കൊട്ടാരക്കര ∙ ഗണപതി ക്ഷേത്രത്തിലെ ഭക്തർക്കു നൽകാനായി ക്ഷേത്ര പരിസരത്തെ വാടകമുറിയിൽ ചന്ദനവും കരിയും വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ സംഭവം നിയമ നടപടികളിലേക്ക്. ദേവസ്വം വിജിലൻസ് അധികൃതർ നടത്തിയ പരിശോധനയിൽ വാടകമുറിയിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ കരിപ്രസാദവും ചന്ദനവും ഭസ്മവും ചന്ദനത്തിരിയും എണ്ണയും നെയ്യും ഉൾപ്പെടെയുള്ള വഴിപാടു വസ്തുക്കളും പഴകിയ നെറ്റിപ്പട്ടവും തിടമ്പും രണ്ട് മൊബൈൽ ഫോണുകളും ഗ്യാസ് സിലിണ്ടറും കണ്ടെടുത്തു. ക്ഷേത്ര പരിസരത്ത് പ്രസാദം തയാറാക്കിയ മറ്റൊരു മുറിയിലും പരിശോധന നടന്നു.  
 
ക്ഷേത്രത്തിനു പുറത്ത് പ്രസാദം തയാറാക്കുന്നതിൽ ചട്ടലംഘനം ഉണ്ടോ എന്നു പരിശോധിക്കുമെന്നും ചട്ടലംഘനം കണ്ടെത്തിയാൽ കേസെടുക്കാൻ ലോക്കൽ പൊലീസിന് കൈമാറുമെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.ക്ഷേത്രത്തിന് പുറത്ത് വാടകമുറിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രസാദം തയാറാക്കുന്നത് കഴിഞ്ഞ ദിവസം ഹിന്ദു സംഘടന പ്രവർത്തകർ തടഞ്ഞിരുന്നു. ഇതേത്തുടർന്നാണു നടപടികൾ ആരംഭിച്ചത്.  
 
ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ രാകേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതി നൽകിയ ഹിന്ദു സംഘടന പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ദേവസ്വം അസി.കമ്മിഷണർ ആയില്യ.എം.ആർ.പിള്ള, അഡ്. ഓഫിസർ വത്സലകുമാരി എന്നിവരും സംബന്ധിച്ചു. 
  English Summary:  
Kottarakkara Ganapathi Temple prasadam preparation was found to be unsanitary, leading to legal action. Devaswom Vigilance seized materials prepared in an unclean environment, initiating a police investigation following protests from Hindu organizations. |   
                
                                                    
                                                                
        
 
    
                                     
 
 
 |