ഞും കത്തിച്ചുമൊക്കെ പലവിധ നേരമ്പോക്കുകൾക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെ, തെങ്ങ് കേവലമൊരു വൃക്ഷമല്ല, ഒരു പ്രസ്ഥാനമാണെന്നു ബോധ്യപ്പെട്ട സർക്കാർ നാളികേരത്തിനായി വികസന കോർപറേഷൻ ഉണ്ടാക്കിയിട്ട് ഈ വരുന്ന ഡിസംബറിൽ 50 വർഷം തികയും.
- Also Read അമിത ആത്മവിശ്വാസം വിനയായി; കോന്‍ ബനേഗാ ക്രോര്‍പതിയിൽ ബച്ചനെ വെള്ളം കുടിപ്പിച്ച വിദ്യാർഥി
എന്നാൽ, സമ്പൂർണസാക്ഷരരും ബുദ്ധിശാലികളും സംസ്കാരസമ്പന്നരും എന്നൊക്കെ ഊറ്റം കൊള്ളുന്ന മലയാളികൾ തിരിച്ച് തെങ്ങിനോടും തേങ്ങയോടും എത്ര പ്രതിബദ്ധത പുലർത്തിയിട്ടുണ്ടെന്ന് ആലോചിക്കേണ്ട സന്ദർഭമാണിത്. എഴുപതുകളുടെ ആദ്യം ചോക്കലേറ്റ് കണ്ടു മയങ്ങി കൊക്കോ കൃഷിയുടെ പിന്നാലെപ്പോയ കക്ഷികളാണ് നമ്മൾ. കോഴി കൂവുന്നതിനൊപ്പം കൊക്കോ കൊക്കോ എന്നു പാടിയാണ് ഒരുകാലത്ത് കേരളത്തിലെ ആകാശവാണിനിലയങ്ങൾ കൃഷിപാഠവുമായി ഉണർന്നെണീറ്റിരുന്നത്. എന്നിട്ട് എന്തു തേങ്ങയാണ് ഉണ്ടായതെന്നു ചോദിച്ചുകൊണ്ടാണ് നമ്മൾ തെങ്ങിനെ ബഹുമാനിക്കുന്നത്. ടി.ജി.നിരഞ്ജൻ
പറഞ്ഞുവന്നത് തെങ്ങിനും തേങ്ങയ്ക്കും വേണ്ടി മലയാളികൾ തങ്ങളുടെ ധിഷണയെ വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ്. പരശുരാമൻ ത്രേതായുഗത്തിൽ ഉപയോഗിച്ചതിൽ കവിഞ്ഞുള്ള ഒരു സാങ്കേതികവിദ്യ മലയാളി തൊണ്ണൂറുകളുടെ തുടക്കം വരെ നാളികേരസംബന്ധിയായി വികസിപ്പിച്ചിട്ടില്ല. മഴുകൊണ്ട് കുത്തി ചവിട്ടിപ്പിടിച്ചോ, പ്രാചീനശിലായുഗം മുതൽ കൂർത്ത കല്ലിൽ കൊത്തിപ്പൊതിച്ചിരുന്ന പ്രാകൃതരീതി പിന്തുടരുന്ന കമ്പിപ്പാരയിൽ കോർത്തോ, ലോഹയുഗസൃഷ്ടിയായ കൊടുവാളുകൊണ്ട് വെട്ടിപ്പൊളിച്ചോ ഒക്കെയായിരുന്നു ചകിരിയിൽനിന്നു നാളികേരം വേർപെടുത്തുന്ന പ്രാഥമികകർത്തവ്യം മലയാളികൾ നിർവഹിച്ചുപോന്നത്. ആറാം ക്ലാസിൽ ലഘുയന്ത്രങ്ങളെക്കുറിച്ചു പഠിച്ച്, ഒന്നാം വർഗ ഉത്തോലകമായ കത്രികയും രണ്ടാം വർഗ ഉത്തോലകങ്ങളായ പാക്കുവെട്ടിയും നാരങ്ങഞെക്കിയും സോഡാ ഓപ്പണറും ഒക്കെ പരിചയിച്ച സാങ്കേതികവിദഗ്ധർക്കാർക്കും തേങ്ങ ഒരു പ്രശ്നമായി തോന്നിയില്ല എന്നത് അദ്ഭുതകരമാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, മേൽ സൂചിപ്പിച്ച ഉത്തോലകങ്ങൾകൊണ്ട് നാലും കൂട്ടി മുറുക്കാനും നാരങ്ങ പിഴിയാനും സോഡാക്കുപ്പി തുറക്കാനും പുകയില വെട്ടി ബീഡി തെറുക്കാനും പറ്റുന്നിടത്തോളം മറ്റൊരു വേവലാതിയും മലയാളികളായ ഗ്രാമീണശാസ്ത്രജ്ഞർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. അതിനു പുറമേ ഐസുകട്ട പെറുക്കിയിടാനുള്ള ഒരു മൂന്നാം വർഗ ഉത്തോലകംകൂടി ലഭ്യമായതോടെ സംഗതി കുശാലായി. പുരുഷകേന്ദ്രീകൃതമായ ശാസ്ത്രലോകത്തിൽനിന്ന് അകന്ന് അടുക്കളച്ചായ്പിൽ പ്രാകൃതമായ രീതികളാൽ കേരളത്തിലെ സ്ത്രീകൾ തേങ്ങയെ കൈകാര്യം ചെയ്തുപോന്നു. ഒടുവിൽ ശിലായുഗപാരയെ ഒന്നാംവർഗ ഉത്തോലകമായി വികസിപ്പിച്ച് ഒരു ലഘുയന്ത്രം വിപണിയിൽ ലഭ്യമായത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.
നാളികേര വികസന കോർപറേഷൻ അൻപതാം വാർഷികമാഘോഷിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സാങ്കേതികവിദ്യയുടെ ഈ അവഗണനയിൽനിന്നു കേരവൃക്ഷത്തെ രക്ഷിക്കേണ്ടതുണ്ട്. ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണം കണ്ടുപിടിച്ചതുകൊണ്ടുമാത്രം തേങ്ങ താഴെ വീഴുന്ന ഒരുകാലത്ത്, നിർമിതബുദ്ധി- റോബട്ടിക്സ് ഗവേഷണങ്ങളെ തെങ്ങു കയറ്റിച്ച്, മൂപ്പുനോക്കി തേങ്ങയിടീക്കാനും വൃത്തിയായി പൊളിച്ച് അടുക്കളയിലോ മാർക്കറ്റിലോ എത്തിക്കാനും നിർബന്ധിക്കാൻ കെൽപുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ഇന്ന് ആവശ്യമുണ്ട്.
(എഴുത്തുകാരനായ ലേഖകൻ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറാണ് ) English Summary:
Coconut farming: Coconut farming in Kerala needs technological advancement. The current methods are outdated and inefficient, hindering the industry\“s growth. Integrating AI and robotics into coconut farming can revolutionize harvesting and processing, improving efficiency and productivity. |
|