കോഴിക്കോട്∙ പേരാമ്പ്രയിൽ പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ഷാഫി വീട്ടിലേക്ക് മടങ്ങിയത്.  
  
 -  Also Read  ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചത് മനഃപൂർവം: വി.ഡി.സതീശൻ   
 
    
 
തുടർചികിത്സയുടെ ഭാഗമായി അദ്ദേഹം ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തും. മുഖത്ത് അടിയേറ്റതിനെത്തുടർന്നു മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞാണ് മടക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ തിങ്കളാഴ്ച ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ചു.  
  
 -  Also Read  മർദനമേറ്റത് എംപിക്ക്, പൊലീസുകാർ ഡൽഹിയിൽ പോകേണ്ടി വരുമെന്ന് എം.കെ.രാഘവൻ: സമ്മർദത്തിൽ പൊലീസ്   
 
    
 
പേരാമ്പ്രയിൽ തനിക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പാർലമെന്റ് പ്രിവിലേജ്സ് കമ്മിറ്റി കോഴിക്കോട് റൂറൽ എസ്പിയുടെ പരാമർശം തെളിവാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. പേരാമ്പ്രയിലെ മർദനം പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച അയച്ച കത്തിനൊപ്പം റൂറൽ എസ്പി കഴിഞ്ഞ ദിവസം പൊലീസുകാർക്കെതിരെ നടത്തിയ പരാമർശം കൂടി തെളിവായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച സ്പീക്കർക്ക് വീണ്ടും കത്തയച്ചത്.  
 
ഒക്ടോബർ 10 ന് രാത്രി തന്റെ നിയോജകമണ്ഡലത്തിൽപ്പെട്ട പേരാമ്പ്രയിൽ യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് തന്നെ ക്രൂരമായി ആക്രമിച്ചു എന്നും ലാത്തിയടിയേറ്റു മുഖത്ത് പരുക്കുകൾ ഏറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായി എന്നും എംപി കത്തിൽ സ്പീക്കറെ അറിയിച്ചിരുന്നു.  
 
കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള ചർച്ചകൾക്കിടെയാണ് പൊലീസ് ലാത്തിച്ചാർജും ടിയർ ഗ്യാസ് പ്രയോഗവും നടത്തിയത്. ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്ന വടകര റൂറൽ എസ്പിയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും പൊലീസ് അതിക്രമം മറച്ചു പിടിക്കാനുള്ള ഗൂഢശ്രമവുമാണെന്നും ഞായറാഴ്ച അയച്ച കത്തിൽ എംപി സൂചിപ്പിച്ചിരുന്നു.  
 
ഞായറാഴ്ച വടകരയിൽ നടന്ന പരിപാടിയിൽ എംപിയെ പിന്നിൽ നിന്ന് പൊലീസ് ലാത്തികൊണ്ട് അടിച്ചുവെന്ന് സമ്മതിച്ച എസ്പി കുറ്റക്കാരെ കണ്ടെത്തുന്നതിനായി പരിശോധന നടക്കുന്നുണ്ട് എന്നും വ്യക്തമാക്കി. എംപിക്ക് നേരെ നടന്ന പൊലീസ് കയ്യേറ്റം എസ്പി തന്നെ സമ്മതിച്ച സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ അടിയന്തര നടപടികൾ എടുക്കണമെന്നാണ് തിങ്കളാഴ്ച അയച്ച കത്തിൽ എംപി സ്‌പീക്കറോട് ആവശ്യപ്പെട്ടു  English Summary:  
Perambra Lathi Charge: Shafi Parambil MP Discharged After Surgery. |