തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്ര മുറികളുണ്ട്? തനിക്ക് ദുഷ്പേര് ഉണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മകന് ഇ.ഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴാണ്, അധികാര കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നവരാണ് തന്റെ മക്കളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
- Also Read ‘മകന് ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല; ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നു പോലും അവനറിയില്ല, അതിലെനിക്ക് അഭിമാനം’
ക്ലിഫ് ഹൗസ് എക്കാലത്തും ശ്രദ്ധേയമായ വസതിയാണ്. ഏഴു കിടപ്പു മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. കോംപൗണ്ടിൽ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്. കേരളീയ വാസ്‌തുശിൽപരീതിയും കൊളോണിയൽ ഇംഗ്ലിഷ് വാസ്‌തുശിൽപരീതിയും സംയോജിപ്പിച്ചതാണു മന്ദിരത്തിന്റെ രൂപകൽപന. ദേവസ്വം വകുപ്പിന്റെ ചാർജുണ്ടായിരുന്ന ദിവാൻ പേഷ്‌കാർക്കു താമസിക്കാൻ തിരുവിതാംകൂർ രാജഭരണകാലത്ത് 1939ൽ ആണു ക്ലിഫ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്.
- Also Read മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ; മലയാളി സമൂഹവുമായി സംവദിക്കും
1942ൽ പണി പൂർത്തിയാക്കി. ബ്രിട്ടിഷ് ഭരണകാലത്ത് എക്സൈസ് കമ്മിഷണറും ഈ വസതിയിൽ താമസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും ഈ കെട്ടിടത്തിൽ താമസിച്ചിട്ടുണ്ട്. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു ഗസ്‌റ്റ് ഹൗസായി ഉപയോഗിച്ചു.1957 മുതൽ കെട്ടിടം മുഖ്യമന്ത്രിമാരുടെ വസതിയായി. വിവിധ സർക്കാരുകളുടെ കാലത്ത്, പഴക്കമുള്ള ഈ കെട്ടിടം ഇടിച്ചു കളഞ്ഞ് പുതിയ കെട്ടിടം നിർമിക്കണമെന്ന നിർദേശം ഉയർന്നു. എന്നാൽ, ചരിത്രപ്രാധാന്യമുള്ള കെട്ടിടമായതിനാൽ ഒരു സർക്കാരും ഇതിനു മുതിർന്നില്ല. ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങളും തൊഴുത്തു നിര്‍മാണവും ഉള്‍പ്പെടെ നടത്തിയത്.
- Also Read ‘ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം’
റോസ് മുതൽ ഓർക്കിഡും റമ്പൂട്ടാനും വരെ ക്ലിഫ് ഹൗസ് വളപ്പിലുണ്ട്. നൂറിൽപ്പരം ചെടികൾ. ഇതെല്ലാം നോക്കാൻ ജീവനക്കാരുമുണ്ട്. മികച്ച കന്നുകാലി ഇനങ്ങളിലൊന്നായ സഹിവാൾ ഉൾപ്പെടെ 4 പശുക്കൾ. ജഴ്സി, വെച്ചൂർ, ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ടതുമുണ്ട്. കന്നുക്കുട്ടികൾ മൂന്നെണ്ണം. ദിവസവും 8 മുതൽ 12 ലീറ്റർ വരെ പാലും ലഭിക്കുന്നുണ്ട്. പാവൽ, പടവലം, കോവൽ, വെണ്ട, പയർ, തക്കാളി തുടങ്ങിയവയ്ക്കു പുറമേ ശീതകാല പച്ചക്കറികളും അലങ്കാരച്ചെടികളും കൃഷി ചെയ്യുന്നു. .
ഭരണനിർവഹണ സ്‌ഥാപനമായ സെക്രട്ടേറിയറ്റിൽനിന്നു നാലു കിലോമീറ്റർ മാത്രം അകലെയുള്ള നന്തൻകോട് കുന്നുകളിലാണ് ഈ മന്ദിരം. മുഖ്യമന്ത്രിമാർ ക്ലിഫ്‌ഹൗസിലേ താമസിക്കാവൂ എന്ന് ഒരു നിയമത്തിലുമില്ല. എന്നാൽ സംസ്‌ഥാന പിറവിക്കു ശേഷം ആദ്യം മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗം പേരും ഔദ്യോഗിക വസതിയാക്കിയതു ക്ലിഫ്‌ഹൗസാണ്. ഇതിനു ചില അപവാദങ്ങളുമുണ്ട്. 1977ൽ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ‘അജന്ത’ ബംഗ്ലാവായിരുന്നു ഔദ്യോഗിക വസതി.
കെ. കരുണാകരൻ രാജിവച്ചതിനെത്തുടർന്ന് 1995-96ൽ ആന്റണി വീണ്ടും മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയായ ‘അഞ്‌ജനവും’ അദ്ദേഹം രാജിവച്ചതിനെത്തുടർന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2005-06 കാലയളവിൽ സ്വന്തം വസതിയായ ‘പുതുപ്പള്ളി ഹൗസും’ ആണ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്ലിഫ്‌ഹൗസിലേക്കു മാറിയിരുന്നു. കെ.കരുണാകരനായി നീന്തൽക്കുളം നിർമിച്ചത് ഏറെ ചർച്ചയായിരുന്നു. കെ. കരുണാകരന്റെ കാലത്തു നിർമിച്ച കുളത്തിൽ തന്റെ പട്ടി ടോമിയെ കുളിപ്പിക്കും എന്നായിരുന്നു നായനാർ പറഞ്ഞത്. വെറുതേ തട്ടിവിടുക മാത്രമല്ല, മുഖ്യമന്ത്രിയായി ആദ്യം ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ ടോമിയെ നീന്തൽക്കുളം കാണിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്‌തത്. പട്ടിയെ അതിൽ കുളിപ്പിച്ചോ എന്നു മാത്രം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. English Summary:
Cliff House: Cliff House Kerala is the official residence of the Chief Minister of Kerala, steeped in history and spanning 15,000 square feet. |
|